Quantcast

സൂപ്പർ സബ്ബായി മെസി; ബാഴ്‌സ ലാലിഗയിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറി ബാഴ്സ

ഗോളടിച്ചും രണ്ട് ഗോളിന് ചരടുവലിച്ചും മെസ്സി; റയലിനെ പിന്തള്ളി ബാഴ്‌സ രണ്ടാം സ്ഥാനത്ത്‌

MediaOne Logo

  • Published:

    8 Feb 2021 6:51 AM GMT

സൂപ്പർ സബ്ബായി മെസി; ബാഴ്‌സ ലാലിഗയിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറി ബാഴ്സ
X

ഒരു ഗോളിന് പിന്നിൽ നിൽക്കെ സബ്സ്റ്റിറ്റിയൂട്ടായിറങ്ങി ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് ചരടുവലിക്കുകയും ചെയ്ത സൂപ്പർതാരം ലയണൽ മെസിയുടെ മികവിൽ റയൽ ബെറ്റിസിനെ തോൽപ്പിച്ച് ബാഴ്‌സലോണ. എവേ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിന്റെ ജയം നേടിയ കാറ്റലൻസ് ലാലിഗ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. ലീഗിലെ മറ്റ് മത്സരങ്ങളിൽ റയൽ സോഷ്യദാദും ഒസാസുനയും വിജയിച്ചു.

അവസാനം കളിച്ച നാലു മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ലാത്ത ബെറ്റിസിനെതിരെ മെസ്സിയില്ലാത്ത പ്ലെയിങ് ഇലവനെയാണ് കോച്ച് റൊണാൾഡ് കൂമാൻ ഇറക്കിയത്. ഇരുപക്ഷത്തും അവസരങ്ങൾ പിറന്ന ആദ്യപകുതി അവസാനിക്കുമ്പോൾ 38-ാം മിനുട്ടിൽ ബോർഹ ഇഗ്ലേസിയാസ് നേടിയ ഒരു ഗോളിന് ആതിഥേയർ മുന്നിലായിരുന്നു. 38-ാം മിനുട്ടിൽ പ്രത്യാക്രമണത്തിൽ എമേഴ്‌സന്റെ ക്രോസിൽ നിന്നായിരുന്നു ബെറ്റിസിന്റെ ഗോൾ.

രണ്ടാംപകുതിയുടെ തുടക്കത്തിൽ ആക്രമണത്തിലൂടെ ബെറ്റിസ് ഭീഷണിയുയർത്തിയതോടെയാണ് റിക്കി പ്യൂജിനെ പിൻവലിച്ച് മെസിയെ ഇറക്കാൻ ബാഴ്‌സ കോച്ച് തീരുമാനിച്ചത്. 57-ാം മിനുട്ടിൽ കളത്തിലെത്തിയ സൂപ്പർ താരം രണ്ട് മിനുട്ടിനുള്ളിൽ ടീമിനെ ഒപ്പമെത്തിക്കുകയും ചെയ്തു. ഉസ്മാൻ ഡെംബലെയുടെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ അതിർത്തിയിൽ നിന്ന് മെസി തൊടുത്ത കാർപ്പറ്റ് ഷോട്ട് പോസ്റ്റിലുരുമ്മി വലയിൽ കയറിയതോടെയാണ് ബാഴ്‌സ ആരാധകരുടെ ശ്വാസം നേരെ വീണത്. 68-ാം മിനുട്ടിൽ മെസ്സി പ്രതിരോധം പിളർന്നു നൽകിയ പന്ത് സ്വീകരിച്ച ജോർദി ആൽബ ഗോൾമുഖത്തുള്ള ഗ്രീസ്മന് പന്ത് നൽകിയെങ്കിലും പന്ത് ഫ്രഞ്ച് താരത്തിന് കണക്ട് ചെയ്യാനായില്ല. പക്ഷേ, ബെറ്റിസ് താരം വിക്ടർ റുയിസിന്റെ കാലിൽ തട്ടിയ പന്ത് വലയിലെത്തിയതോടെ ബാഴ്‌സ ലീഡെടുത്തു.

എന്നാൽ, 75-ാം മിനുട്ടിൽ നബീൽ ഫകിറിന്റെ ഫ്രീകിക്കിൽ നിന്ന് ഹെഡ്ഡറുതിർത്ത് വിക്ടർ റൂയിസ് സെൽഫ് ഗോളിന് പ്രായശ്ചിത്തം ചെയ്തു. കളി സമനിലയായേക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ട്രിങ്കാവോ ആണ് ബാഴ്‌സക്ക് ജയവും മൂന്ന് പോയിന്റുമുറപ്പാക്കിയ മൂന്നാം ഗോൾ നേടിയത്. മെസി ബോക്‌സിലേക്കു നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ബെറ്റിസ് ഡിഫന്റർക്ക് പിഴച്ചപ്പോൾ പന്ത് കാൽക്കലാക്കിയ ട്രിങ്കാവോ തൊടുത്ത വോളി ക്രോസ്ബാറിൽ തൊട്ട് വലയിലെത്തുകയായിരുന്നു. പന്ത് പുറത്തേക്കാണ് പോകുന്നതെന്നു കരുതി അനങ്ങാതെ നിന്ന ബെറ്റിസ് കീപ്പറെ കബളിപ്പിച്ച ട്രിങ്കാവോയുടെ ഗോൾ മത്സരത്തിലെ മികച്ചതായി.

21 മത്സരങ്ങളിൽ 43 പോയിന്റുമായാണ് ബാഴ്‌സ അത്രയും പോയിന്റുള്ള റയൽ മാഡ്രിഡിനെ പിന്തള്ളി ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. ശനിയാഴ്ച റയൽ ഹെസ്‌കയെ തോൽപ്പിച്ചിരുന്നെങ്കിലും ഗോൾ ശരാശരി ബാഴ്‌സക്ക് ഗുണമായി. മിന്നും ഫോമിലുള്ള അത്‌ലറ്റികോ മാഡ്രിഡ് ആണ് ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ളത്. 19 മത്സരങ്ങളിൽ നിന്ന് 50 പോയിന്റാണ് ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന ടീമിനുള്ളത്. സീസണിൽ ഇതുവരെ ഒരു മത്സരം മാത്രം തോറ്റ അത്‌ലറ്റികോ ഇന്ന് രാത്രി 1.30 ന് സെൽറ്റ വിഗോയെ നേരിടുന്നുണ്ട്.

TAGS :

Next Story