ഗ്രോക്കിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും എഐ അശ്ലീല ചിത്രങ്ങൾ; എക്സ് നീക്കം ചെയ്തത് 600 അക്കൗണ്ടുകള്‍
അശ്ലീല ഉള്ളടക്കമുള്ള 3500 പോസ്റ്റുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്

ന്യൂഡല്‍ഹി: വെബ്‌സൈറ്റിലെ അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ 600 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. ഉള്ളടക്കവുമായി ബന്ധപ്പെട്ട 3500 പോസ്റ്റുകൾ ബ്ലോക്ക് ചെയ്തിട്ടുമുണ്ട്. അശ്ലീല ഉള്ളടക്കങ്ങള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുമെന്നും എക്‌സ് ഉറപ്പുനല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.
എക്‌സില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് എക്‌സിന്റെ നടപടി. അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നതിലൂടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷാ വീഴ്ച, വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, മനോവൈകൃതങ്ങൾ തുടങ്ങിയവ 72 മണിക്കൂറിനുള്ളില്‍ തടയുന്നതിനായി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിനോട് കേന്ദ്രമന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് ഗൗരവസ്വഭാവത്തില്‍ സമീപിക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം കടുത്ത നടപടിക്കൊരുങ്ങുമെന്നും മന്ത്രാലയം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സിന്റെ ഇടപെടല്‍.
സ്ത്രീകളുടെയും കുട്ടികളുടെയും വ്യാജ അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും വര്‍ധിച്ച സാഹചര്യത്തില്‍ ഗ്രോക്കിനെതിരെ നിരവധി രാജ്യങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടണും പോളണ്ടും ആവശ്യപ്പെട്ടു. ഗ്രോക്ക് അശ്ലീല ചിത്രങ്ങള്‍ പടച്ചുവിടുന്നതിനെ ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, മലേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളും അപലപിച്ചിരുന്നു.
Adjust Story Font
16

