Quantcast

അന്ന് മുഹമ്മദ് അലി നദിയിലെറിഞ്ഞ ഒളിമ്പിക്സ് മെഡല്‍; ഇതൊരു പോരാട്ടത്തിന്‍റെ തുടര്‍ച്ച

പോരാട്ടങ്ങളുടെ ഭാഗമായി തങ്ങള്‍ രാജ്യത്തിന് വേണ്ടിയ നേടിയ മെഡലുകള്‍ വേണ്ടെന്ന് വക്കാന്‍ കായിക താരങ്ങള്‍ തീരുമാനിക്കുന്നത് ഇതാദ്യമായല്ല

MediaOne Logo

Web Desk

  • Published:

    30 May 2023 3:04 PM GMT

അന്ന് മുഹമ്മദ് അലി നദിയിലെറിഞ്ഞ ഒളിമ്പിക്സ് മെഡല്‍; ഇതൊരു പോരാട്ടത്തിന്‍റെ തുടര്‍ച്ച
X

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ തങ്ങള്‍ നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടു നിന്നത്. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴിക്കാന്‍ വൈകീട്ട് ഹരിദ്വാറിലെത്തി. വൈകാരികമായ സംഭവങ്ങളാണ് പിന്നീട് ഗംഗാ തീരത്ത് അരങ്ങേറിയത്. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് ഗുസ്തി താരങ്ങള്‍ പൊട്ടിക്കരഞ്ഞു.

ഹരിദ്വാറിലെത്തിയ ക‍ര്‍ഷക നേതാക്കളുടെ അഭ്യ‍ർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്. ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാകേഷ് ടി​കാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഹ​രി​ദ്വാ​റി​ൽ ഗു​സ്തി​താ​ര​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്തി ആ​ശ്വ​സി​പ്പി​ച്ചാ​ണ് അ​വ​രെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ച്ച​ത്. മെയ് 28 ന് ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ക്ക് നേരെ ക്രൂരമായ പൊലീസ് അതിക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

ചരിത്രത്തില്‍ ഇതാദ്യമായല്ല തങ്ങളുടെ മെഡലുകള്‍ വേണ്ടെന്ന് വക്കാന്‍ കായിക താരങ്ങള്‍ തീരുമാനിക്കുന്നത്. ഭരണകൂടത്തിന്‍റെ നീതിനിഷേധങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ ഇതിനു മുമ്പും കായിക ലോകം കണ്ടിട്ടുണ്ട്.

അമേരിക്കയുടെ ഇതിഹാസ ബോക്‌സർ മുഹമ്മദലി ക്ലേ തന്റെ ഒളിമ്പിക്‌സ് ഗോൾഡ് മെഡൽ ഓഹിയോ നദിയില്‍ വലിച്ചെറിഞ്ഞ സംഭവം ചരിത്ര പ്രസിദ്ധമാണ്. 1960 റോം ഒളിമ്പിക്‌സിൽ നേടിയ സ്വർണ മെഡലാണ് മുഹമ്മദ് അലി നദിയിലേക്ക് വലിച്ചെറിഞ്ഞത്. കായിക ചരിത്രം കണ്ട എക്കാലത്തേയും വലിയ പോരാട്ടത്തിന്റെ പ്രതീകമായി മാറുകയായിരുന്നു പിന്നീട് ക്ലേ. 1975 ൽ പുറത്തിറക്കിയ മുഹമ്മദ് അലിയുടെ ആത്മകഥയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. മുഹമ്മദ് അലിയുടേത് അമേരിക്കയിലെ വെള്ളക്കാരന്‍റെ വംശീയ ഹുങ്കിനെതിരായ പോരാട്ടമായിരുന്നു.

''ഒളിമ്പിക്‌സിന് ശേഷം സ്വർണ്ണ മെഡലുമായി ലൂയിസ്‌വില്ലെയിൽ ഞാന്‍ തിരിച്ചെത്തി. കറുത്ത വര്‍ഗക്കാര്‍ക്ക് ഭക്ഷണം നല്‍കില്ലെന്ന് എഴുതിവച്ച ഒരു ഹോട്ടലിലേക്ക് ഒരിക്കല്‍ ഞാന്‍ കടന്നു ചെന്നു. ഉച്ച ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ എന്നോട് പറഞ്ഞത് നീഗ്രോകള്‍ക്ക് ഇവിടെ ഭക്ഷണമില്ലെന്നാണ്. രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് മെഡല്‍ നേടിയ താരമെന്ന പരിഗണന പോലും അവിടെ എനിക്ക് ലഭിച്ചില്ല. അവരെന്നെ ഹോട്ടലില്‍ നിന്ന് പുറത്താക്കി. ആ സംഭവത്തിന് ശേഷം എന്‍റെ ഒളിമ്പിക്സ് മെഡലുമായി ഓഹിയോ നദിക്കരയിലേക്ക് ഞാന്‍ നടന്നു. എന്നിട്ടവ നദിയിലേക്ക് വലിച്ചെറിഞ്ഞു''- അലി തന്‍റെ ആത്മകഥയില്‍ എഴുതി. അലിയുടെ പോരാട്ടം പിന്നീട് ലോകമേറ്റെടുത്തു.

പില്‍ക്കാലത്ത് അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍റെ അവകാശപോരാട്ടങ്ങളുടെ മുന്‍നിരയില്‍ മുഹമ്മദലി ഉണ്ടായിരുന്നു. 1996 അറ്റ്‌ലാന്‍റ ഒളിമ്പിക്‌സിൽ വിറക്കുന്ന കൈകളുമായി ഉദ്ഘാടനത്തിരി കൊളുത്താൻ എത്തുമ്പോൾ പാർകിൻസൺ രോഗം ബാധിച്ച് അവശനായിരുന്നു മുഹമ്മദ് അലി. അപ്പോഴും അയാളുടെ നെഞ്ചിലെ പോരാട്ടത്തിന്റെ കനൽ കെടാതെ കൂടെയുണ്ടായിരുന്നു. അറ്റലാന്റിക് ഒളിമ്പിക്‌സിൽ വച്ച് ഓഹിയോയിൽ വലിച്ചെറിഞ്ഞ സ്വർണ മെഡലിന് പകരമായി മറ്റൊരു മെഡൽ നല്‍കി ഒളിമ്പിക്‌സ് കമ്മറ്റി മുഹമ്മദ് അലിയെ ആദരിച്ചു.

TAGS :

Next Story