മാർട്ടിന നവരതിലോവയ്ക്ക് വീണ്ടും കാൻസർ; സര്‍വശക്തിയുമെടുത്ത് പോരാടുമെന്ന് ഇതിഹാസം

2010ലും നവരതിലോവയ്ക്ക് സ്തനാർബുദം സ്ഥിരീകരിക്കുകയും ചികിത്സയിലൂടെ ഭേദമാകുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-02 16:46:54.0

Published:

2 Jan 2023 4:46 PM GMT

മാർട്ടിന നവരതിലോവയ്ക്ക് വീണ്ടും കാൻസർ; സര്‍വശക്തിയുമെടുത്ത് പോരാടുമെന്ന് ഇതിഹാസം
X

വാഷിങ്ടണ്‍: ഇതിഹാസ ടെന്നീസ് താരം മാർട്ടിന നവരതിലോവയ്ക്ക് വീണ്ടും അർബുദം സ്ഥിരീകരിച്ചു. സ്തനാർബുദമാണ് ഇത്തവണയും കണ്ടെത്തിയിരിക്കുന്നത്. ഒപ്പം തൊണ്ടയിലും അർബുദം സ്ഥിരീകരിച്ചിട്ടുണ്ട്. നവരതിലോവ വിമൺസ് ടെന്നീസ് അസോസിയേഷന്(ഡബ്ല്യു.ടി.എ) നൽകിയ കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ ഇരട്ട പ്രഹരം ഗുരുതരമാണെങ്കിലും (ചികിത്സിച്ചു) മാറ്റാവുന്നതേയുള്ളൂ. അനുകൂലമായ ഫലം വരുമെന്ന് പ്രതീക്ഷിക്കുകയാണ്. കുറച്ചുകാലം അതിന്റെ നാറ്റമുണ്ടാകും. എന്നാലും, എന്റെ പരമാവധി ശക്തി ഉപയോഗിച്ച് ഞാൻ പോരാടും-പ്രസ്താവനയിൽ 66കാരി അറിയിച്ചു.

2010ലാണ് ഇതിനുമുൻപ് നവരതിലോവയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. അന്നും സ്തനാർബുദം തന്നെയായിരുന്നു. വർഷങ്ങളുടെ പോരാട്ടത്തിലൂടെയാണ് ഇതിഹാസം രോഗത്തിൽനിന്ന് മുക്തി നേടിയത്. ഇത്തവണ ഒന്നാംഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനായെന്ന ആശ്വാസമുണ്ട്. അടുത്തയാഴ്ച ചികിത്സ ആരംഭിക്കുമെന്ന് നവരതിലോവ അറിയിച്ചു.

കഴിഞ്ഞ നവംബറിൽ നടന്ന ഡബ്ല്യു.ടി.എ ഫൈനലിനിടെ കഴുത്തിൽ നീർക്കെട്ട് വന്നിരുന്നു. ഇതു പിന്നീട് ഭേദപ്പെടാതായതോടെ പരിശോധിച്ചപ്പോഴാണ് അർബുദലക്ഷണങ്ങൾ കണ്ടെത്തിയത്. പിന്നീട് രോഗനിർണയം നടത്തുകയായിരുന്നുവെന്ന് നവരതിലോവയുടെ പ്രതിനിധി മേരി ഗ്രീൻഹാം പറഞ്ഞു. തൊണ്ടയിൽ പരിശോധന നടക്കുമ്പോൾ തന്നെ സ്തനത്തിന്റെ ഭാഗത്തും സംശയാസ്പദമായ വസ്തു കണ്ടെത്തി. ഇതിന്റെ ടെസ്റ്റ് നടത്തിനോക്കിയപ്പോഴും അർബുദം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് അർബുദവും തമ്മിൽ ബന്ധമില്ലെന്നും ഗ്രീൻഹാം കൂട്ടിച്ചേർത്തു.

59 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തം പേരിലാക്കിയിട്ടുണ്ട് ചെക്ക്-അമേരിക്കൻ താരമായിരുന്ന മാർട്ടിന നവരതിലോവ. ഇതിൽ 18ഉം സിംഗിൾസ് കിരീടമാണ്. നിലവിൽ ടെലിവിഷനിലും റേഡിയോയിലും ടെന്നീസ് അവതാരകയായി പ്രവർത്തിക്കുകയാണ്. ഈ മാസം 16 മുതൽ നടക്കുന്ന ആസ്‌ട്രേലിയൻ ഓപണിനായി മെൽബണിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു.

Summary: Former world number one tennis player Martina Navratilova has been diagnosed with throat and breast cancer

TAGS :

Next Story