Quantcast

വിജയ് ഹസാരെ; കേരളത്തെ 76 റണ്‍സിന് തകര്‍ത്ത് ആന്ധ്രപ്രദേശ്

സീസണില്‍ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്

MediaOne Logo

Web Desk

  • Published:

    19 Nov 2022 11:37 AM GMT

വിജയ് ഹസാരെ; കേരളത്തെ 76 റണ്‍സിന് തകര്‍ത്ത് ആന്ധ്രപ്രദേശ്
X

വിജയഹ് ഹസാരെ ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോല്‍വി. ബാറ്റിങിലും ബൌളിങ്ങിലും ഒരുപോലെ തിളങ്ങിയ നിതീഷ് റെഡ്ഡിയുടെ മികവിലാണ് ആന്ധ്രപ്രദേശിന്‍റെ വിജയം. സീസണില്‍ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ആന്ധ്രപ്രദേശ് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 259 റണ്‍സെടുത്തു. 46 റൺസെടുത്ത റിക്കി ഭുയിയാണ് ആന്ധ്രയുടെ ടോപ്സ്കോറര്‍. 31 റൺസ് വീതമെടുത്ത ഓപ്പണര്‍ അഭിഷേക് റെഡ്ഡിയും നിതീഷ് റെഡ്ഡിയും ടീമിന് മികച്ച സംഭാവന നല്‍കി. കേരളത്തിനായി സിജോമോന്‍ ജോസഫും ഫൈസൽ ഫനൂസും മൂന്ന് വീതം വിക്കറ്റ് നേടി.

താരതമ്യേന വലിയ ലക്ഷ്യമല്ലാതിരുന്നിട്ട് കൂടി കേരളത്തിന് തുടക്കം തന്നെ പിഴച്ചു. ഓപ്പണര്‍മാരായ രാഹുലും രോഹന്‍ കുന്നുമ്മലും ടീം സ്കോര്‍ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ മടങ്ങി. പിന്നീടെത്തിയ മധ്യനിരക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഏഴോവറില്‍ നാല് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ബാറ്റിങ് നിരക്ക് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും വിക്കറ്റ് കീപ്പര്‍ അക്ഷയ് ചന്ദ്രനും ചേര്‍ന്നാണ് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയെങ്കിലും കേരളത്തിന് കരകയറാന്‍ അത് മതിയാകുമായിരുന്നില്ല.

59 പന്തില്‍ 35 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ആദ്യം പുറത്തായത്. ഹനുമ വിഹാരിയുടെ പന്തില്‍ ബൌള്‍ഡായി ആയിരുന്നു ക്യാപ്റ്റന്‍റെ മടക്കം. അധികം വൈകാതെ അക്ഷയും മടങ്ങി. 72 പന്തില്‍ 41 റണ്‍സെടുത്ത അക്ഷയ് റണ്ണൌട്ടായാണ് പുറത്തായത്. പിന്നീടെത്തിയ അബ്ദുല്‍ ബാസിതും സിജോ ജോസഫും ചേര്‍ന്ന് പൊരുതാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. ഒടുവില്‍ 44.1 ഓവറില്‍ കേരളത്തിന്‍റെ ഇന്നിങ്സ് 183 റണ്‍സില്‍ അവസാനിച്ചു.

ആന്ധ്രപ്രദേശിനായി ബാറ്റിങില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നിതീഷ് റെഡ്ഡി ബൌളിങിലും മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. നിതീഷ് റെഡ്ഡിക്ക് പുറമേ ബണ്ടാരു അയ്യപ്പനും മൂന്ന് വിക്കറ്റെടുത്തു.

TAGS :

Next Story