Quantcast

ഗാലക്സി എസ് 21 എഫ്.ഇ; സാംസങ്ങിന്‍റെ 2022ലെ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി

സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സർ ചിപ്പിന്റെ പിൻബലം, അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയോടുകൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-04 15:09:38.0

Published:

4 Jan 2022 3:05 PM GMT

ഗാലക്സി എസ് 21 എഫ്.ഇ; സാംസങ്ങിന്‍റെ 2022ലെ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി
X

ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ സാംസങ്ങിന്‍റെ 2022ലെ ആദ്യത്തെ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. എസ് 21 പരമ്പരയിലെ അവസാനത്തെ സ്മാര്‍ട്ട്ഫോണായ ഗാലക്‌സി എസ് 21 എഫ്.ഇ ഹാൻഡ്സെറ്റ് യൂറോപ്യൻ വിപണിയിലാണ് അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസ്സർ ചിപ്പിന്റെ പിന്‍ബലം, അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയോടുകൂടിയാണ് ഫോണ്‍ എത്തിയിരിക്കുന്നത്.


6.4 ഇഞ്ച് 2340 x 1080 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 240 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. അണ്ടര്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഇതിന് നല്‍കിയിരിക്കുന്നത്. മാറ്റ് ഫിനിഷോടുകൂടിയ പുറം വശത്ത് ട്രിപ്പിള്‍ ക്യാമറ ബമ്പ് നല്‍കിയിരിക്കുന്നു. ക്യാമറ ബമ്പിന് പുറത്തായാണ് ഫ്‌ളാഷ് മോഡ്യൂള്‍ നല്‍കിയിരിക്കുന്നത്. ഫോണില്‍ 5ജി കണക്റ്റിവിറ്റിയുണ്ടാവും. ഭാരവും കനവും കുറവാണ്. 4500 എം.എ.എച്ച് ബാറ്ററിയില്‍ 25 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങും 15 വാട്ട് വയര്‍ലെസ് ചാര്‍ജിങും പിന്തുണയ്ക്കും.


ട്രിപ്പിള്‍ ക്യാമറയിലെ 12 എം.പി പ്രധാന സെന്‍സറില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യമുണ്ട്. എട്ട് എം.പി ടെലിഫോട്ടോ ലെന്‍സ്, 12 എം.പി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സെല്‍ഫി ക്യാമറയ്ക്ക് വേണ്ടി 32 എം.പി ഫിക്‌സഡ് ഫോക്കസ് ക്യാമറ നല്‍കിയിരിക്കുന്നു. സ്‌ക്രീനിന് നടുവിലെ പഞ്ച് ഹോളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോപകര്‍ത്താന്‍ സാധിക്കുന്ന മള്‍ടി ക്യാമറ റെക്കോര്‍ഡിങ് മോഡും നിരവധി ഷൂട്ടിങ്‌മോഡുകളും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്.


ആഗോള വിപണിയില്‍ 699 ഡോളറിന് (51031 രൂപ ) സാംസങ് എസ്21 എഫ്.ഇ ലഭ്യമാണ്. 6ജി.ബി/128 ജി.ബി, 8 ജി.ബി/128 ജി.ബി, 8ജി.ബി/256ജി.ബി റാം, സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. ഗ്രാഫൈറ്റ്, ലാവെൻഡർ, ഒലിവ്, വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഫോണ്‍ എന്ന് അവതരിപ്പിക്കുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

TAGS :
Next Story