Quantcast

ഇന്ത്യൻ ആരാധകരെ ഇന്നും കണ്ണീരയണിയിക്കുന്ന ദിവസത്തിന് മൂന്നാണ്ട്

വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെട്ടപ്പോഴും ഇന്ത്യൻ ആരാധകരുടെ കണ്ണില്‍ തെല്ലും ആശങ്കയുണ്ടായിരുന്നില്ല, കാരണം ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിൽ ലോകത്ത് നിലവിലുള്ള ഏത് താരത്തേക്കാളും പ്രഗത്ഭനാണ് ഇപ്പോൾ നീലക്കുപ്പായത്തിൽ ബാറ്റുമെടുത്ത് ക്രീസിൽ നിൽക്കുന്നത്- മഹേന്ദ്ര സിങ് ധോണി.

MediaOne Logo

Web Desk

  • Published:

    9 July 2022 12:44 PM GMT

ഇന്ത്യൻ ആരാധകരെ ഇന്നും കണ്ണീരയണിയിക്കുന്ന ദിവസത്തിന് മൂന്നാണ്ട്
X

മൂന്ന് വർഷം മുമ്പ് ഇതുപോലൊരു ജൂലൈ ഒമ്പതാം തീയതി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. 2019 ജൂലൈ 9 ന് അങ്ങ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് തകർന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയമായിരുന്നു.

ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലാണ് വേദി. ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 240 എന്ന വിജയലക്ഷ്യം രാഹുലും രോഹിത്തും കോഹ്‌ലിയും കാർത്തിക്കും പന്തും പാണ്ഡ്യയും ധോണിയും ജഡേജയുമുള്ള ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഒന്നുമല്ലായിരുന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു. രാഹുലും രോഹിത്തും കോഹ്‌ലിയും ഒരു റൺസ് മാത്രം നേടി അഞ്ചോവർ പൂർത്തിയാകും മുമ്പ് പവലിയനിലെത്തി. 30 ഓവർ പൂർത്തിയായിട്ടും ഇന്ത്യൻ സ്‌കോർ മൂന്നക്കത്തിലെത്തിയിരുന്നില്ല. പക്ഷേ അപ്പോഴേക്കും ഇന്ത്യയുടെ മുൻനിര മുഴുവൻ കൂടാരം കയറിയിരുന്നു. ആറ് വിക്കറ്റുകളാണ് അപ്പോഴേക്കും ഇന്ത്യക്ക് നഷ്ടമായത്.

വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെട്ടപ്പോഴും ഇന്ത്യൻ ആരാധകർക്ക് തെല്ലും ഭയമുണ്ടായിരുന്നില്ല, കാരണം ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിൽ ലോകത്ത് നിലവിലുള്ള ഏത് താരത്തേക്കാളും പ്രഗത്ഭനാണ് ഇപ്പോൾ നീലക്കുപ്പായത്തിൽ ബാറ്റുമെടുത്ത് ക്രീസിൽ നിൽക്കുന്നത്- മഹേന്ദ്ര സിങ് ധോണി. കൂട്ടിന് അദ്ദേഹത്തിന്റെ വിശ്വസ്തനായ രവീന്ദ്ര ജഡേജയും. ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ കലാശക്കളിയിൽ എത്തുമെന്ന് തന്നെയാണ് ഗ്യാലറിയിലുള്ള ഇന്ത്യക്കാരും, ലോകമെമ്പാടും ടെലിവിഷൻ സ്‌ക്രീനിന് മുന്നിലിരുന്ന് കളി കാണുന്ന ഇന്ത്യൻ ആരാധകരും പ്രതീക്ഷിച്ചിരുന്നത്. ജഡേജയും ധോണിയും നന്നായി തന്നെ കളിച്ചു. ജഡേജയായിരുന്നു കൂടുതൽ അപകടകാരി. പക്ഷേ 48-ാം ഓവറിലെ അഞ്ചാം പന്തിൽ 77 റൺസുമായി ബോൾട്ടിന്റെ പന്തിൽ കിവീസ് നായകൻ വില്യംസണ് ക്യാച്ച് നൽകി ധോണി മടങ്ങി.

ജഡേജ മടങ്ങുമ്പോൾ ഇന്ത്യക്ക് 13 പന്തിൽ ജയിക്കാൻ 31 റൺസ് കൂടി വേണമായിരുന്നു. എല്ലാ പ്രതീക്ഷകളും എല്ലാ കണ്ണുകളും ധോണിയിലേക്ക്. 2011 ലോകകപ്പ് ഫൈനലിന്റെ ആവർത്തനം പോലെ ഫെർഗൂസണിന്റെ 49-ാം ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി. ഒരിക്കൽ കൂടി ധോണി രക്ഷകനാകുന്ന കാഴ്ച ഇന്ത്യക്കാർ സ്വപ്‌നം കണ്ടു. സ്റ്റേഡിയം ധോണിക്കായി അലയടിച്ചു. അടുത്ത പന്ത് ഡോട്ട്. അടുത്ത പന്തിലാണ് അപ്രതീക്ഷിതമായത്, അഹിതമായത് സംഭവിച്ചത്. സ്‌ക്വയറിലേക്ക് തട്ടിയിട്ട പന്തിൽ രണ്ടാം റൺസ് ഓടിയെടുക്കുന്നതിനിടയിൽ- കാലഘട്ടത്തിൽ വിക്കറ്റിനിടയിൽ ഏറ്റവും കൂടുതൽ വേഗതയുള്ള ധോണിക്ക് പിഴച്ചു. ഗുപ്റ്റിലിന്റെ ഡയറക്ട് ഹിറ്റ് ധോണിയേയും അതിനൊപ്പം ഇന്ത്യയേയും ലോകകപ്പിന് പുറത്തേക്ക് നയിച്ചു.

ഒരു ഇഞ്ചിന്റെ മാത്രം വ്യത്യാസം- സ്റ്റേഡിയയവും ക്രിക്കറ്റ് ലോകവും ഒരു നിമിഷം കണ്ണീരണിഞ്ഞ നിമിഷം. തല കുനിച്ച് ധോണി പവലിയിലേക്ക് നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ധോണിക്ക് ഓടിയെത്താനാകാതെ പോയ ആ ചെറിയ ദൂരത്തെയോർത്ത് വിലപിക്കുകയായിരുന്നു. അന്ന് ധോണി നടന്നിറങ്ങിയത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് വേദിയിൽ നിന്ന് കൂടിയായിരുന്നു.

18 റൺസിനായിരുന്ന അന്ന് ഇന്ത്യ തോറ്റത് ധോണിക്ക് ഓടിയെത്താൻ സാധിക്കാതെ പോയ ഏതാനും ചില സെന്റിമീറ്ററുകൾക്കായിരുന്നു. ഇന്ത്യൻ ആരാധകര്‍ ഇന്നും ഓർക്കുമ്പോൾ ഒരു നിമിഷം കണ്ണീരിയണിക്കുന്ന ആ ദിവസത്തിന് മൂന്നാണ്ട്..

TAGS :

Next Story