Quantcast

ചാറ്റ് ജിപിടിയോട് മിണ്ടാൻ പാടില്ലാത്ത എട്ട് കാര്യങ്ങൾ; പണികിട്ടും

ചില കാര്യങ്ങള്‍ നിര്‍മിതബുദ്ധിയോട് പങ്കുവെക്കുന്നത് സ്വകാര്യജീവിതത്തിന് അത്ര സുഖകരമാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്

MediaOne Logo

Web Desk

  • Published:

    24 Dec 2025 2:10 PM IST

ചാറ്റ്  ജിപിടിയോട് മിണ്ടാൻ പാടില്ലാത്ത എട്ട് കാര്യങ്ങൾ; പണികിട്ടും
X

എന്തിനും ഏതിനും എഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കാന്‍ മനപ്പൂര്‍വമല്ലെങ്കിലും ശീലിച്ചുകൊണ്ടിരിക്കുന്നവരാണ് നാം. പഠനാവശ്യാര്‍ത്ഥവും ജോലിസംബന്ധമായ കാര്യങ്ങളിലും നിര്‍മിതബുദ്ധിയുടെ സ്പര്‍ശമേല്‍ക്കാത്ത മേഖലകള്‍ ഇന്ന് വിരളം. എന്നാല്‍, എല്ലാ കാര്യങ്ങളും ചാറ്റ് ജിപിടിയോട് പങ്കുവെക്കാന്‍ വരട്ടെ. ചില കാര്യങ്ങള്‍ നിര്‍മിതബുദ്ധിയോട് പങ്കുവെക്കുന്നത് സ്വകാര്യജീവിതത്തിന് അത്ര സുഖകരമാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചാറ്റ് ജിപിടിയുമായി ഒരിക്കലും പങ്കുവെക്കരുതാത്ത എട്ട് കാര്യങ്ങളേതെന്ന് അറിഞ്ഞിരിക്കാം.

1. പാസ്‌വേര്‍ഡ് പോലെയുള്ള വ്യക്തിപരമായ വിവരങ്ങള്‍

പാസ്‌വേര്‍ഡ് പോലെയുള്ളതോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ ചാറ്റ് ജിപിടിയുമായി പങ്കുവെക്കുന്നത് ഒട്ടും ഭൂഷണമല്ല. സെന്‍സിറ്റീവ് വിവരങ്ങളെ ഭദ്രമാക്കിവെക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി അതിനെ ഒരിക്കലും പരിഗണിച്ചുകൂടാ. ആള്‍ക്കൂട്ടത്തിനിടയില്‍ അത് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ നിങ്ങള്‍ ആഗ്രഹിക്കാത്തത് പോലെ ചാറ്റ്‌ബോട്ടില്‍ പങ്കുവെക്കാതിരിക്കാനും ശ്രദ്ധ വേണം.

2. ബാങ്കിങ്, സാമ്പത്തികവിവരങ്ങള്‍

ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ഒരു കാരണവശാലും എഐ ചാറ്റ്‌ബോട്ടുകളുമായി പങ്കുവെക്കരുത്. അത് നിങ്ങളുടെ സമ്പാദ്യത്തിനും സ്വകാര്യതയ്ക്കും ഭീഷണിയാകാന്‍ സാധ്യതയേറെയാണ്.

3. രഹസ്യങ്ങള്‍

നിങ്ങളുടെ രഹസ്യങ്ങള്‍ രഹസ്യങ്ങളാണെന്ന് ഓര്‍മ എപ്പോഴും മനസിലുണ്ടായിരിക്കണം. മറ്റാരോടും പറയാതെ ഉള്ളിലൊളിപ്പിച്ച രഹസ്യങ്ങളെ ഒരു നിലക്കും എഐ ചാറ്റ്‌ബോട്ടുകളുടെ മുന്‍പില്‍ തുറന്നുവെക്കരുത്. ഓര്‍ക്കുക, നിങ്ങളുടെ വികാരങ്ങളെ സുരക്ഷിതമായി ഒളിപ്പിച്ചുവെക്കാന്‍ ചാറ്റ് ജിപിടി ഒരു മനുഷ്യനല്ല. അതീവസുരക്ഷ അര്‍ഹിക്കുന്ന ഒരു വിവരങ്ങളും പങ്കുവെക്കാതിരിക്കുന്നതാണ് നല്ലത്.

4. അടിയന്തര സാഹചര്യങ്ങളില്‍ തീരുമാനം ചോദിക്കരുത്

ഡ്രൈവിങിനിടയില്‍ ബ്രേക്ക് നഷ്ടപ്പെടുകയാണെങ്കില്‍ അപകടം ഒഴിവാക്കുന്നതിനായി ആ സമയം ചാറ്റ് ജിപിടിയെ അല്ല നിങ്ങള്‍ സമീപിക്കേണ്ടത്. ആദ്യം സ്വന്തം വിവേചനാധികാരം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുക. സാധ്യമായ സ്ഥലത്ത് അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കി വണ്ടി ഇടിച്ചുനിര്‍ത്തുക. അത്യന്തം ആപല്‍ക്കരമായ സാഹചര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ഒരിക്കലും ചാറ്റ് ജിപിടിയെ സമീപിക്കരുത്. സംഭവം നടക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ ആ സാഹചര്യം കഴിഞ്ഞതിന് ശേഷമോ സമീപിക്കുക.

5. ബ്രേക്കിങ് ന്യൂസ്, കറന്റ് അഫേഴ്‌സ്

യഥാര്‍ത്ഥ സമയത്തോടൊപ്പം സ്വയം പുതുക്കപ്പെടുന്ന രീതിയിലല്ല എഐ ചാറ്റ്‌ബോട്ടുകളുടെ നിര്‍മാണം. അതുകൊണ്ട് ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ചാറ്റ് ജിപിടിയെ ഉപയോഗിക്കുന്നത് ഉപകാരത്തേക്കാളേറെ ചില സമയങ്ങളില്‍ ഉപദ്രവമാണേല്‍പ്പിക്കുക. സ്റ്റോക്ക് ന്യൂസ്, വെബ് വിവരങ്ങള്‍, ഗ്യാസ് നിരക്ക്, സ്‌പോര്‍ട്‌സ് സ്‌കോറുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ചാറ്റ് ജിപിടിയോട് ചോദിക്കുകയാണെങ്കില്‍ പലപ്പോഴും കാലഹരണപ്പെട്ടതായിരിക്കും മറുപടി. അതുകൊണ്ട്, അത്യാവശ്യമായ വിവരങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍ വാര്‍ത്താ സമ്മേളനങ്ങളോ ന്യൂസ് സൈറ്റുകളോ ആശ്രയിക്കുക.

6. ആരോഗ്യസംബന്ധമായ സംശയങ്ങള്‍

നിങ്ങളുടെ ആരോഗ്യനില സംരക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് ചില നുറുങ്ങുവഴികള്‍ ചാറ്റ് ജിപിടി പറഞ്ഞുതരാറുണ്ടെന്ന് കരുതി അതൊരിക്കലും നിങ്ങളുടെ ഡോക്ടറോ തെറാപ്പിസ്റ്റോ ആകുന്നില്ല. മെഡിക്കല്‍ ഉപദേശങ്ങള്‍ക്കോ ചികിത്സാ പ്ലാനിങുകള്‍ക്കോ ചാറ്റ് ബോട്ടുകളെ ആശ്രയിക്കരുത്. മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ക്ക് പരിഹാരം തേടാന്‍ എല്ലായ്‌പ്പോഴും അതുമായി ബന്ധപ്പെട്ട ആരോഗ്യവിദഗ്ധനെ സമീപിക്കുക.

7. പ്രണയബന്ധങ്ങള്‍

ചാറ്റ് ജിപിടി ഒരു വ്യക്തിയല്ലെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കുന്നതാണ് സുരക്ഷിതം. നിങ്ങളുടെ പ്രണയജോഡിയായിട്ടോ ലൈംഗികച്ചുവയോടെയുള്ള സംസാരങ്ങള്‍ക്ക് മറുപടി തരാന്‍ പാകത്തിലോ അല്ല ചാറ്റ് ജിപിടിയുടെ നിര്‍മാണം. വൈകാരിക ബന്ധങ്ങള്‍ക്കും മാനുഷികമായി ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

8. ലോകത്ത് മറ്റൊരാളും അറിയരുതെന്ന് നിങ്ങള്‍ കരുതുന്ന കാര്യങ്ങള്‍

എഐ ചാറ്റ്‌ബോട്ടുകളുമായി പങ്കിടുന്നതെന്തും മറ്റുള്ളവര്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധ്യതയുള്ളതാണെന്ന് ഓര്‍ക്കുക. ലോകത്ത് നിങ്ങളല്ലാതെ മറ്റാരും അറിയരുതെന്ന് കരുതുന്ന കാര്യങ്ങളെല്ലാം നിങ്ങള്‍ക്കുള്ളില്‍ തന്നെ കുഴിച്ചുമൂടുക. ചാറ്റ് ജിപിടിയും വേള്‍ഡ് വൈഡ് വെബിന്റെ ഭാഗമാണെന്ന് ഓര്‍മ വേണം.

TAGS :
Next Story