Quantcast

നിശ്ചലമായത് രണ്ടു മണിക്കൂർ, മെറ്റയുടെ നഷ്ടം 800 കോടി രൂപ!

മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ആസ്തിയെയും ബാധിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-06 08:55:16.0

Published:

6 March 2024 8:54 AM GMT

mark suckerberg
X

കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ആപ്ലിക്കേഷനുകൾ ചൊവ്വാഴ്ച പ്രവർത്തനരഹിതമായതിൽ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളർ (800 കോടി ഇന്ത്യൻ രൂപ). ഏകദേശം രണ്ടു മണിക്കൂറാണ് മെറ്റയുടെ ജനപ്രിയ ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം ലഭ്യമല്ലാതായത്. ലോസാഞ്ചൽസ് ആസ്ഥാനമായ സ്വകാര്യനിക്ഷേപ സ്ഥാപനം വെഡ്ബുഷ് സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടർ ഡാൻ ഇവെസിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയ്‌ലാണ് മെറ്റയുടെ നഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആഗോളതലത്തിൽ സേവനങ്ങൾ ലഭ്യമല്ലാതായതോടെ മെറ്റയുടെ ഓഹരിമൂല്യത്തിലും ഇടിവുണ്ടായി. ഇന്നലെ മാത്രം 1.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ആസ്തിയെയും ബാധിച്ചു. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം ചൊവ്വാഴ്ച വൈകിട്ട് സക്കർബർഗിന്റെ ആസ്തി 2.7 ബില്യൺ ഡോളർ കുറഞ്ഞ് 176 ബില്യൺ ഡോളറായി. 2.2 ശതമാനത്തിന്റെ ഇടിവാണ് ആസ്തിയിലുണ്ടായത്. എന്നാലും ലോകത്തിലെ അതിസമ്പന്നപ്പട്ടികയിലെ നാലാം സ്ഥാനം സക്കർബർഗ് നിലനിർത്തി. ജെഫ് ബെസോസ്, ബെർണാർഡ് ആർനോൾട്ട്, ഇലോൺ മസ്‌ക് എന്നിവരാണ് ആദ്യ മൂന്നു പേർ.

സാങ്കേതിക കാരണങ്ങളാലാണ് സേവനങ്ങൾ തടസ്സപ്പെട്ടത് എന്നാണ് മെറ്റയുടെ വിശദീകരണം. ഇതേക്കുറിച്ചുള്ള വിശദമായ കുറിപ്പ് കമ്പനി പങ്കുവച്ചിട്ടില്ല. 2021ലും സമാനമായ പ്രതിസന്ധി മെറ്റ നേരിട്ടിരുന്നു. അന്ന് ഏഴു മണിക്കൂറാണ് മെറ്റ സേവനങ്ങൾ പ്രവർത്തനരഹിതമായത്. എന്നാൽ ഇത്തവണ രണ്ട് മണിക്കൂറിനകം പ്രശ്‌നങ്ങൾ പരിഹരിക്കാനായി.

യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന ഡിജിറ്റൽ മാർക്കറ്റ്‌സ് ആക്ട് (ഡിഎംഎ) നടപ്പാക്കുന്നതിന്റെ ഭാഗമായി വന്ന സാങ്കേതികപ്പിഴവാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് റിപ്പോർട്ടുണ്ട്. വ്യാഴാഴ്ചയാണ് ഡിഎംഎ നടപ്പാക്കാനുള്ള സമയപരിധി. നിയമപ്രകാരം മെറ്റ അടക്കമുള്ള ടെക് ഭീമന്മാര്‍ തങ്ങളുടെ പ്രവര്‍ത്തനരീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായതിനെ കുറിച്ച് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിൽ എൺപതിനായിരത്തിലേറെ പോസ്റ്റുകളാണ് പങ്കുവയ്ക്കപ്പെട്ടത്. ഇതിനിടെ മസ്‌ക് പോസ്റ്റ് ചെയ്ത ട്വീറ്റും ശ്രദ്ധിക്കപ്പെട്ടു. 'നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്നുവെങ്കിൽ അതിനു കാരണം നിങ്ങളുടെ സർവർ പ്രവർത്തനക്ഷമമായതു കൊണ്ടാണ്' - എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

Summary: The massive Meta outage that took down Facebook, Instagram and Messenger was a hundred-million-dollar issue for the company. Shares also plunged

Next Story