Quantcast

'രോഹിതിനെ ചെന്നൈ ടീമിലെടുക്കണം, നായകനാക്കണം'- മുൻ ഇന്ത്യൻ താരം

''ക്യാപ്റ്റന്‍ സ്ഥാനത്ത് ഏത് ടീമില്‍ വേണമെങ്കിലും അദ്ദേഹത്തിന് മികവ് പ്രകടിപ്പിക്കാനാവും''

MediaOne Logo

Web Desk

  • Published:

    11 March 2024 12:43 PM GMT

രോഹിതിനെ ചെന്നൈ ടീമിലെടുക്കണം, നായകനാക്കണം- മുൻ ഇന്ത്യൻ താരം
X

മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഒരു പതിറ്റാണ്ട് നീണ്ട രോഹിത് ശർമ യുഗത്തിന് അന്ത്യം കുറിക്കപ്പെട്ടത് കഴിഞ്ഞ ഡിസംബറിലാണ് . മുംബൈ ഇന്ത്യൻസിൽ തലമുറമാറ്റത്തിനു വഴിതെളിച്ച് രോഹിത് ശർമ ക്യാപ്റ്റൻസിയിൽനിന്ന് പടിയിറങ്ങിയപ്പോള്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഹർദിക് പാണ്ഡ്യയാണ് പുതിയ നായകനായി അവരോധിക്കപ്പെട്ടത്. ഏറെ വൈകാരികമായാണ് ഈ തീരുമാനത്തോട് മുംബൈ ആരാധകര്‍ പ്രതികരിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിനു ഫോളോവർമാരാണ് മുംബൈയെ അണ്‍ ഫോളോ ചെയ്ത് പോയത്.

ഇപ്പോഴിതാ രോഹിതിനെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെടുക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായിഡു. ക്യാപ്റ്റന്‍സിയില്‍ ഏത് ടീമില്‍ വേണമെങ്കിലും മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന താരമാണ് രോഹിതെന്ന് റായിഡു പറഞ്ഞു.

''രോഹിതിന് അടുത്ത അഞ്ചോ ആറോ വർഷം കൂടി കളിക്കാനാവും. അദ്ദേഹത്തെ വരും വർഷങ്ങളിൽ ചെന്നൈ ജേഴ്‌സിയിൽ കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മുംബൈക്കായി അദ്ദേഹം ഏറെ കാലം കളിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം മികച്ചൊരു ക്യാപ്റ്റനായിരുന്നു. നിരവധി കിരീടങ്ങള്‍ മുംബൈക്കായി അദ്ദേഹം നേടിക്കൊടുത്തു. ക്യാപ്റ്റന്‍സിയില്‍ ഏത് ടീമില്‍ വേണമെങ്കിലും അദ്ദേഹത്തിന് മികവ് പ്രകടിപ്പിക്കാനാവും. എന്നാൽ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രോഹിതാണ്''- റായിഡു പറഞ്ഞു.

രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത് കടുത്ത തീരുമാനമായിരുന്നുവെന്ന് ടീമിന്റെ ഗ്ലോബല്‍ ഹെഡ് മഹേല ജയവർധനെ നേരത്തേ പ്രതികരിച്ചിരുന്നു. ആരാധകരെപ്പോലെ തങ്ങള്‍ക്കും ഏറെ വിഷമമുണ്ടാക്കിയ കാര്യമായിരുന്നു രോഹിതിന്റെ മാറ്റമെന്നും എന്നാല്‍ ഫ്രാഞ്ചൈസിയുടെ ഭാവിയെ കരുതിയാണ് ഇത്തരമൊരു കടുത്ത തീരുമാനം എടുത്തതെന്നുമാണ് മഹേല പറഞ്ഞത്.

''ഇതൊരു കടുത്ത തീരുമാനമായിരുന്നു, സത്യസന്ധമായി പറഞ്ഞാല്‍ വൈകാരികമായ തീരുമാനം, ആരാധകരുടെ പ്രതികരണം ന്യായമാണ്. എല്ലാവരും വികാരാധീനരാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ അതിനെയും ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും''- ജയവർധനെ പറഞ്ഞു.

2013ൽ റിക്കി പോണ്ടിങ്ങിൽനിന്നാണ് രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ് ധോണിക്കൊപ്പം ഏറ്റവും കൂടുതൽ കിരീടനേട്ടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്. 10 സീസണുകളിൽ മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്. 12 സീസണില്‍ നിന്നാണ് ധോണിയുടെ നേട്ടം.

2024 സീസണിലേക്കാണ് ഹര്‍ദികിനെ നായകനായി പ്രഖ്യാപിച്ചതെങ്കിലും ദീര്‍ഘകാല പദ്ധതിയാണെന്ന് വ്യക്തമാണ്. 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2021 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന താരം 2022ലെ മെഗാ ലേലത്തിനു മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ചേരുകയായിരുന്നു. ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചു ഹർദിക്.

രണ്ടാമത്തെ സീസണിൽ ഒരിക്കൽകൂടി ടീമിനെ ഫൈനലിലേക്കു നയിച്ചു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടാണ് ടീം അടിയറവ് പറഞ്ഞത്. ഇത്തവണ ലേലം ആരംഭിക്കുന്നതിനു മുന്നോടിയായാണ് മുംബൈ ഹർദികിനെ വീണ്ടും ടീമിലെത്തിച്ചത്.

TAGS :

Next Story