തുര്‍ക്കി ഭൂകമ്പം; ഗോള്‍കീപ്പര്‍ അഹ്‌മദ് എയുപ്പിന് ദാരുണാന്ത്യം
ഭൂകമ്പത്തെ തുടർന്ന് താരത്തേ ഫെബ്രുവരി ആറ് മുതൽ കാണാതായിരുന്നു

ahmet eyup
ഇസ്താംബൂള്‍: തുർക്കിയെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ ഗോൾകീപ്പർ അഹ്‌മദ് എയുപ്പിന് ദാരുണാന്ത്യം. തുർക്കിഷ് ക്ലബ്ബായ യെനി മലാട്യാസ്‌പോറിന്റെ താരമാണ് അഹ്‌മദ്. ടീം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അഹ്മദിന്‍റെ മരണവിവരം അറിയിച്ചത്. ഭൂകമ്പത്തെ തുടർന്ന് താരത്തെ ഫെബ്രുവരി ആറ് മുതൽ കാണാതായിരുന്നു. കഴിഞ്ഞ ദിവസം അഹ്മദിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. 2021 ല്‍ മലാട്യാസ്‌പോറിലെത്തിയ അഹ്മദ് സെക്കന്‍റ് ഡിവിഷനില്‍ ടീമിനായി ആറ് മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.
''ഞങ്ങളുടെ ഗോൾകീപ്പർ അഹ്‌മദ് എയുപിന് ഭൂകമ്പത്തിൽ ജീവൻ നഷ്ടമായിരിക്കുന്നു. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു. നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല''- മലാട്യാസ്‌പോര്‍ ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ച പുലർച്ചെ, 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയിലെ പലനഗരങ്ങളിലുമുണ്ടായത്. ഒമ്പത് മണിക്കൂറിന് ശേഷം, അതേ പ്രദേശത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തുർക്കിയിലെ 10 പ്രവിശ്യകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8000 കവിഞ്ഞെന്നാണ് റിപ്പോർട്ട്. സിറിയയും ലെബനനും ഉൾപ്പെടെ മേഖലയിലെ പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സിറിയയിലും ആയിരങ്ങൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ എട്ടുമടങ്ങ് വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.
Adjust Story Font
16

