പത്തനംതിട്ടയിൽ വീണ്ടും മത്സരിക്കുമെന്ന സൂചനയുമായി സുരേന്ദ്രൻ
സംസ്ഥാന ജാഥ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ടയിൽ ഇക്കുറിയും മത്സരത്തിനെത്തുമെന്ന സൂചന നൽകി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലും വിജയ സാധ്യത കാണുന്നതിനാൽ ഇവിടങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെയാവും അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം ഇരുപതിന് ആരംഭിക്കുന്ന സംസ്ഥാന ജാഥ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പത്തനംതിട്ടയിൽ ഇരു മുന്നണികൾക്കുമെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച ബി.ജെ.പി ഇക്കുറി പല മണ്ഡലങ്ങളിലും വിജയം ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ജില്ലയിലെ എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന കോന്നി, ആറന്മുള, അടൂർ മണ്ഡലങ്ങൾക്ക് പുറമെ മറ്റ് രണ്ടിടങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാവും അവതരിപ്പിക്കുകയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
കോന്നിയിലെ തന്റെ സ്ഥാനാർത്ഥിത്വം തള്ളാതിരുന്ന സുരേന്ദ്രൻ കേന്ദ്ര നിലപാടറിഞ്ഞ ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും വ്യക്തമാക്കി. എക്കാലവും പ്രാധാന്യം അർഹിക്കുന്ന ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റെ നടപടികൾ കൃത്യമായി ഓർമ്മിക്കപ്പെടും. ഗ്യാലറിയിൽ ഇരുന്ന് കളി കണ്ട കോൺഗ്രസാണ് ശബരിമല വിഷയത്തിൽ ഏറ്റവും വലിയ ഇരട്ടത്താപ്പ് കാണിച്ചതെന്നും വിശ്വാസികൾക്ക് വേണ്ടി ഒരക്ഷരം മിണ്ടാതിരുന്ന ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ ഏറ്റവും വലിയ ചതിയാണ് കാണിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
Adjust Story Font
16

