Quantcast

ഐഫോണിനെ വെല്ലുമോ ട്രംപിന്‍റെ സ്മാര്‍ട്ട്ഫോണ്‍ 'ടി വണ്‍'?

ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലാണ് എറിക് ട്രംപും ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ചേര്‍ന്ന് ട്രംപ് മൊബൈല്‍ പ്രഖ്യാപിക്കുന്നത്. 499 യുഎസ് ഡോളര്‍, ഏകദേശം 42,000 രൂപ വിലയുള്ള 'ടി 1' എന്ന സ്മാര്‍ട്ട്‌ഫോണും 47.45 ഡോളര്‍ പ്രതിമാസ വരിസംഖ്യയുള്ള മൊബൈല്‍ സേവനവുമാണ് ആദ്യ പദ്ധതി

MediaOne Logo

Web Desk

  • Updated:

    2025-06-30 07:59:04.0

Published:

30 Jun 2025 1:26 PM IST

ഐഫോണിനെ വെല്ലുമോ ട്രംപിന്‍റെ സ്മാര്‍ട്ട്ഫോണ്‍ ടി വണ്‍?
X

“I have long ago informed Tim Cook of Apple that I expect their iPhones that will be sold in the United States of America will be manufactured and built in the United States, not India, or anyplace else..”

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളാണിത്. കഴിഞ്ഞ മേയ് മാസം ആപ്പിളിനും സാംസങ്ങിനുമെല്ലാമെതിരെ ട്രംപ് ഉയര്‍ത്തിയ ഭീഷണിയായിരുന്നു അത്. ഇന്ത്യയിലും ചൈനയിലുമൊക്കെ ഫോണ്‍ നിര്‍മിക്കുന്നത് നിര്‍ത്തി പ്രൊഡക്ഷന്‍ അമേരിക്കയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. ഈ കമ്പനികള്‍ക്ക് എല്ലാ പിന്തുണയും സഹായങ്ങളും നല്‍കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഇനി അവര്‍ അമേരിക്കയിലേക്ക് ഉല്‍പാദനം മാറ്റണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഇല്ലെങ്കില്‍ 25 ശതമാനം ചുമത്തുമെന്നു ഭീഷണിയും മുഴക്കി. നേരിട്ടും അല്ലാതെയും യുഎസ് പ്രസിഡന്റ് പലതവണ ഭീഷണി മുഴക്കിയിട്ടും ആപ്പിള്‍ തലവന്‍ ടിം കുക്ക് കുലുങ്ങിയില്ല. തീരുവയുദ്ധത്തില്‍ നഷ്ടം നേരിട്ടിട്ടും ചൈനയിലും ഇന്ത്യയിലുമുള്ള പ്രൊഡക്ഷന്‍ തുടര്‍ന്നു കമ്പനി.

എന്നാല്‍, തീരുവയുദ്ധത്തിന്റെ കോലാഹലങ്ങള്‍ക്കിടെയാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ കൗതുകമുണര്‍ത്തുന്നൊരു പ്രഖ്യാപനം നടത്തുന്നത്. 'ട്രംപ് മൊബൈല്‍' എന്ന പേരില്‍ കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാന്‍ പോകുകയാണെന്നായിരുന്നു പ്രഖ്യാപനം. വെറും ഫോണല്ല, 'മെയ്ഡ് ഇന്‍ യുഎസ്എ' ഗോള്‍ഡന്‍ ഫോണ്‍. എല്ലാ അര്‍ഥത്തിലും സമ്പൂര്‍ണമായ ആദ്യ അമേരിക്കന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണ്‍.

എന്താണ് ട്രംപിന്റെ സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതി? ആപ്പിളും സാംസങ്ങും ഷവോമിയുമെല്ലാം ഭരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് ട്രംപ് മൊബൈല്‍ എന്തെങ്കിലും ചലനമുണ്ടാക്കുമോ? റിയല്‍ എസ്റ്റേറ്റും റീട്ടെയിലും ഹോസ്പിറ്റാലിറ്റിയും കഴിഞ്ഞ് ടെലക്കോം രംഗത്തേക്കും ട്രംപ് കാലെടുത്തുവയ്ക്കുന്നതിനു പിന്നിലെ രാഷ്ട്രീയമെന്ത്? വിശദമായി പരിശോധിക്കാം..

ജൂണ്‍ 16ന് ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ നടന്ന ചടങ്ങിലാണ് ട്രംപിന്റെ മക്കളായ എറിക് ട്രംപും ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ചേര്‍ന്ന് ട്രംപ് മൊബൈല്‍ പ്രഖ്യാപിക്കുന്നത്. 499 യുഎസ് ഡോളര്‍, ഏകദേശം 42,000 രൂപ വിലയുള്ള 'ടി 1' എന്ന സ്മാര്‍ട്ട്‌ഫോണും 47.45 ഡോളര്‍ പ്രതിമാസ വരിസംഖ്യയുള്ള മൊബൈല്‍ സേവനവുമാണ് ആദ്യ പദ്ധതി. എന്നാല്‍, ഈ പറഞ്ഞതൊന്നും കൊണ്ടല്ല പ്രഖ്യാപനം ആഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഫോണിന്റെ ലുക്കും കമ്പനിയുടെ അവകാശവാദങ്ങളുമായിരുന്നു അതിനു കാരണം.

'മെയ്ഡ് ഇന്‍ യുഎസ്എ' എന്ന പ്രഖ്യാപനം തന്നെയാണ് അക്കൂട്ടത്തില്‍ ഒന്നാമതുള്ളത്. ആഗോളവിപണിയിലുള്ള മൊബൈല്‍ ഫോണുകളുടെ 60-70 ശതമാനവും നിര്‍മിക്കുന്നത് ചൈനയില്‍നിന്നാണ്. ലോകത്തെ 80 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ സാമഗ്രികളും ഉല്‍പാദിപ്പിക്കുന്നതും ചൈനയില്‍ തന്നെയാണ്. അങ്ങനെയിരിക്കെ, പുറത്തുനിന്ന് ഒരു തരി സാധനം പോലും അസംബിള്‍ ചെയ്യാതെ, നൂറുശതമാനവും അമേരിക്കയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും 'ടി വണ്‍' എന്നാണ് കമ്പനിയുടെ അവകാശവാദം. പൂര്‍ണമായും സ്വര്‍ണനിറത്തിലുള്ള ഡിസൈനും, ഫോണില്‍ മുദ്രണം ചെയ്ത യുഎസ് പതാകയും 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' വാചകവുമാണ് കൗതുകമുണര്‍ത്തുന്ന മറ്റു കാര്യങ്ങള്‍. 'അമേരിക്കന്‍ മൂല്യങ്ങള്‍' പ്രതിഫലിപ്പിക്കുന്ന, 'ദേശഭക്തര്‍ക്കായി ദേശഭക്തര്‍' നിര്‍മിക്കുന്ന ഉല്‍പ്പന്നം എന്നാണ് കമ്പനി നല്‍കുന്ന വിശേഷണവും.

കമ്പനി വാഗ്ദാനം ചെയ്യുന്ന 'ടി വണ്‍' ഫീച്ചറുകള്‍ പറയാം...

6.25 ഇഞ്ച് AMOLED പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ ആണ് ഒന്നാമത്തെ ഫീച്ചര്‍. ആദ്യം 6.78 ഇഞ്ചാകുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റം വരുത്തുകയായിരുന്നു. 256 ജിബി എക്‌സ്പാന്‍ഡബിള്‍ ഇന്റേണല്‍ സ്റ്റോറേജ് ആണ് മറ്റൊരു ഫീച്ചര്‍.

കിടിലന്‍ ക്യാമറ ഫീച്ചറും അവകാശപ്പെടുന്നുണ്ട്. 50 മെഗാപിക്‌സലിന്റെ മെയിന്‍ ക്യാമറ, രണ്ട് മെഗാപിക്‌സല്‍ ഡെപ്ത്, മാക്രോ ലെന്‍സുകള്‍, 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ ഒക്കെയാണ് അവകാശവാദങ്ങള്‍.

അണ്ടര്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും എഐ ഫേസ് അണ്‍ലോക്ക് സെക്യൂരിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 15 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 5000 mAh ബാറ്ററിയും. 3.5 എംഎ ഹെഡ്‌ഫോണ്‍ ജാക്കും 5ജി കണക്റ്റിവിറ്റിയുമാണ് മറ്റു ഫീച്ചറുകള്‍.

സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായി നിര്‍മിക്കുമ്പോഴും നേരിട്ട് മൊബൈല്‍ സേവന വിതരണത്തിലേക്കു കടക്കുന്നില്ല ഇപ്പോള്‍. അമേരിക്കയിലെ ടെലക്കോം സേവനദാതാക്കളായ എടി ആന്‍ഡ് ടി, വെരിസോണ്‍, ടി മൊബൈല്‍ എന്നിവയുടെ 5എ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ വെര്‍ച്വല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ ഉപയോഗിച്ചായിരിക്കും നെറ്റ്വര്‍ക്ക് സേവനങ്ങള്‍ വിതരണം ചെയ്യുക.

47.45 ഡോളറിന്റെ പ്രതിമാസ പ്ലാനില്‍ അണ്‍ലിമിറ്റഡ് ടോക്ക്, ടെക്സ്റ്റ്, ഡാറ്റ, ടെലിഹെല്‍ത്ത്, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 100 രാജ്യങ്ങളിലേക്ക് അണ്‍ലിമിറ്റഡ് ടെക്സ്റ്റിങ് എന്നിവ ഓഫര്‍ ചെയ്യുന്നുണ്ട്.

ട്രംപ് കാലങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന 'അമേരിക്ക ഫസ്റ്റ്' നയം തന്നെയാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലേക്കും കാലെടുക്കുവയ്ക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് കമ്പനിയുടെ വിശദീകരണം. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന രാഷ്ട്രീയ മുദ്രാവാക്യം തന്നെയാണു കമ്പനിയുടെയും പ്രചോദനം.

എന്നാല്‍, സമ്പൂര്‍ണ അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവകാശവാദങ്ങളില്‍നിന്ന് കമ്പനി പതുക്കെ പിന്‍വാങ്ങിയതായുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ട്രംപ് മൊബൈല്‍ 'ടി വണ്‍' ഫോണ്‍ 'യുഎസില്‍ ഡിസൈന്‍ ചെയ്യപ്പെടുകയും നിര്‍മിക്കപ്പെടുകയും' ചെയ്യുമെന്നാണ് നേരത്തെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ദിവസങ്ങള്‍ക്കുമുന്‍പ് ഈ വാചകങ്ങളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. 'അമേരിക്കന്‍ മൂല്യങ്ങളോടെ ഡിസൈന്‍ ചെയ്തത്' എന്നും 'അമേരിക്കന്‍ കൈകളാല്‍ ജീവന്‍ നല്‍കിയത്' എന്നുമായി ഇതു ചെറുതായി തിരുത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ വലിയ ശത്രുക്കളായ ചൈന തന്നെയാകും 'ടി വണ്‍' ഫോണും നിര്‍മിക്കുക എന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. നിലവില്‍ യുഎസില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാന്‍ ആവശ്യമായ ഹൈടെക് സപ്ലൈ ചെയിന്‍ ഇല്ല എന്നാണ് ഇതിനു കാരണമായി സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ചൈനീസ് ഫോണായ വിങ്‌ടെക് റെവോള്‍ 7 പ്രോ 5ജിയുടെ റീബ്രാന്‍ഡഡ് പതിപ്പാകും ഇതെന്നും ചില ടെക്കികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് എന്നതാണു രസകരമായ കാര്യം.

Summary: All about Donald Trump's smartphone 'T 1'

TAGS :
Next Story