Quantcast

കോച്ച് റഫറിയുടെ മുഖത്ത് ഇടിച്ചു; തുർക്കിഷ് ലീഗ് അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചു

തുർക്കിഷ് ലീഗിൽ അൻകരാഗുസു റിസെസ്‌പോർ മത്സരത്തിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്

MediaOne Logo

Web Desk

  • Updated:

    2023-12-12 14:23:09.0

Published:

12 Dec 2023 7:22 PM IST

കോച്ച് റഫറിയുടെ മുഖത്ത് ഇടിച്ചു; തുർക്കിഷ് ലീഗ് അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചു
X

ഫുട്‌ബോൾ മൈതാനത്ത് പല സംഘർഷക്കാഴ്ചകൾക്കും ഗാലറികൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇരു ടീമിലേയും കളിക്കാർ തമ്മിൽ, കളിക്കാരും ആരാധകരും തമ്മിൽ, റഫറിയും കളിക്കാരും തമ്മിൽ അങ്ങനെയങ്ങനെയങ്ങനെ.

കഴിഞ്ഞ ദിവസം തുർക്കിഷ് ലീഗിൽ അൻകരാഗുസു റിസെസ്‌പോർ മത്സരത്തിനിടെ ഒരു നാടകീയ സംഭവം അരങ്ങേറി. മത്സരം നിയന്ത്രിച്ച റഫറി ഉമുട് മീലെറെ മത്സര ശേഷം അൻകരാഗുസു കോച്ച് ഫറൂഖ് കോസ ക്രൂരമായി മർദിച്ചു. കളിക്ക് ശേഷം താരങ്ങളോട് സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് ഓടിയെത്തിയ കോച്ച് റഫറിയെ മര്‍ദിച്ചത്. ഇടിയുടെ ആഘാതത്തില്‍ റഫറി നിലത്ത് വീഴുന്നതും കളിക്കാര്‍ ചേര്‍ന്ന് കോച്ചിനെ തടഞ്ഞു മാറ്റുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

മത്സരത്തില്‍ 90 മിനിറ്റ് വരെ അന്‍കരാഗുസു ആണ് മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെ റിസെസ്പോര്‍ സമനില പിടിച്ചു. 50 ാം മിനിറ്റില്‍ റിസെസ്പോര്‍ താരം അലി സോവെക്ക് നേരത്തേ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. ഇത് റഫറിയുടെ മോശം തീരുമാനമായിരുന്നു എന്നാണ് അന്‍കരാഗുസു കോച്ചിന്‍റെ ആരോപണം. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് അന്‍കരാഗുസു കോച്ചിനെ തുര്‍ക്കിഷ് പൊലീസ് അറസ്റ്റ് ചെയ്തു.

മത്സര ശേഷം രോഷാകുലരായി ഗാലറിയില്‍ നിന്നിറങ്ങിയ ആരാധകരും റഫറിയെ ആക്രമിക്കാന്‍ ഓടിയെത്തിയിരുന്നു. കോസയുടെ ഇടതു കണ്ണിന് താഴെ സാരമായി പരിക്കേറ്റിട്ടുണ്ട്. നാടകീയ സംഭവങ്ങളെ തുടര്‍ന്ന് തുര്‍ക്കിഷ് ലീഗിലെ മുഴുവന്‍ മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചു.

TAGS :

Next Story