തന്റെ മധ്യസ്ഥതയിലല്ലാതെയും ചര്‍ച്ചകള്‍ നടന്നു, സമാധാനത്തിനുള്ള കര്‍മപദ്ധതി തയ്യാറാക്കിയത് സിപിഎമ്മും ആര്‍എസ്എസും ചേര്‍ന്ന്: ശ്രീ എം
"ആര്‍എസ്എസ് ദേശീയവാദികളാണ്, അവര്‍ ഇന്ത്യയിലിരുന്ന് പാകിസ്താനു വേണ്ടി സംസാരിക്കില്ല"

തന്റെ മധ്യസ്ഥതയില്ലാതെയും സി.പി.എം-ആര്‍.എസ്.എസ് ചർച്ച നടന്നുവെന്ന് ആര്‍.എസ്.എസ് സഹയാത്രികൻ ശ്രീ എം. ചർച്ചക്ക് അടിത്തറയിടുക മാത്രമാണ് ചെയ്തത്. സമാധാനത്തിനായുള്ള കർമപദ്ധതി തയ്യാറാക്കിയത് സി.പി.എമ്മും ആര്‍.എസ്.എസും ചേർന്നാണെന്നും ചർച്ച ഫലം കണ്ടുവെന്നാണ് വിലയിരുത്തലെന്നും ശ്രീ എം മീഡിയവണിനോട് പറഞ്ഞു. കണ്ണൂരിൽ സംഘർഷം വലിയ തോതിൽ കുറഞ്ഞു. ആര്‍.എസ്.എസ് ദേശീയവാദികളാണെന്നും ശ്രീ എം. വ്യക്തമാക്കി.
സമാധാനം വേണ്ടെന്നും സി.പി.എമ്മും ആർ.എസ്.എസും ഏറ്റുമുട്ടുന്നത് തുടരണമെന്നും ആഗ്രഹിക്കുന്നവരുണ്ട്. ഇവർ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് രഹസ്യ ചർച്ചകൾ നടത്താൻ തീരുമാനിച്ചത്.
പിണറായി വിജയനുമായിട്ടാണ് ചർച്ചയെ കുറിച്ച് ആദ്യം സംസാരിക്കുന്നത്. തുടർന്ന് കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചു. കോടിയേരിയാണ് പി. ജയരാജനുമായി സംസാരിക്കാൻ ആവശ്യപ്പെട്ടത്. രാത്രിയിൽ കണ്ണൂർ ഗസ്റ്റ് ഹൗസിന്‍റെ ലൈറ്റ് ഹൗസിൽ വച്ചാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. ആളുകളെ കൊലപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന കാര്യമല്ലെന്നും എതിർവിഭാഗം അനുകൂലിക്കുമോ എന്ന് അറിയില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരിൽ നടന്ന രണ്ടാമത്തെ ചർച്ചയിൽ പി. ജയരാജൻ പങ്കെടുത്തിരുന്നുവെന്നും ശ്രീ എം വ്യക്തമാക്കി.
മനുഷ്യർ മരിച്ചുവീഴുന്നതു കണ്ടാണ് താന്‍ ഇടപെട്ടത്. മാനുഷികമായ ഇടപെടലായിരുന്നു അതെന്നും അദ്ദേഹം വിശദീകരിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ 2016ൽ നടത്തിയ പദയാത്രയിൽ ചിലർ അഭിപ്രായപ്പെട്ടത് അനുസരിച്ചാണ് മധ്യസ്ഥ ചർച്ച നടത്തിയതെന്ന് ശ്രീ എം പറഞ്ഞു. എനിക്ക് സിപിഎം നേതാക്കളുമായും ആർഎസ്എസ് നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് മധ്യസ്ഥതയ്ക്കു ശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതിനു മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് സിപിഎം കണ്ണൂരിൽ ഒരു യോഗാ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്‍റെ ഉദ്ഘാടനത്തിന് പിണറായി വിജയൻ എന്നെ വിളിച്ചു. രാഷ്ട്രീയ സംഘർഷം തീർക്കാൻ ഇരുകൂട്ടരും ആയുള്ള ഒരു ചർച്ച ആവാമോയെന്ന് അന്നു പിണറായിയോട് ചോദിച്ചു. അതിനു അപ്പുറത്തുള്ളവർക്കും കൂടി തോന്നേണ്ടേ എന്നായിരുന്നു പ്രതികരണം.
തിരുവനന്തപുരത്ത് യോഗാ കേന്ദ്രം തുടങ്ങാൻ സർക്കാർ നാലേക്കർ ഭൂമി അനുവദിച്ചത് പ്രതിഫലം എന്ന നിലയിൽ അല്ല. യോഗാ കേന്ദ്രം തുടങ്ങുന്നതിനു ഭൂമിക്കായി ഞങ്ങൾ അപേക്ഷ നൽകിയിരുന്നു. ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നൽകിയത്. അത് തെരഞ്ഞെടുപ്പിനു മുമ്പായി പരിഗണിക്കപ്പെട്ടെന്നു മാത്രം. വിവാദമായപ്പോൾ ആദ്യം പദ്ധതി ഉപേക്ഷിക്കാനാണ് തോന്നിയത്. പിന്നെ കരുതി ഉപേക്ഷിച്ചാൽ ആരോപണങ്ങളെല്ലാം ശരിയാണെന്നു സമ്മതിക്കലാവും. അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോവാനാണ് ഉദ്ദേശിക്കുന്നത്- ശ്രീ എം പറഞ്ഞു.
ശ്രീ എമ്മുമായി മീഡിയവണ്‍ നടത്തിയ വിശദമായ അഭിമുഖം കാണാം:
Adjust Story Font
16

