ചോദിച്ചാല്‍ എന്തും പറയുന്ന ചാറ്റ് ജിപിടിക്ക് ഒരു ചോദ്യത്തിന് മാത്രം ഉത്തരമില്ല, ഏതാണെന്നറിയാം
ഉപകാരികളാകുന്ന ചാറ്റ് ജിപിടി ചിലപ്പോഴൊക്കെ അപകടകാരികളായി മാറുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്

പുതിയ കാലത്ത് പല കാര്യങ്ങള്‍ക്കും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവരാണ് നാം. എഐ ചാറ്റ് ബോട്ടുകള്‍ ഉപകാരികളാകുന്നതും ചിലപ്പോഴൊക്കെ അപകടകാരികളായതുമായ സംഭവങ്ങള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. തൊട്ടതിനും പിടിച്ചതിനുമെല്ലാം എഐയെ ഉപയോഗിക്കുന്ന പുതിയ കാലത്ത് നിലവില്‍ സമയം എത്രയാണെന്ന് എപ്പോഴെങ്കിലും ചാറ്റ് ജിപിടിയോട് ചോദിച്ചിട്ടുണ്ടോ?
ചോദിക്കുന്നതിനെല്ലാം ചാടിക്കയറി മറുപടി പറയുന്ന, ആവശ്യപ്പെട്ടതിനനുസരിച്ച് ചിത്രങ്ങള്‍ തയ്യാറാക്കിത്തരുന്ന, തെറ്റും തിരുത്തുമെല്ലാം ചൂണ്ടിക്കാട്ടിത്തരാറുള്ള, എന്തിനും ഏതിനും തയ്യാറായ ചാറ്റ് ജിപിടിയോട് ഇതെത്രയാണ് സമയമെന്ന് ചോദിച്ചാല്‍ കൈ മലര്‍ത്തുന്ന കാഴ്ചയാണ് കാണാനാകുക.
സമയം എത്രയെന്ന് ചോദിക്കുന്ന മാത്രയില്‍ തന്റെ സൃഷ്ടിപ്പിലെ പരിമിതികളെ കുറിച്ചാണ് ചാറ്റ് ജിപിടി മറുപടി പറയുക. 'എന്റെ പക്കല്‍ റിയല്‍ ടൈം ക്ലോക്ക് ഇല്ല, ആയതിനാല്‍, നിലവില്‍ നിങ്ങളുടെ ഫോണിലെ സമയമോ മറ്റെവിടെയെങ്കിലോ ഉള്ള സമയം പറഞ്ഞുതരാന്‍ എനിക്കാവില്ല.' ഇതായിരിക്കും സമയം തേടിയുള്ള ചോദ്യത്തിന് ചാറ്റ് ജിപിടി നല്‍കുന്ന മറുപടി. കൂടാതെ, കൃത്യമായ സമയപരിപാലനത്തിന് നിങ്ങളുടെ ഡിവൈസ് പരിശോധിക്കണമെന്ന് ഉപദേശവും.
ചോദിക്കുന്നതിനെല്ലാം മറുപടി പറയുന്ന ചാറ്റ് ജിപിടി ഈ ചോദ്യത്തിന് മാത്രം എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഐ റോബോട്ടിക്‌സ് വിദഗ്ധന്‍ യെര്‍വന്ത് കുല്‍ബഷ്യാന്‍. ചാറ്റ് ജിപിടിയിലെ ഈ ബ്ലൈന്‍ഡ് സ്‌പോട്ടിന് പിന്നിലെ കാരണം അതിലെ ഫംങ്ഷനുകള്‍ നേരത്തെ സ്‌പേസിലുള്ള ഭാഷയും പദങ്ങളും ഉപയോഗിച്ചുകൊണ്ടുള്ളതാണ് എന്നതാണ്. സ്‌പേസിലുള്ള കാര്യങ്ങള്‍ മാത്രമേ അതില്‍ ലഭ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
'എഐ കോണ്‍ടെക്‌സ്റ്റ് വിന്‍ഡോയിലാണ് പ്രധാന പ്രശ്‌നം. ഒരേ സമയം ഒരു സംഭാഷണം മാത്രം പ്രോസസ് ചെയ്യാനാകുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആവര്‍ത്തിച്ചുള്ള സംഭാഷണം ചാറ്റ് ജിപിടിയുടെ കോണ്‍ടെക്‌സ്റ്റ് വിന്‍ഡോയുടെ ക്വാളിറ്റിയില്‍ വിള്ളല് വീഴ്ത്തുകയും പ്രാഥമികമായ ചില കാര്യങ്ങളില്‍ പോലും അബദ്ധം സംഭവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു'. കുല്‍ബഷ്യാന്‍ പറഞ്ഞു.
ചാറ്റ് ജിപിടിക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കിലും മൊത്തം എഐ ചാറ്റ് ബോട്ടുകള്‍ ഇങ്ങനെയാണെന്ന് കരുതേണ്ടതില്ല. ചാറ്റ് ജിപിടിക്ക് സമാനമായ ഗൂഗ്ള്‍ ജെമിനി, മൈക്രോസോഫ്റ്റ് കോപ്പിലോട്ട്, ഗ്രോക്ക് തുടങ്ങിയവയിലെല്ലാം കൃത്യമായ സമയം പറഞ്ഞുതരാനുള്ള സംവിധാനമുണ്ട്.
ചാറ്റ് ജിപിടിയുടെ ഈയൊരു പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കെ പാസ്‌ക്വല്‍ മിനര്‍വിവിയെന്ന കമ്പ്യൂട്ടര്‍ സയന്റിസ്റ്റ് പരിഹാരം കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താവിന്റെ സമയ ഉപകരണങ്ങളിലേക്ക് ആക്‌സസുള്ള ഡെസ്‌ക്ടോപ് ആപ്പിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ നിലവിലെ സമയം കണ്ടെത്താനാകുമെന്ന് ഇദ്ദേഹം തെളിയിക്കുകയുണ്ടായി.
ഉപയോക്താവിന്റെ ബില്‍റ്റ്-ഇന്‍ സമയ ഉപകരണങ്ങളിലേക്ക് ആക്സസ് ഉള്ള ഒരു ഡെസ്‌ക്ടോപ്പ് ആപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ നിലവിലെ സമയം കണ്ടെത്താന്‍ ചാറ്റ് ജിപിടിയോട് ആവശ്യപ്പെടാനാകുമെന്നും കൃത്യമായ മറുപടി ലഭിക്കുമെന്നും ഇവർ തെളിയിച്ചു.
Adjust Story Font
16

