Quantcast

ചാർജിങിനിടെ പൊട്ടിത്തെറിച്ച് സാംസങ് എസ് 25 പ്ലസ്; നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് കമ്പനി

ഇൻഡ്യാനയിലെ ഒരു വീട്ടിൽ രാത്രിയിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്നും, ഫോണിനൊപ്പം ലഭിച്ച ഔദ്യോഗിക ചാർജറും കേബിളുമാണ് ഉപയോഗിച്ചിരുന്നതെന്നും ഉടമ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു

MediaOne Logo
ചാർജിങിനിടെ പൊട്ടിത്തെറിച്ച് സാംസങ് എസ് 25 പ്ലസ്; നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് കമ്പനി
X

ന്യൂയോര്‍ക്ക്: സാംസങ് ഗാലക്‌സി S25+(Samsung Galaxy S25+) സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച സംഭവത്തിൽ ഉപഭോക്താവിന് ഫോണിന്റെ വിലയും മറ്റ് നാശനഷ്ടങ്ങൾക്കുള്ള പരിഹാരവും നൽകുമെന്ന് കമ്പനി. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിലാണ് സാംസങ് ഔദ്യോഗിക പ്രതികരിക്കുന്നത്. ഫോൺ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തിയതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ദക്ഷിണ കൊറിയൻ ടെക് ഭീമൻ വ്യക്തമാക്കി.

ഇൻഡ്യാനയിലെ ഒരു വീട്ടിൽ രാത്രിയിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്നും, ഫോണിനൊപ്പം ലഭിച്ച ഔദ്യോഗിക ചാർജറും കേബിളുമാണ് ഉപയോഗിച്ചിരുന്നതെന്നും ഉടമ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ പൊട്ടിത്തെറിയില്‍ വീടിന്റെ കാർപെറ്റിന് കേടുപാടുകൾ സംഭവിക്കുകയും, പുക ശ്വസിച്ചതിനെത്തുടർന്ന് ഉടമയ്ക്ക് ശ്വസനസംബന്ധമായ അസ്വസ്ഥതകൾക്ക് വൈദ്യസഹായം തേടേണ്ടി വരികയും ചെയ്തിരുന്നു.

ബാറ്ററിയുടെ താപനില നിയന്ത്രണാതീതമായി ഉയർന്ന് തീപിടിക്കുന്ന 'തെർമൽ റൺഎവേ'ആണ് അപകടകാരണമെന്ന് അഗ്നിശമന സേനയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, സാംസങ് നടത്തിയ സ്വന്തം അന്വേഷണത്തിൽ 'പുറത്തുനിന്നുള്ള സമ്മർദ്ദം' മൂലമാണ് ഇത് സംഭവിച്ചതെന്നാണ് നിഗമനം. എങ്കിലും ഇതിന് കാരണമായ കൃത്യമായ തെളിവുകൾ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

സ്മാർട്ട്‌ഫോണിന്റെ വില തിരികെ നൽകാനും സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾക്കും വൈദ്യചികിത്സയ്ക്കുമുള്ള ചെലവുകൾ വഹിക്കാനും സാംസങ് സമ്മതിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഉപഭോക്താവിനുണ്ടായ മാനസിക പ്രയാസത്തിന് പ്രത്യേക നഷ്ടപരിഹാരംനൽകാനും കമ്പനി തയ്യാറായി.

TAGS :
Next Story