Quantcast

ശമ്പളഘടനയില്‍ മാറ്റം വരുത്തി ഗൂഗിള്‍; മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കൂടുതല്‍ ബോണസ് വാഗ്ദാനം

ജോലിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റമെന്ന് ഗൂഗിളിന്റെ ഗ്ലോബല്‍ കോമ്പന്‍സേഷന്‍ ആന്റ് ബെനഫിറ്റ്‌സ് വൈസ് പ്രസിഡന്റ് ജോണ്‍ കേസി ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    30 April 2025 9:32 PM IST

ശമ്പളഘടനയില്‍ മാറ്റം വരുത്തി ഗൂഗിള്‍; മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കൂടുതല്‍ ബോണസ് വാഗ്ദാനം
X

കാലിഫോര്‍ണിയ: ശമ്പളഘടനയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങുകയാണ് ഗൂഗിള്‍. ജോലിക്കാരുടെ പ്രകടനം വിലയിരുന്ന സംവിധാനത്തില്‍ മാറ്റം വരുത്താനും അതുവഴി മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് കൂടുതല്‍ ബോണസും സമ്മാനങ്ങളും നല്‍കാനുമാണ് കമ്പനിയുടെ തീരുമാനം.

ജോലിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റമെന്ന് ഗൂഗിളിന്റെ ഗ്ലോബല്‍ കോമ്പന്‍സേഷന്‍ ആന്റ് ബെനഫിറ്റ്‌സ് വൈസ് പ്രസിഡന്റ് ജോണ്‍ കേസി ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു. കൂടുതല്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക വിലയിരുത്തലുകളില്‍ 'മികച്ച പ്രകടനത്തിനുള്ള' അവസരം പുതിയ പരിഷ്‌കരണത്തിലൂടെ ലഭിക്കുമെന്നും മെയിലില്‍ വ്യക്തമാക്കുന്നു.

ഉയര്‍ന്ന രീതിയിലുള്ള പ്രകടനമാണ് പ്രധാനമെന്നും കമ്പനിക്കു വേണ്ടി മികച്ച സംഭാവനകള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനു വേണ്ടിയാണ് മാറ്റങ്ങളെന്നും കേസി കൂട്ടിച്ചേര്‍ത്തു.

ഗൂഗിളിന്റെ വാര്‍ഷിക വിലയിരുത്തല്‍ സംവിധാനമായ ഗൂഗിളര്‍ റിവ്യൂസ് ആന്റ് ഡെവലപ്‌മെന്റിലാണ് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. നിലവിലെ രീതി പ്രകാരം കാര്യമായ പുരോഗതിയുണ്ടായിട്ടുള്ള ജീവനക്കാര്‍ക്ക് പ്രത്യേക വിഭാഗമുണ്ടായിരുന്നില്ല. പുതിയ പരിഷ്‌കരണത്തോടെ ഈ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കാനും മാനേജര്‍മാര്‍ക്ക് കൂടുതല്‍ പേരെ ഇതിലുള്‍പ്പെടുത്താനും സാധിക്കും.

അതേസമയം, വിലയിരുത്തലില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് ലഭിക്കുന്ന ബോണസില്‍ ചെറിയ കുറവു വരാന്‍ സാധ്യതയുണ്ട്. മികച്ച പ്രകടനത്തിലേക്ക് എത്തുക എന്നതായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്നും കേസി അയച്ച മെയിലില്‍ പറയുന്നു.

ജോലിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും വളര്‍ച്ചയ്ക്കും വേണ്ടി കുറച്ചു കാലങ്ങളായുള്ള ടെക് കമ്പനികളുടെ ശ്രമങ്ങളിലൊന്നു മാത്രമാണ് ഈ മാറ്റം. ആമസോണും മെറ്റയുമടക്കം പല ടെക് ഭീമന്മാരും കമ്പനി നയങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.

TAGS :
Next Story