Quantcast

ആമസോണിൽ നിന്ന് വിരമിക്കാനൊരുങ്ങി ജെഫ് ബ്ലാക്ക്ബേൺ

1998ലാണ് ജെഫ് ആമസോണിൽ ചേർന്നത്. തുടർന്ന് സീനിയർ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു

MediaOne Logo

Web Desk

  • Published:

    4 Dec 2022 3:00 PM GMT

ആമസോണിൽ നിന്ന് വിരമിക്കാനൊരുങ്ങി ജെഫ് ബ്ലാക്ക്ബേൺ
X

ആമസോൺ വിടാനൊരുങ്ങി ജെഫ് ബ്ലാക്ക്ബേൺ. Amazon.com-ന്റെ ടോപ് മീഡിയ എക്സിക്യൂട്ടീവ് ആണ് ഇദ്ദേഹം. 2023ൽ ജെഫ് വിരമിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന. ഇതോടെ ബ്ലാക്ക്ബേണിന്റെ നേതൃത്വത്തിലുള്ള മീഡിയ, എന്റർടൈൻമെന്റ് ബിസിനസുകൾ നിലവിലെ എക്സിക്യൂട്ടീവുമാരായ മൈക്ക് ഹോപ്കിൻസ്, സ്റ്റീവ് ബൂമും നയിക്കും. പ്രൈം വീഡിയോ, ആമസോൺ സ്റ്റുഡിയോ, മ്യൂസിക്, ഓഡിബിൾ, ഗെയിമുകൾ, ട്വിച്ച് എന്നിവയാണ് ജെഫ് മേൽനോട്ടം വഹിച്ചിരുന്ന ബിസിനസുകൾ.

1998ലാണ് ജെഫ് ആമസോണിൽ ചേർന്നത്. തുടർന്ന് സീനിയർ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2021 ഫെബ്രുവരിയിൽ താത്കാലികമായി ആമസോൺ വിട്ടെങ്കിലും അധികം വൈകാതെ 2021 മെയിൽ തന്നെ അദ്ദേഹം കമ്പനിയിലേക്ക് തിരിച്ചെത്തി.

"2023 വേറിട്ട രീതിയിൽ ചെലവഴിക്കാനാണ് എന്റെ ആഗ്രഹം. കുടുംബത്തിന് കൂടുതൽ സമയം നൽകണമെന്ന് വിചാരിക്കുന്നു. ഇതൊരു ശരിയായ തീരുമാനമായാണ് തോന്നുന്നത്"; വിരമിക്കൽ സൂചന നൽകിക്കൊണ്ട് ജെഫ് പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ, റിങ്‌സ് ഓഫ് പവർ പോലുള്ള ഷോകളുടെ വിജയത്തിനും ഈ വർഷം സിനിമാ സ്റ്റുഡിയോ എം‌ജി‌എം ഏറ്റെടുത്തതിനും പിന്നിൽ ജെഫ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് ആമസോൺ പറയുന്നു.

അതേസമയം, ഈ വർഷം നവംബറിൽ തുടങ്ങിയ ആമസോണിലെ കൂട്ടപ്പിരിച്ചുവിടൽ അടുത്ത വർഷം വരെ നീളുമെന്നാണ് റിപ്പോർട്ട്. സിഇഒ ആൻഡി ജാസി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളിലെ 260 കോർപ്പറേറ്റ് തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആമസോൺ ഇതിനകം അറിയിച്ചിട്ടുണ്ട്. പിരിച്ചുവിടപ്പെട്ടവർക്കായി, ആമസോൺ സെവേറൻസ് പാക്കേജുകളും വാഗ്ദാനം ചെയ്തിരുന്നു.

ഈ വർഷം കൂട്ട പിരിച്ചുവിടലുകൾക്ക് സാക്ഷ്യം വഹിക്കുന്ന നിരവധി ടെക് കമ്പനികളിൽ ഒന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയായ ആമസോൺ. മെറ്റായിലും ട്വിറ്ററിലും ആയിരക്കണക്കിന് ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.

TAGS :
Next Story