Quantcast

ഡിജിലോക്കറിലാണോ രേഖകള്‍ കൊണ്ടുനടക്കാറുള്ളത്? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ആപ്പ് പണിതരുമെന്ന് കേന്ദ്രം

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പായി അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്‍റേതാണ് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    2 Dec 2025 5:51 PM IST

ഡിജിലോക്കറിലാണോ രേഖകള്‍ കൊണ്ടുനടക്കാറുള്ളത്? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ആപ്പ് പണിതരുമെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: ലൈസന്‍സ്, ആര്‍സി മുതലായ രേഖകള്‍ നനയാതെ, നശിക്കാതെ സൂക്ഷിക്കാന്‍ ഡിജിലോക്കര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരാണോ? സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈലിലുണ്ടെന്ന ധൈര്യത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നവരാണോ? ആപ്പുകളെ കണ്ണടച്ച് വിശ്വസിക്കുകയാണെങ്കില്‍ പണിയാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

രേഖകള്‍ കയ്യില്‍ സൂക്ഷിക്കാന്‍ മടിയായത് കാരണം എല്ലാം ഡിജിറ്റലൈസ് ചെയ്ത് ശീലിച്ച പുതിയ കാലത്താണ് നാം ജീവിക്കുന്നത്. എല്ലാം ഞൊടിയിടയില്‍ വിരല്‍ത്തുമ്പിലെത്തുന്ന കാലത്ത് സാങ്കേതികമായ സൗകര്യങ്ങളെ ഉപയോഗിക്കാതെ മാറിനില്‍ക്കുന്നത് മണ്ടത്തരമാണെങ്കിലും ഒരല്‍പ്പം കരുതലാകാമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ തുടങ്ങിയവയിലൂടെ ഡിജിലോക്കര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പായി അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഡിജിറ്റല്‍ ഇന്ത്യ എക്‌സ് ഹാന്‍ഡില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്.

ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പായി അവയുടെ ആധികാരികത കൃത്യമായി ഉറപ്പുവരുത്തണം. വ്യാജമായ ഡിജിലോക്കര്‍ ആപ്പുകള്‍ ഉപയോക്താക്കളെ കബളിപ്പിക്കാനും അവരുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനും ഉപയോഗിക്കുന്നുവെന്നാണ് പോസ്റ്റില്‍.

നിരവധിയാളുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനായി ഉപയോക്താക്കള്‍ ഔദ്യോഗിക ആപ്പിന്റെ ലോഗോ, ഡെവലപ്പര്‍ നാമം, ഡൗണ്‍ലോഡുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പോസ്റ്റില്‍ കേന്ദ്രമന്ദ്രാലയം പറയുന്നു.

ഔദ്യോഗിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഗവണ്‍മെന്റ് അംഗീകൃതമായ സംവിധാനമാണ് ഡിജിലോക്കര്‍. പേരിലുള്ളത് പോലെ ഓണ്‍ലൈന്‍ ലോക്കര്‍ പോലെയാണ് സംവിധാനിച്ചിരിക്കുന്നത്. കടലാസിന്റെ രൂപത്തിലുള്ള രേഖകള്‍ക്ക് പകരം ഡിജിലോക്കറില്‍ ചേര്‍ത്ത ഡിജിറ്റല്‍ രേഖകള്‍ക്ക് വിമാനത്താവളങ്ങളിലടക്കം പലയിടങ്ങളിലും സ്വീകാര്യമാണ്.

നിരവധി രേഖകള്‍ ശേഖരിച്ചുവെക്കാനാകുന്ന തരത്തിലാണ് ഡിജിലോക്കറിന്റെ പ്രവര്‍ത്തനം. ഐഡന്റിറ്റി രേഖകളായ ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍, മാര്‍ക്ക്ഷീറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍ഷുറന്‍സ് പേപ്പറുകള്‍ എന്നിവ കൂടാതെ മറ്റനവധി രേഖകള്‍ ഡിജിറ്റലായി ശേഖരിച്ചുവെക്കാന്‍ ഡിജിലോക്കര്‍ സഹായകമാണ്. അവശ്യനേരങ്ങളില്‍ കാണാതാകുകയോ തെരഞ്ഞ് നേരം കളയുകയോ ചെയ്യുന്നതിന് പകരം രേഖകള്‍ ശേഖരിച്ചുവെക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധി കൂടിയാണിത്.

ഉപകാരങ്ങള്‍ നിരവധിയാണെങ്കിലും ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്രം. തിരിഞ്ഞുകൊത്തുന്നതിന് മുമ്പായി ആപ്പിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.

TAGS :
Next Story