ഇന്ത്യന്‍ ക്രിക്കറ്റിലെ പറക്കും മനുഷ്യന്‍; മുഹമ്മദ് കൈഫ്

പോയിന്‍റില്‍ യുവരാജ് സിങും കവറില്‍ മുഹമ്മദ്‌ കൈഫുമാണ് ഫീല്‍ഡ് ചെയ്യുന്നതെങ്കില്‍ ഓഫ് സൈഡില്‍ സട്രോക് പ്ലേ കളിച്ച് റണ്‍സ് കണ്ടെത്തുന്ന കാര്യം എതിര്‍ ടീം ചിന്തിക്കുക കൂടി ചെയ്യാത്ത ഒരു കാലമുണ്ടായിരുന്നു.

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2022-06-22 15:31:02.0

Published:

22 Jun 2022 3:31 PM GMT

ഇന്ത്യന്‍ ക്രിക്കറ്റിലെ പറക്കും മനുഷ്യന്‍; മുഹമ്മദ് കൈഫ്
X

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഫീല്‍ഡിങ് സെറ്റപ്പിലെ റഡാറായിരുന്നു അയാള്‍. ആ അഞ്ചടി പതിനൊന്നിഞ്ചുകാരന്‍റെ പരിധി വിട്ട് ഒരു പന്ത് പോലും ബൌണ്ടറിയിലെത്തില്ലെന്ന് ആബാലവൃദ്ധം ജനങ്ങളും വിശ്വസിച്ചു... ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സിനെ കണ്ട് ആശ്ചര്യപ്പെട്ട ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പകരംവെച്ച പത്തു കയ്യുള്ള രാവണന്‍. ടീമില്‍ നിലനില്‍ക്കണമെങ്കില്‍ ബാറ്ററോ ബൌളറോ ആകണമെന്നുള്ള അടിസ്ഥാന ക്രിക്കറ്റ് തിയറികളൊന്നും അയാളുടെ കാര്യത്തില്‍ മാനദണ്ഡമേ ആയിരുന്നില്ല. കാരണം ആ മനുഷ്യന്‍റെ പേര് മുഹമ്മദ് കൈഫ് എന്നായിരുന്നു. പതിനൊന്നാം നമ്പര്‍ ജഴ്സിയണിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിലെ പറക്കും മനുഷ്യന്‍!.പോയിന്‍റില്‍ യുവരാജ് സിങും കവറില്‍ മുഹമ്മദ്‌ കൈഫുമാണ് ഫീല്‍ഡ് ചെയ്യുന്നതെങ്കില്‍ ഓഫ് സൈഡില്‍ സട്രോക് പ്ലേ കളിച്ച് റണ്‍സ് കണ്ടെത്തുന്ന കാര്യം എതിര്‍ ടീം ചിന്തിക്കുക കൂടി ചെയ്യാത്ത ഒരു കാലമുണ്ടായിരുന്നു... അക്രോബാറ്റിക് ഡൈവുകളും, ക്ലീന്‍ പിക്കപ്പ് ക്യാച്ചുകളും, ഡയറക്ട് ത്രോയിലെ കൃത്യതയുമെല്ലാം സമം ചാലിച്ച ഫീല്‍ഡിങ് കോംബോ‍. പരിമിത ഓവര്‍ ക്രിക്കറ്റിന്‍റെ താര പദവിയിലേക്ക് യുവരാജ് നടന്നുകയറിയപ്പോള്‍ കൈഫിന് തന്‍റെ 26 ആം വയസ്സില്‍ അവസാന കളിക്ക് പാഡണിയാനായിരുന്നു വിധി. ഇന്ത്യക്ക് ആദ്യ അണ്ടര്‍ 19 ലോകകിരീടം നേടിത്തന്ന നായകനില്‍ നിന്ന് അരങ്ങേറി ആറ് വര്‍ഷത്തിനുള്ളില്‍ വെറും 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും കളിച്ച് കരിയര്‍ അവസാനിപ്പിക്കേണ്ടി വരുന്ന ദുരന്തനായകനിലേക്ക് കൈഫിന്‍റെ ചരിത്രം മാറ്റിയെഴുതപ്പെട്ടിരുന്നു.

ക്യാച്ചസ് വിന്‍ മാച്ചസ്

2004ലെ ഇന്ത്യയുടെ പാക് പര്യടനം... ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 349 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍, പക്ഷേ ഇന്‍സമാമിന്‍റെ സെഞ്ച്വറി മികവില്‍ ലക്ഷ്യത്തിലേക്ക് പാകിസ്ഥാന്‍ അതിവേഗം കുതിച്ചു... ഒടുവില്‍ വിജയത്തിന് തൊട്ടരികെയെത്തി, എട്ട് പന്തില്‍ വെറും 10 റണ്‍സ് മാത്രം മതി ഇനി പാകിസ്ഥാന് വിജയത്തിലേക്ക്, നാല് വിക്കറ്റുകളും ബാക്കിയുണ്ട്. 49ആം ഓവറിലെ അഞ്ചാം പന്ത്...

സഹീര്‍ഖാനെ ലോങ് ഓണിലേക്ക് പറത്താന്‍ ഷൊഹൈബ് മാലിക്കെടുത്ത ഷോട്ട് പിഴച്ചു, പന്ത് മിഡോണിലേക്ക്... വൈഡ് ലോങ് ഓണില്‍ നിന്ന് ഹേമങ് ബധാനി കുതിച്ചെത്തുന്നു, പക്ഷേ ഏറെക്കുറെ അപ്രാപ്യമായ ക്യാച്ചാണ്, 90 ശതമാനവും ഡ്രോപ് ചെയ്യാന്‍ ആണ് ചാന്‍സ്. എന്നാല്‍ പാകിസ്ഥാന്‍റെ വിജയത്തിനായി ആര്‍ത്തുവിളിക്കുന്ന ആരാധകരെ സെക്കന്‍ഡുകള്‍ കൊണ്ട് നിശബ്ദരാക്കി കൈഫ് ഒരു മായാജാലം കാട്ടി... ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്ത ഹേമങ് ബധാനിയെയും മറികടന്ന് ലോങ് ഓഫില്‍ നിന്ന് മിന്നലിന്‍റെ വേഗത്തില്‍ പാഞ്ഞെത്തിയ കൈഫിന്‍റെ പറക്കും ക്യാച്ച്... മാലിക് പുറത്ത്...!
കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയം പോലും ഒരുനിമിഷം തരിച്ചു നിന്നുപോയി. എവിടെ നിന്നാണ് ഈ മനുഷ്യന്‍ പറന്നിറങ്ങിയതെന്ന് പോലും മനസിലാകാതെ ഡഗൌട്ടില്‍ തലയില്‍ കൈവെച്ചുകൊണ്ടുനില്‍ക്കുന്ന ശുഹൈബ് അക്തറും മറ്റ് പാക് താരങ്ങളും... ഒരു സംശയവും വേണ്ട, ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു അത്.

'ക്യാച്ചസ് വിന്‍ മാച്ചസ്' എന്ന ക്രിക്കറ്റിന്‍റെ ഉപപാഠ പുസ്തകങ്ങളിലെ ഏറ്റവും പഴകിയ പഴഞ്ചൊല്ലിനെ അങ്ങനെ മുഹമ്മദ് കൈഫ് ഇടക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.

കൈഫിന്‍റെ ബാറ്റിങോ ബൌളിങോ ഒന്നും ആര്‍ക്കും ഒരു സംസാരവിഷയമേ ആയിരുന്നില്ല, ഫീല്‍ഡിങ്ങിലെ അമാനുഷിക പ്രകടനം കൊണ്ട് മാത്രം ടീമിലെ 11 പേരില്‍ ഒരാളായി അയാള്‍ സ്ഥാനമുറപ്പിച്ചുകൊണ്ടേയിരുന്നു. വലം കയ്യൻ ബാറ്ററായാണ് ടീമിലെത്തിയതെങ്കിലും തന്‍റെ സ്വതസിദ്ധമായ ഫീല്‍ഡിങ് മികവുകൊണ്ടാണ് കൈഫ് എതിരാളികളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നത്... ജോണ്ടി റോഡ്‌സിനെയും,ഹെര്‍ഷ്ലെ ഗിബ്ബ്സിനെയുമെല്ലാം അത്ഭുതത്തോടെ മാത്രം കണ്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അവരുടെ മാത്രമായ ഒരു സൂപ്പര്‍ഹീറോ ആയിരുന്നു കൈഫെന്ന ഉത്തര്‍പ്രദേശുകാരന്‍.

വിഖ്യാത റണ്ണൌട്ട്

ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടിയതിന്‍റെ റെക്കോര്‍ഡ് 2003 ലോകകപ്പില്‍ കൈഫ് സ്വന്തം പേരില്‍ കുറിച്ചു, ശ്രീലങ്കക്കെതിരായ മത്സരത്തില്‍ എണ്ണം പറഞ്ഞ നാല് ക്യാച്ചുകളാണ് കൈഫെന്ന പ്രാപ്പിടിയന്‍ റാഞ്ചിയത്. ആ ലോകകപ്പിലുടനീളം ഫീല്‍ഡില്‍ മിന്നുന്ന പ്രകടനമാണ് കൈഫ് ഇന്ത്യക്കായി കാഴ്ചവെച്ചത്. അതില്‍ ഇംഗ്ലണ്ടിന്‍റെ നിക് നൈറ്റിനെ റണ്ണൌട്ടാക്കാന്‍ കൈഫെടുത്ത എഫോര്‍ട്ട് ഒരുപക്ഷേ സാക്ഷാല്‍ ജോണ്ടി റോഡ്സിനെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും...

ഇന്ത്യ ഉയര്‍ത്തിയ 251 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാം ഓവറില്‍ ആ 23കാരന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. ബൌളറുടെ വലതു വശത്തേക്ക് പന്ത് തട്ടിയിട്ട നിക്ക് നൈറ്റ് ഒരു അനായാസ സിംഗിളിനായി ഓട്ടം തുടങ്ങി. ഈസി റണ്‍ എന്ന് എല്ലാവരും കരുതിയ അവസരം. എന്നാല്‍ പന്ത് വീണിടത്തേക്ക് അസാധാരണമായ വേഗത്തില്‍ ഓടിയെത്തിയ കൈഫ് ക്ലീന്‍ കളക്റ്റിലൂടെ സ്വന്തമാക്കിയ ബോള്‍ മുന്നിലേക്ക് ഫുള്‍ ലെങ്തില്‍ ഡൈവ് ചെയ്ത് സ്റ്റംമ്പസിലേക്ക് എറിയുന്നു... 22 വാര പിച്ചിന്‍റെ ഒരറ്റത്തുനിന്ന് ഇപ്പുറത്തേക്കെത്തുന്നതിന് മുമ്പ് കൈഫ് അയാളുടെ ബെയില്‍സ് തെറിപ്പിച്ചിരുന്നു.


കൈഫിന് എത്തിപ്പിടിക്കാവുന്ന ഭാഗത്തേക്ക് പന്തടിക്കാതിരിക്കുക, അല്ലെങ്കില്‍ അയാള്‍ക്ക് ഓടിയെത്താനാകുന്ന ഭാഗത്തേക്ക് അടിച്ച പന്തില്‍ റണ്‍സിനായി ഓടാതിരിക്കുക, ഈ തിയറി അന്ന് നിക് നൈറ്റ് മനപാഠമാക്കിയിട്ടുണ്ടാകും. നടന്നതെന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. ഒരു റണ്‍സുമായി ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തുമ്പോഴും നിക് നൈറ്റിന്‍റെ മുഖത്തെ അമ്പരപ്പ് മാറിയിരുന്നില്ല, ഇപ്പുറത്താകട്ടെ മുഹമ്മദ്‌ കൈഫ്‌ എന്ന ഫീല്‍ഡിങ് പ്രതിഭ ആഘോഷിക്കപ്പെടുകയായിരുന്നു.
ലോര്‍ഡ്സിലെ ചരിത്ര വിജയത്തില്‍ ഗാംഗുലിയുടെ സാരഥി

ക്രിക്കറ്റിൻറെ മക്കയായ ലോർഡ്‌സിൽ ജഴ്‌സിയൂരി വീശിയ ക്യാപ്റ്റൻ ഗാംഗുലിയുടെ മുഖം ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിൽ എത്രകാലം ഉണ്ടാവുമോ, അത്രയും കാലം തന്നെ ആ വിജയത്തിന് ചുക്കാന്‍ പിടിച്ച കൈഫിന്‍റെ ചിത്രവും ഉണ്ടാവും. ഇന്ത്യയിലെ ക്രിക്കറ്റ് ഭ്രാന്തന്മാര്‍ക്ക് ഇന്നും രക്തം തിളക്കുന്ന വികാരമാണ് ലോർഡ്‌സിലെ ആ പ്രതികാര രംഗം... വാങ്കഡെയിലെ അര ലക്ഷത്തോളം വരുന്ന കാണികള്‍ക്ക് മുന്നിൽ അഴിഞ്ഞാടിയ ആന്‍ഡ്രൂ ഫ്ലിന്‍റോഫിനുള്ള മറുപടിയായിരുന്നു അത്. 2002-ൽ ഇംഗ്ലണ്ടിൻറെ ഇന്ത്യൻ പര്യടനത്തിലായിരുന്നു അത് നടന്നത്, വാങ്കഡെിയില്‍ വെച്ചു നടന്ന ആറാം ഏകദിനത്തില്‍ ഫ്ളിൻറോഫിൻറെ ഓൾ റൌണ്ട് പെർഫോമൻസിൽ ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട് വിജയം നേടി. ഒടുവിൽ ശവപ്പെട്ടിയിൽ ആണിയടിക്കുന്ന പോലെ ഫ്‌ലിൻറോഫിൻറെ വക ഗ്രൗണ്ടിൽ ജഴ്‌സിയൂരി കറക്കി ആഘോഷവും.. അന്ന് തലകുനിച്ചുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ തിരികെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

അതേവർഷം ജൂലൈ 13ന് ഇംഗ്ലണ്ടിൽ വെച്ചുനടന്ന നാറ്റ്‌വെസ്റ്റ് സീരിസിലെ ഫൈനൽ മാച്ച്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ചത് 325 റൺസ് എന്ന കൂറ്റൻസ്‌കോർ... ഫൈനലുകളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ വീണുപോയിരുന്ന ഇന്ത്യന്‍ ടീം ഒരിക്കല്‍ കൂടെ പരാജയം മുന്നില്‍ കണ്ട ദിവസം. 24 ഓവറിൽ അഞ്ചു വിക്കറ്റിന് 146 റൺസെന്ന നിലയിലേക്ക് ടീം ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നു. പക്ഷേ സൌരവ് ഗാംഗുലിക്ക് വേണ്ടി ആ മത്സരം ജയിക്കണമെന്നുറപ്പിച്ച രണ്ട് പേര്‍ ക്രീസിലുണ്ടായിരുന്നു. യുവരാജ് സിങും മുഹമ്മദ് കൈഫും, ദാദയുടെ വിശ്വസ്ഥര്‍...

വീണുപോയ സാമ്രാജ്യത്തെ അവര്‍ കോട്ടകെട്ടി കാത്തു, മെല്ലെ തുടങ്ങി, പതിയെ താളം കണ്ടെത്തി.. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു റൺറേറ്റ് പിടിച്ചുനിർത്തി, ഇടക്കിടെ ബൗണ്ടറികൾ പറത്തി സ്കോറിങ് വേഗത്തിലാക്കി. 'റണ്ണിംഗ് ബിറ്റ്‍വീന്‍ ദ വിക്കറ്റ്സ്' ഒരു മത്സരത്തെ എങ്ങനെ സ്വാധീനിക്കും എന്നതിന് ഉദാഹരണമായിരുന്നു ഇരുവരുടെയും കൂട്ടുകെട്ട്. എന്നാല്‍ വില്ലനായി കോളിങ്വുഡെത്തി, 121 റൺസിന്റെ പാർട്ണർഷിപ്പ് ബ്രേക് ചെയ്ത് യുവരാജിന്‍റെ വിക്കറ്റ് വീഴ്ത്തി, ഇന്ത്യ 267 ന് 6... വിജയം മണത്ത ഇംഗ്ലണ്ട് ആരാധകര്‍ അപ്പോഴേക്കും ലോര്‍ഡ്സില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു.

എന്നാല്‍ കഥ അവിടെ തീര്‍ന്നില്ല... 11 ആം നമ്പര്‍ ജഴ്സിയില്‍ മുഹമ്മദ് കൈഫെന്ന പോരാളി ക്രീസില്‍ ബാക്കിയുണ്ടായിരുന്നു. യുവരാജ് പുറത്തായതിന് ശേഷമാണ് കൈഫിന്‍റെ വിശ്വരൂപം ഇംഗ്ലണ്ട് കണ്ടത്, തൊട്ടടുത്ത ഓവറില്‍ റൊണാള്‍ഡ് ഇറാനിയെ സിക്സറിന് പറത്തി കളി അവസാനിച്ചിട്ടില്ലെന്ന കൈഫ് വ്യക്തമാക്കി... പിന്നീട് കണ്ടത് ഹര്‍ഭജനെ ഒരറ്റത്ത് നിര്‍ത്തി ആ 22 കാരന്‍ ആങ്കര്‍ റോള്‍ ഏറ്റെടുക്കുന്നതാണ്... കൈഫിന്‍റെ അപ്രതീക്ഷിത പ്രകടനം കണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസ്സർ ഹുസൈൻ ബൗണ്ടറയിൽ നിസഹായനായി നിൽക്കുന്ന ചിത്രം ഒരു കളിപ്രേമിയും മറക്കാനിടയില്ല... ഹര്‍ഭജനെയും അനില്‍ കുംബ്ലയെയും ഒരോവറില്‍ പുറത്താക്കി ഫ്ലിന്‍റോഫ് വീണ്ടും കളിയുടെ ഗതി തിരിച്ചു, പക്ഷേ തോറ്റുകൊടുക്കാന്‍ കൈഫ് തയ്യാറല്ലായിരുന്നു.

ഒടുവിൽ ഒമ്പതാം വിക്കറ്റിൽ നാല് ബോൾ മാത്രം ബാക്കി നിൽക്കേ സഹീർ ഖാൻറെ ബാറ്റിൽ നിന്ന് ഇന്ത്യയുടെ വിജയറൺസ് പിറക്കുന്നു. ബാറ്റുയര്‍ത്തി ഡ്രസിങ് റൂമിലേക്ക് കൈഫ് അഭിവാദ്യം ചെയ്യുന്നു, ക്യാമറകൾ പവലിയനിലേക്ക് തിരിഞ്ഞു... ലോർഡ്സിന്റെ ബാൽക്കണിയിൽ ഫ്‌ലിൻറോഫിനുള്ള മറുപടി തയ്യാറായിരുന്നു. നീലപ്പടയുടെ നായക കുപ്പായം ഊരി കറക്കി ഗാംഗുലിയുടെ ഉശിരൻ പ്രതികാരം. ലോഡ്‌സ് ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ പുണ്യഭൂമിയാണെന്നും ചെയ്തത് ശരിയായില്ലെന്നും പറഞ്ഞുവന്ന വിമര്‍ശനങ്ങള്‍ക്ക് ഗാംഗുലിയുടെ കൃത്യമായ മറുപടിയുമുണ്ടായിരുന്നു 'ലോര്ഡ്സ് ഈസ് യുവേഴ്സ്, വാങ്കഡെ ഈസ് അവേഴ്സ്' !. ദാദയുടെ വിശ്വസ്തനായ കൈഫ് തന്‍റെ ക്യാപ്റ്റന് നല്‍കിയ ട്രിബ്യൂട്ട് കൂടിയായിരുന്നു ആ വിജയം.
അയാള്‍ ഒരു ബോണ്‍ഡ് ക്രിക്കറ്റര്‍ ഒന്നുമല്ലായിരിക്കാം, പക്ഷേ, ഫീല്‍ഡിലെ കഠിനാദ്ധ്വാനിയായ ഒരു കളിക്കാരന്‍ ആയിരുന്നു എന്ന് കൈഫെന്ന് നിസംശയം പറയാം. ഇന്ത്യക്ക് ആവശ്യമുള്ളപ്പോഴെല്ലാം അയാള്‍ ശൂന്യതയില്‍ നിന്ന് പറന്നെത്തുമായിരുന്നു... ഒരു വൈദ്യുതി പ്രവാഹം പോലെ ഫീൽഡിൽ കൈഫ് തന്‍റെ കരിയറിലുടനീളം നിറഞ്ഞുനിന്നു. ഗ്രൗണ്ടില്‍ പന്തെത്തുന്ന ഏത് മൂലയിലും അയാൾ ഉണ്ടാവുമായിരുന്നു. ഒരുപക്ഷേ ബാറ്ററെന്ന നിലയില്‍ ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്നപ്പോഴും ഫീൽഡിൽ അയാൾ സേവ് ചെയ്യുന്ന റൺസ് പലപ്പോഴും ഒരു ബാറ്ററുടെ സ്കോറിന് തുല്യമായിരുന്നു.

TAGS :

Next Story