Quantcast

ഒരു വ്യാഴവട്ടക്കാലം നിങ്ങളൊരു ജനതയെ കോരിത്തരിപ്പിച്ചിരുന്നു അസ്ഹര്‍... കൈക്കുഴ കൊണ്ട് ഇന്ദ്രജാലം കാട്ടിയ മാന്ത്രികന്‍

നിങ്ങള്‍ വിവാദ നായകനെന്നും രാജ്യത്തെ ഒറ്റുകൊടുത്തവനെന്നും ശാപവാക്കുകള്‍ ചൊരിയുമ്പോള്‍ ബി.സി.സി.ഐ ആസ്ഥാനത്തെ ഷോക്കേസിലേക്ക് ഒരുതവണയെങ്കിലും തിരിഞ്ഞുനോക്കണം, അവിടെ തലയെടുപ്പോടെ നിരന്നിരിക്കുന്ന ടൂര്‍ണമെന്‍റ് ട്രോഫികളില്‍ ഭൂരിഭാഗവും മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന ക്യാപ്റ്റന്‍റെ വിയര്‍പ്പിന്‍റെ ഫലമാണ്.

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2022-07-31 12:22:04.0

Published:

31 July 2022 12:19 PM GMT

ഒരു വ്യാഴവട്ടക്കാലം നിങ്ങളൊരു ജനതയെ കോരിത്തരിപ്പിച്ചിരുന്നു അസ്ഹര്‍... കൈക്കുഴ കൊണ്ട് ഇന്ദ്രജാലം കാട്ടിയ മാന്ത്രികന്‍
X

ജഴ്സിയുടെ കോളറൊന്നുയര്‍ത്തി മുകളിലത്തെ ബട്ടനും അഴിച്ച് കറുത്ത ചരടില്‍ കെട്ടിയ ഉറുക്കും കഴുത്തിലണിഞ്ഞ് ഗ്രൌണ്ടിലേക്ക് അയാളുടെ ഒരു വരവുണ്ട്... ഇന്ത്യയില്‍ ക്രിക്കറ്റ് ജ്വരം പടര്‍ന്നു പിടിച്ച 90കളിലെ കളിഭ്രാന്തന്മാര്‍ക്ക് അന്നത്തെ കോഹ്‍ലിയും രോഹിത്തും യുവരാജുമെല്ലാം ആ മനുഷ്യനായിരുന്നു.


ഫീല്‍ഡിലെ അയാളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് അവർ തെരുവിലും, പാടത്തും അനുകരിച്ചു. ടി20യുടെ വര്‍ണപ്പകിട്ടും സച്ചിനെന്ന ക്രിക്കറ്റ് ദൈവവുമെല്ലാം അവതരിക്കുന്നതിനു മുൻപ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ പോസ്റ്റർ ബോയ് ആയിരുന്നയാള്‍... ഇന്ന് ധോണിയുടെ പേരിലറിയപ്പെടുന്ന ഹെലികോപ്ടര്‍ ഷോട്ടിനെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ക്രിക്കറ്റ് ലോകത്തിന് പരിചയപ്പെടുത്തിയ മിസ്റ്റര്‍ ലേസി എലെഗന്‍സ്, വിജയങ്ങളുടെയും, പ്രശസ്തിയുടെയും ഉത്തുംഗശൃംഗത്തില്‍ നിന്ന്, ചതിയുടേയും പരാജയത്തിന്‍റെയും ചതുപ്പ്നിലത്തേക്ക് വീണുപോയ നായകന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഒരേയൊരു അസ്ഹര്‍, അഥവാ മുഹമ്മദ് അസ്ഹറുദ്ദീന്‍.

ഫീല്‍ഡിലെ അസ്ഹര്‍

അസ്ഹറുദ്ദീന്‍ ക്യാച്ച് ഡ്രോപ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് 90കളിലെ കളിയാരാധകരോട് നിങ്ങള്‍ ചോദിക്കുക, ഇല്ലെന്ന് അവര്‍ ഉറപ്പിച്ച് പറയും... ഫീല്‍ഡില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സൂപ്പര്‍മാനായിരുന്നു അയാള്‍. റൺസിനായി കുതിക്കുന്ന ബാറ്ററുടെ സ്പീഡും സ്റ്റമ്പിന്‍റെ പൊസിഷനും അളന്നെടുത്തു ബെയില്‍സ് വീഴ്ത്തിയ എത്രയെത്ര റണ്ണൌട്ടുകള്‍. കൈയിലെത്തുന്ന പന്തിനെ തിരിഞ്ഞു പോലും നോക്കാതെ കീപ്പറിലേക്കും, സ്റ്റമ്പ്സിലേക്കും എറിഞ്ഞ് കാണികളെ ഉന്മാദത്തിന്‍റെ പരകോടിയിലെത്തിച്ച ഫീല്‍ഡര്‍.

പണ്ടൊരിക്കല്‍ കപിൽ ദേവ് അസ്ഹറുദ്ദീനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. അയാൾ ബാറ്റിങില്‍ ഫോം ഔട്ടായാലും ഞാൻ അയാളെ ടീമിൽ നിലനിര്‍ത്തും കാരണം ഫീല്‍ഡില്‍ അസ്ഹര്‍ മിനിമം 25 റൺസെങ്കിലും ടീമിനായി സേവ് ചെയ്തിരിക്കും, എനിക്കതുമതി... ആ പഴയ ക്യാപ്റ്റന്‍റെ വാക്കുകളിൽ ഉണ്ടായിരുന്നു അസ്ഹറുദ്ദീന്‍ എന്തായിരുന്നു എന്നത്.

വെളുത്ത ഹെൽമറ്റും വെച്ച്, റീബോക്കിന്‍റെ വില്ലോയുമേന്തി ഫ്ലിക്കും, കട്ടും, ലെഗ് ഗ്ലാൻസും തുടങ്ങി മാജിക് റിസ്റ്റി ഫ്ലിക്സിലൂടെ ക്രീസില്‍ തനിക്ക് അസാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ച ഇതിഹാസം.

കോഴനായകനെന്ന വിളിയും പേറി പ്രതിനായകന്‍റെ ഇമേജില്‍ ക്രിക്കറ്റിന്‍റെ ക്യാന്‍വാസില്‍ നിന്ന് തലകുനിച്ച് പടിയിറങ്ങേണ്ടി വന്നയാളുടെ കരിയര്‍ ഇന്നും ഇങ്ങനെ തലയെടുപ്പോടെ നില്‍ക്കുന്നു എങ്കില്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും, അയാളൊരു ജനതയെ ഒരു വ്യാഴവട്ടക്കാലം കോരിത്തരിപ്പിച്ചിരുന്നുവെന്ന്.... നിങ്ങള്‍ വിവാദ നായകനെന്നും രാജ്യത്തെ ഒറ്റുകൊടുത്തവനെന്നും ശാപവാക്കുകള്‍ ചൊരിയുമ്പോള്‍ ബി.സി.സി.ഐ ആസ്ഥാനത്തെ ഷോക്കേസിലേക്ക് ഒരുതവണയെങ്കിലും തിരിഞ്ഞുനോക്കണം, അവിടെ തലയെടുപ്പോടെ നിരന്നിരിക്കുന്ന ടൂര്‍ണമെന്‍റ് ട്രോഫികളില്‍ ഭൂരിഭാഗവും മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന ക്യാപ്റ്റന്‍റെ വിയര്‍പ്പിന്‍റെ ഫലമാണ്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റിങ് സൌന്ദര്യത്തിന്‍റെ ഉടമയായിരുന്നു അസ്ഹര്‍, കൈക്കുഴ കൊണ്ട് ഇന്ദ്രജാലം കാട്ടിയ ബാറ്റിങ് മജീഷ്യന്‍‍... ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറി ആദ്യ മൂന്ന് ടെസ്റ്റുകളിലും തുടര്‍ച്ചയായി സെഞ്ച്വറി നേടി ലോകക്രിക്കറ്റിനെ തന്നെ ഞെട്ടിച്ച ഹൈദരാബാദുകാരന്‍, അയാളോടാണ് നൂറ് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മത്സരം മാത്രം ബാക്കിയുള്ളപ്പോള്‍ കളിയവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞത്. ആരുടെയെല്ലാമോ ചരടുവലിയും ചതിയും കഴുകനെപ്പോലെ കൊത്തിപ്പറിച്ചപ്പോള്‍ അയാളുടെ കരിയറിന് പാതിവഴിക്ക് തിരശ്ശീല വീണു. മറിച്ചായിരുന്നുവെങ്കില്‍ സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനുമെല്ലാമൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പൂമുഖത്ത് കസേരയിട്ടിരിക്കേണ്ട ഇതിഹാസമായിരുന്നു അസ്ഹറുദ്ദീന്‍.

96 ലോകകപ്പ് സെമിയില്‍ ലങ്കയുടെ 252 റൺസ് ചേസ് ചെയ്യുമ്പോള്‍ നായകനായ അസ്ഹര്‍ സംപൂജ്യനായി പുറത്തായി, കൂകിവിളിച്ച കാണികളുടെ നടുവിലൂടെ തല കുനിച്ചു ഡ്രസിങ് റൂമിലേക്ക് നടന്ന ആ ഹൈദരാബാദുകാരന്‍ ഒൻപതു മാസങ്ങളുടെ ഇടവേള കഴിഞ്ഞ് വീണ്ടും ഈഡന്‍ ഗാര്‍ഡന്‍സില്‍‌ പാഡണിയുന്നുണ്ട്. ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ്. സൌത്താഫ്രിക്കക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 77 റണ്‍സെടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഗാംഗുലി മടങ്ങിയതിന് പിന്നാലെ അസ്ഹര്‍ ക്രീസിലെത്തി.

വെളുത്ത ഹെല്‍മറ്റുമണിഞ്ഞ് റീബോക്കിന്‍റെ ബാറ്റുമായി ഇറങ്ങുമ്പോഴൊക്കെയും ആരവത്തോടെ ഈഡന്‍ അയാളെ സ്വാഗതം ചെയ്തിരുന്നു. സൗരവ് ഗാംഗുലിയെന്ന രാജകുമാരന്‍റെ ഉദയത്തിന് മുമ്പ് അയാളായിരുന്നു കൊല്‍ക്കത്തയുടെ ദത്തുപുത്രന്‍. പക്ഷേ അന്ന് ക്രീസിലേക്ക് നടന്നടുക്കുമ്പോള്‍ ഒരു ഓളവും ഉയർത്താതെ ആ ഗ്യാലറി അസ്ഹറിനെ അവഗണിച്ചു.

96ലെ സെമിയിലെ തോൽവിയും ഇംഗ്ലണ്ടിലെ മോശം പ്രകടനവും ഒത്തുകളി ആരോപണവും കാണികളെ അയാളിൽ നിന്നും അകറ്റിയിരുന്നു... ആറ് റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ മക്മില്ലൻറെ ബൗൺസർ അസ്ഹറിനെ പരിക്കേല്‍പ്പിച്ചു, അയാള്‍ തിരിച്ച് ഗ്യാലറിയിലേക്ക് നടന്നു. കരിയറില്‍ ആദ്യമായി പരിക്കേറ്റു ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴും പരാജിതന്‍റെ ഭാവമായിരുന്നു അസ്ഹറിന്... മുമ്പ് തന്നെ ആരവങ്ങളോടെ മാത്രം വരവേറ്റിരുന്ന ഗ്യാലറി അന്ന് അത്രമാത്രം അസ്ഹറിനെ അവഗണിച്ചിരുന്നു. സൌത്താഫ്രിക്ക കളിയില്‍ പിടിമുറുക്കി... ഇന്ത്യന്‍ സ്കോര്‍ 161 എത്തുമ്പോഴേക്കും ഏഴാം വിക്കറ്റായി ശ്രീനാഥും മടങ്ങി. ഫോളോ ഓണിനും നാണക്കേടിനും ഇടയിൽ ഇന്ത്യക്ക് 29റൺസിന്‍റെ ദൂരം ഇനിയുമുണ്ട്. ഈഡനിലെ കാണികളുടെ മേല്‍ ആശങ്കയുടെ കാര്‍മേഘം ഉരുണ്ടുകൂടി... അപ്പോഴാണ് ഡ്രസിങ് റൂമിൽ അടുത്തതായി പാഡ് അണിയാനുള്ള പ്രസാദിനെയും, ഹിര്വാനിയെയും അവിടെയിരുത്തി പരിക്കേറ്റ കൈയ്യുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍ വീണ്ടും ക്രീസിലെത്തുന്നത്.

ഈഡന്‍ അസ്ഹറിന്‍റെ ഗാര്‍ഡന്‍

പിന്നീട് ഈഡന്‍ ഗാര്‍ഡന്‍സ് പൂരപ്പറമ്പാകുകയായിരുന്നു, വെടിക്കെട്ടിന് തീ കൊളുത്തുന്നതു പോലെ ഷോട്ടുകള്‍ പാഞ്ഞു, ഡൊണാൾഡിനെയും, മാക്മില്ലനെയും നിലംതൊടാതെ ബൌണ്ടറി പറത്തി. ബൗൺസറുകൾ കൊണ്ട് അസ്ഹറിന്‍റെ നെഞ്ചിടിപ്പിനെ അളക്കാന്‍ വന്ന ക്ലൂസ്‌നറുടെ എത്ര പന്തുകളാണ് അതിര്‍ത്തിവരകളെ ചുംബിച്ച് കടന്നുപോയത്...

ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ ടോപ് ഗിയറില്‍ കുതിച്ചു. 35 പന്തില്‍ അസ്ഹര്‍ തന്‍റെ അര്‍ധസെഞ്ച്വറി കണ്ടെത്തി. വില്ലോ ഉപയോഗിച്ച് ചിത്രം വരക്കുന്നത് പോലെ അസ്ഹറിന്‍റെ ബാറ്റ് ചലിച്ചുകൊണ്ടിരുന്നു. ഹുക്കുകളും ഡ്രൈവുകളും ഫ്ളിക്കുകളും ആ ബാറ്റില്‍ നിന്ന് യഥേഷ്ടം പിറന്നു. എറൌണ്ട് ദി വിക്കറ്റിൽ എറിയാൻ എത്തിയ ആഡംസിനെ ബൌണ്ടറി പറത്തിയാണ് അസ്ഹര്‍ അന്ന് സെഞ്ച്വറി തികച്ചത്. 74 ബോളില്‍ ടെസ്റ്റില്‍ മൂന്നക്കം! ഒരിന്ത്യക്കാരന്‍റെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി.



അസ്ഹറിനെ അവഗണനയോടെ നോക്കിയ ഗ്യാലറിയില്‍ നിന്നും കുറ്റബോധത്തിന്‍റെ നനവ് പൊടിയുന്ന കാഴ്ച. സെഞ്ച്വറി തികച്ച അസ്ഹറിനു വേണ്ടി അവര്‍ ക്ഷമാപണത്തോടെ ആര്‍പ്പുവിളിച്ചു. പക്ഷേ ആ ബാറ്റൊന്നുയര്‍ത്താനോ ഹെൽമെറ്റ് ഊരി കാണികളെ അഭിവാദ്യം ചെയ്യാനോ അയാള്‍ തയ്യാറായില്ല... പകരം ഗ്യാലറിക്ക് നേരെ അയാള്‍ വിരല്‍ ചൂണ്ടി. അതിലുണ്ടായിരുന്നു അസ്ഹറിന്‍റെ മറുപടി. മധുരമായ പ്രതികാരം. അങ്ങനെ തന്‍റെ കരിയറിലെ ഏറ്റവും മോശം കാലത്തെ അയാള്‍ അതിജീവിച്ചത് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വേഗതയേറിയ സുന്ദരമായ ഇന്നിങ്സിലൂടെയായിരുന്നു.

''ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല..."

''ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, എന്‍റെ മനസാക്ഷിയെ ഇതുവരെ വഞ്ചിച്ചിട്ടില്ലെന്ന് നെഞ്ചില്‍ തൊട്ട് പറയാന്‍ എനിക്കാകും, രാജ്യത്തിനായി പൂര്‍ണമനസ്സോടെയാണ് ഞാന്‍ ക്രിക്കറ്റ് കളിച്ചത്, സത്യസന്ധമായാണ് ഞാന്‍ ഇന്ത്യയുടെ കുപ്പായമണിഞ്ഞത്... എനിക്കെതിരെയുണ്ടായ നടപടി എന്‍റെ വിധിയാണ്. അതില്‍ ഞാന്‍ ആരെയും പഴിക്കുന്നില്ല. ആരോടും പരാതിയോ പരിഭവമോ ഇല്ല. ഇത്രനാള്‍ കഴിഞ്ഞിട്ടാണെങ്കിലും സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്''. 11 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കോഴവിവാദത്തില്‍ അസ്ഹര്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരിന്നു. ഒറ്റുകാരന്‍റെ മുള്‍ക്കിരീടവും ചാര്‍ത്തിക്കൊടുത്ത് അയാളെ കല്ലെറിഞ്ഞവരോടു പോലും അയാള്‍ക്ക് പരിഭവമില്ല. 99 ടെസ്റ്റുകള്‍ കളിച്ച് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന ക്രിക്കറ്റ് ചരിത്രത്തിലെ ഏക താരത്തിന് നിഷേധിച്ച നീതി ഇന്നും മുഴച്ചു നില്‍ക്കുന്നു.

കോഴ വിവാദം

96ലാണ് അസ്ഹര്‍ മാച്ച് ഫിക്സിങ് നടത്തിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നുതുടങ്ങിയത്, ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ലോകകപ്പ് സെമി വേദി ആയിരുന്നു ആരോപണങ്ങള്‍ക്ക് ആധാരം. അന്ന് ലങ്കയോട് തോറ്റ് ഇന്ത്യ സെമിയില്‍ പുറത്തായത് കോഴ വാങ്ങിയാണെന്ന് പാണന്മാര്‍ പാടിനടന്നു. ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്നത് കണ്ട് കാണികള്‍ സ്റ്റേഡിയത്തിന് തീയിട്ടതും കരഞ്ഞുകലങ്ങിയ കണ്ണുമായി കാംബ്ലി ഗ്രൌണ്ടില്‍ നില്‍ക്കുന്നതുമെല്ലാം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെഎക്കാലത്തെയും വലിയ നൊമ്പരക്കാഴ്ചയായി.




രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുർഘടം ആയ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയിട്ടും അസ്ഹറുദ്ദീന്‍ ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടോസ് ലഭിച്ചാല്‍‌ ബാറ്റിങ് ഓപ്റ്റ് ചെയ്യാനായിരുന്നു ടീം തീരുമാനമെന്നും പിന്നില്‍ ഒത്തുകളിയായിരുന്നെന്നും അന്നത്തെ ദുരന്ത നായകന്‍ കാംബ്ലിയുടെ പ്രസ്താവന കൂടിയായതോടെ ക്രിക്കറ്റ് ലോകം ഞെട്ടി. അസ്ഹറുദ്ദീന്‍ ആ മത്സരത്തില്‍ ഡക്ക് ആകുക കൂടി ചെയ്തതോടെ ആരാധകരും ആ ആരോപണം വിശ്വസിച്ചുതുടങ്ങി.

പിന്നീടങ്ങോട്ട് അസ്ഹറിന്‍റെ കരിയറിന്‍റെയും ജീവിതത്തിന്‍റെയും ഗ്രാഫ് കുത്തനെ താഴുകയായിരുന്നു. ബോളിവുഡ് താരം സംഗീത ബിജലാനിയുമായി അസ്ഹറിനുണ്ടായിരുന്ന അടുപ്പം ഭാര്യ നൌറീനുമായുള്ള ബന്ധം വേര്‍പിരിക്കലില്‍വരെ എത്തി, അദ്ദേഹത്തിന്‍റെ കുടുംബജീവിതത്തെ ചുറ്റിപ്പറ്റി അപസര്‍പ്പകകഥകള്‍ പലതും പ്രചരിച്ചുതുടങ്ങി... മക്കളായ മുഹമ്മദ്‌ അയാസുധീനെയും, മുഹമ്മദ്‌ അസദിനെയും അസ്ഹറിന് വിട്ടു കിട്ടിയെങ്കിലും അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് ജീവിതത്തില്‍ പിന്നീട് കരിനിഴല്‍ പടരുന്നതാണ് ലോകം കണ്ടത്.

അസ്ഹറുദ്ദീൻ എന്ന താരവിഗ്രഹം നിലംപൊത്തി...

മാധ്യമങ്ങളും ക്രിക്കറ്റ് ആരാധകരും വിമര്‍ശകരുമെല്ലാം ചേര്‍ന്ന് അയാളെ വളഞ്ഞിട്ട് ആക്രമിച്ചു. അങ്ങനെ രണ്ടായിരമാണ്ടിന്‍റെ തുടക്കത്തിൽ, ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ഒത്തുകളിയുടെ കൊടുങ്കാറ്റിൽ മുഹമ്മദ്‌ അസ്ഹറുദ്ദീൻ എന്ന താരവിഗ്രഹം നിലംപൊത്തി. ആരാധകരുടെ ഹൃദയം തകര്‍ന്നു. ബുക്കികൾക്ക് തന്നെ പരിചയപ്പെടുത്തിയതും, ഒത്തുകളിക്ക് പ്രേരിപ്പിച്ചതും അസ്ഹർ ആയിരുന്നുവെന്ന് അന്നത്തെ ദക്ഷിണാഫ്രിക്കൻ നായകൻ ഹാൻസി ക്രോണ്യയുടെ കുമ്പസാരം കൂടിയായപ്പോൾ ഫുള്‍സ്റ്റോപ്പ് വീണത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻറെ പ്രതിഛായക്ക് കൂടിയായിരുന്നു.


അസ്ഹറുദ്ദീന്‍ എന്ന ഐക്കണ്‍ ക്രിക്കറ്റിനെയും രാജ്യത്തെയും ഒറ്റുകൊടുത്തവനായി. അസ്ഹറിന്റെ തണല്‍ പറ്റി വളര്‍ന്നുവന്ന താരങ്ങള്‍ പോലും അയ്യാളെ കയ്യൊഴിഞ്ഞു. ഒത്തുകളി സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഹാന്‍സി ക്രോണ്യ പിന്നീട് വിമാനാപകടത്തില്‍ കൊല്ലപ്പെടുക കൂടി ചെയ്തതോടെ കോഴക്കേസ് കൂടുതല്‍ സങ്കീര്‍ണമായി.




അയാളുടെ ജീവിതം തന്നെ രണ്ടായി പിളരുകയായിരുന്നു അവിടെമുതല്‍. പൊതുപരിപാടികളിൽ നിന്നയാള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചു. സ്വകാര്യ ചടങ്ങുകള്‍ക്ക് അടുത്ത സുഹൃത്തുക്കൾ പോലും വിളിക്കാതെയായി. പണ്ട് പുറത്തിറങ്ങുമ്പോൾ ആവേശത്തോടെയും ആരാധനയോടെയും അയാളെ പൊതിഞ്ഞിരുന്ന ജനങ്ങള്‍ ശാപവാക്കുകള്‍ കൊണ്ട് അസ്ഹറിനെ മൂടി. കപില്‍ ദേവ് മാത്രമാണ് അസ്ഹറിന് വേണ്ടി ആ സമയത്ത് ശബ്ദിക്കാന്‍ തയ്യാറായത്... കിട്ടിയ വേദികളിലെല്ലാം കപില്‍ അസ്ഹറിനെ പിന്തുണച്ചു.


അന്ന് ആരോപണവിധേയരായ പല ഇന്ത്യന്‍ താരങ്ങളും പിന്നീട് വിലക്ക് നീങ്ങി പല റോളുകളിലും മൈതാനത്തേക്ക് തിരിച്ചെത്തി. എന്നാല്‍ അസ്ഹറിനെ അപ്പോഴും ബിസിസി ഐ പടിക്കു പുറത്തുനിര്‍ത്തി. പക്ഷേ ആ മനുഷ്യന്‍ തളര്‍ന്നില്ല, നീണ്ട 11 വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ 2012ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി

അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അയാള്‍ക്കെതിരെ തെളിവുകളില്ലെന്ന് പറഞ്ഞത് ഇന്ത്യയിലെ പരമോന്നത നീതിപീഠമാണ്, എന്നിട്ടും ക്രിക്കറ്റ് ബോര്‍ഡും വിമര്‍ശകരും അയാളെ ശിക്ഷിച്ചുകൊണ്ടേയിരുന്നു. അസ്ഹര്‍ ആരോപണവിധേയനായ സമയത്ത് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കോടതി അദ്ദേഹം കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും പിന്‍വലിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ പോലും അസ്ഹറുദ്ദീന്‍ അവഗണിക്കപ്പെട്ടു.

2012ല്‍ കോടതി അസ്ഹറിന് അനുകൂലമായി വിധി പ്രസ്താവിച്ചെങ്കിലും പിന്നെയും വര്‍ഷങ്ങള്‍ നീണ്ടു, അസ്ഹറിനോടുള്ള ബി.സി.സി.ഐയുടെ അയിത്തം അല്‍പമെങ്കിലും മാറാന്‍. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഞ്ഞൂറാം ടെസ്റ്റിനു സാക്ഷിയാകാൻ അസ്ഹറുദ്ദീനെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ക്ഷണിക്കുമ്പോള്‍ വര്‍ഷം 2016 കഴിഞ്ഞിരുന്നു. കോഴവിവാദത്തിന് ശേഷം ആദ്യമായി അസ്ഹറിനെ ബി.സി.സി.ഐ ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നതും അന്നായിരുന്നു. പതിനഞ്ചു വർഷത്തെ വനവാസത്തിനു ശേഷമായിരുന്നു അയാള്‍ വീണ്ടും അന്ന് ക്രിക്കറ്റിന്‍റെ പൊതുവേദിയിലേക്ക് തിരിച്ചുവന്നത്. ഇത്രയുമധികം പ്രതികാര നടപടി നേരിട്ട മറ്റൊരു ഇന്ത്യന്‍ താരം ചരിത്രത്തിലുണ്ടോയെന്നതും സംശയമാണ്.

രണ്ടാം ഇന്നിങ്സ് രാഷട്രീയത്തില്‍

തന്‍റെ ജീവിതത്തിന്‍റെ രണ്ടാം ഇന്നിങ്സില്‍ ബാറ്റുവീശിയ രാഷ്ട്രീയത്തിലും അസ്ഹറിന് കാര്യമായി ശോഭിക്കാനായില്ല... കോണ്‍ഗ്രസ് എം.പിയായായും തെലെങ്കാനയിലെ സംസ്ഥാന നേതൃ പദവിയിലുമെല്ലാം എത്തിയെങ്കിലും അസ്ഹറിന് പക്ഷേ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ വിവാഹ മോചനവും, പുനർ വിവാഹവുമെല്ലാം അസ്ഹറിന്‍റെ ജീവിതത്തെ വീണ്ടും കൂടുതൽ നാടകീയമാക്കി.


അസ്ഹറിന്‍റെ ബാറ്റിങ് സ്കില്ലും ക്രീസിലെ ചടുലതയും കളിക്കളത്തില്‍ പ്രകടിപ്പിച്ച് മകന്‍ മുഹമ്മദ്‌ അയാസുദ്ദീന്‍ പുതിയ ക്രിക്കറ്റ് സെന്‍സേഷനായതോടെ അസ്ഹറുദ്ദീന്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായി. പക്ഷേ വിധി വീണ്ടും അയാളെ തോല്‍പ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി വാഗ്ദാനമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച തന്‍റെ പ്രിയപുത്രന്‍ അയാസുദ്ദീന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയായിരുന്നു 2011ല്‍ ആ പിതാവിന് കേള്‍ക്കേണ്ടി വന്നത്. 19കാരനായ മകന്‍റെ വിയോഗം അദ്ദേഹത്തെ വീണ്ടും തളര്‍ത്തി.


1984ൽ ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറിയ അസ്ഹർ, പതിനഞ്ച് വർഷം നീണ്ട തന്‍റെ ക്രിക്കറ്റ് ജീവിതത്തിൽ 99 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നായി ആറായിരത്തിൽപ്പരം റണ്‍സും, 334 ഏകദിനങ്ങളിൽ നിന്ന് ഒന്‍പതിനായിരത്തിലധികം റണ്‍സും സ്വന്തം പേരിൽ എഴുതിച്ചേർത്തു.

ഗാവസ്കറും, കപില്‍ ദേവും , സയ്യിദ് കിര്‍മാനിയുമൊക്കെ അരങ്ങു തകര്‍ക്കുന്ന കാലത്ത് തന്നെ ഒരു തുടക്കക്കാരന്‍റെ പരിഭ്രമവവുമില്ലാതെ അസ്ഹര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചിരപ്രതിഷ്ഠ നേടി. ശ്രീകാന്തിനെയും അമര്‍നാഥിനെയും മദന്‍ലാലിനെയുമെല്ലാം മറികടന്ന് അയാള്‍ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അമരക്കാരനായി... പിന്നീടങ്ങോട്ട് ഒന്നര പതിറ്റാണ്ട് കാലം ആ ഹൈദരാബാദുകാരന് ടീമിന്‍റെ സ്ഥിരസാന്നിധ്യമായിരുന്നു.

അസ്ഹര്‍ എന്ന നായകന്‍

ആധുനിക ക്രിക്കറ്റിന്‍റെ ഭാവം ആക്രമണസ്വഭാവത്തിലേക്ക് വഴിമാറുകയും ഏകദിന ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം കൈവരികയും ചെയ്യുന്ന കാലത്താണ് അസ്ഹര്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ക്യാപ് അണിയുന്നത്. കപിൽ ദേവിനു ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇന്ത്യൻ നായകൻ ആയിരുന്നു അസ്ഹറുദ്ദീന്‍... 174 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച അസ്ഹറുദ്ദീന്‍ 90 മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിച്ചു... മഹേന്ദ്രസിങ് ധോണി മറികടക്കുന്നത് വരെ ഏറ്റവും കൂടുതല്‍ വിജയവും ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റനും അസ്ഹറുദ്ദീന്‍ ആയിരുന്നു... വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ആരെയും വീഴ്ത്താന്‍ കെല്‍പ്പുള്ള അപകടകാരികളാക്കി ഇന്ത്യൻ ടീമിനെ ഫേസ് ഷിഫ്റ്റ് ചെയ്തതിന് പിന്നിലും അസ്ഹറിന്‍റെ കൈയ്യൊപ്പ് പ്രകടമാണ്.

ജന്മസിദ്ധമായി കിട്ടിയ റിസ്റ്റ് വർക്കായിരുന്നു അസ്ഹറിനെ വ്യതസ്തനാക്കിയത്, അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് ഇതിലും മികച്ച എന്‍ട്രി ലഭിച്ച മറ്റൊരു താരവും ക്രിക്കറ്റ് ചരിത്രത്തിലില്ല. പിന്നീടങ്ങോട്ട് ഒരു മാന്ത്രികനെപ്പോലെ ക്രീസിൽ ബാറ്റ് വീശിക്കൊണ്ടയാൾ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. ട്വന്‍റി-20 യുടെയും ഏകദിനത്തിന്‍റെയും വേഗത ക്രിക്കറ്റിന്റെ ആവേശമാകുന്നതിനു മുൻപ് തന്നെ 90 കളിൽ ബീസ്റ്റ് മോഡില്‍ ബാറ്റ് വീശിയ ഇന്ത്യന്‍ കാമിയോ. താന്‍ കുറ്റക്കാരനല്ലെന്ന് അയാള്‍ വിശ്വസിച്ചതുപോലെ അസ്ഹറിന്‍റെ കടുത്ത ആരാധകരൊഴിച്ച് ആരും ആ വാദം ചെവിക്കൊണ്ടില്ല... വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതിവിധി വന്ന ദിവസം അവസാന ചിരി അയാളുടേതായിരുന്നു. എങ്കിലും ആ കൈക്കുഴയില്‍ നിന്നും പായേണ്ടിയിരുന്ന ഒരായിരം ബൌണ്ടറികളാണ് അയാളുടെ കരിയറില്‍ നിന്ന് നഷ്ടമായത്.

പ്രിയപ്പെട്ട അസ്ഹര്‍, നിങ്ങള്‍ക്കത് ഒഴിവാക്കാമായിരുന്നു, വിവാദത്തിന്‍റെ വിഷപ്പുകമറയുടെ പരിസരത്തുനിന്ന് നിങ്ങള്‍ക്ക് അകലം പാലിക്കാമായിരുന്നു... കുനിഞ്ഞ ശിരസ്സുമായി വിടവാങ്ങല്‍ മത്സരം പോലും കളിക്കാതെ പടിയിറങ്ങി പോകേണ്ടയാളായിരുന്നില്ല നിങ്ങള്‍. അസ്ഹറിന്‍റെ കരിയറില്‍ കോഴവിവാദത്തിന്‍റെ മുറിപ്പാട് വീണില്ലായിരുന്നുവെങ്കില്‍, ചതി സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവവും രാജാവും രാജകുമാരനുമെല്ലാം അയാള്‍ മാത്രമായിരുന്നേനെ, സച്ചിനെന്ന പ്രതിഭക്കും മുകളില്‍ അയാളുടെ തട്ട് ഇന്നും താണുതന്നെ ഇരുന്നേനെ... പണ്ടൊരു ആരാധകന്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതോര്‍ക്കുന്നു. ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ട കാര്യത്തിൽ അയാളെ നമുക്ക് വെറുക്കാം, പക്ഷേ മറക്കാനാകില്ല, നിങ്ങളെ മറന്നുകൊണ്ട് എങ്ങനെയാണ് ഞങ്ങളുടെ തലമുറക്ക് ക്രിക്കറ്റിന്‍റെ സൌന്ദര്യത്തെക്കുറിച്ച് വാചാലമാകാന്‍ കഴിയുക

TAGS :

Next Story