Quantcast

ന്യൂറാലിങ്ക് വിജയം; ശരീരം തളർന്നയാൾ ചെസ്സ് കളിക്കുന്ന ദൃശ്യം പങ്കുവച്ച് ഇലോൺ മസ്‌ക്

ചെസ്സ് കളിച്ചത് 8 വർഷമായി ശരീരം തളർന്ന യുവാവ്

MediaOne Logo

Web Desk

  • Published:

    21 March 2024 10:35 AM GMT

ന്യൂറാലിങ്ക് വിജയം; ശരീരം തളർന്നയാൾ   ചെസ്സ് കളിക്കുന്ന ദൃശ്യം പങ്കുവച്ച് ഇലോൺ മസ്‌ക്
X

പ്രഖ്യാപനസമയം മുമ്പ് തന്നെ ലോകത്തെ ആകെ ഞെട്ടിച്ച ഇലോൺ മസ്‌കിന്റെ കമ്പനിയായിരുന്നു ന്യൂറാലിങ്ക്. മനുഷ്യനെയും ടെക്‌നോളജിയേയും കൂടുതൽ അടുപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

കമ്പനിയുടെ ആദ്യ ഉപകരണമായ ടെലിപതി ഉപയോഗിച്ച് ശരീരം തളർന്നയാൾ ചെസ്സ് കളിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇലോൺ മസ്‌ക്.

ശരീരം തളർന്ന നോളണ്ട് ആർബോഗ് എന്ന വ്യക്തി തന്റെ തലയിൽ ഘടിപ്പിച്ച ന്യൂറാലിങ്കിൻ്റെ ടെലിപതി ഉപകരണം ഉപയോഗിച്ചാണ് ചെസ്സ് കളിക്കുന്നത്. ചെസ്സിന് പുറമെ ആർബോഗ്, സിവിലൈസേഷൻ 4 എന്ന വിഡിയോ ഗെയിം കളിക്കാൻ സാധിക്കുമെന്നും വിഡിയോയിൽ പറയുന്നുണ്ട്. ന്യൂറാലിങ്ക് തന്റെ ജീവിതം മാറ്റിമറിച്ചെന്നും ടെലിപതി തലച്ചോറുമായി ബന്ധിപ്പിക്കാനുള്ള ശസ്ത്രക്രിയ വളരേ അനായാസമാണ് എന്നുമായിരുന്നു ചെസ്സിന് ശേഷം ആർബോഗിന്റെ പ്രതികരണം.

8 വർഷം മുമ്പ് നടന്ന വാഹനാപകടത്തിലാണ് 29കാരനായ നോളണ്ട് ആർബോഗിന് സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെടുന്നത്. ന്യൂറാലിങ്കിന്റെ ആദ്യ ഉപഭോക്താവായി ആർബോഗിനെ കമ്പനി തെരഞ്ഞെടുക്കുകയായിരുന്നു. ഈ വർഷം ജനുവരിയിലാണ് ആർബോഗിന്റെ തലച്ചോർ ടെലിപതിയുമായി ബന്ധിപ്പിക്കുന്ന ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് രണ്ടു മാസത്തിന് ശേഷമാണ് ഉപകരണത്തിന്റെ പ്രവർത്തന രീതി വ്യക്തമാക്കുന്ന ആർബോഗിന്റെ വിഡിയോ തന്റെ എക്‌സിലൂടെ ഇലോൺ മസ്‌ക് പങ്കുവച്ചത്.

'വെറും ചിന്തകൊണ്ട് മൊബൈലുകളെയും കമ്പ്യൂട്ടറുകളെയും നിയന്ത്രിക്കുന്ന ഒരു കാലം'- എന്നായിരുന്നു ഇലോൺ മസ്‌ക് തന്റെ കമ്പനിയായ ന്യൂറാലിങ്കിന്റെ ഉദ്ഘാടന സമയത്ത് ടെലിപതിയെക്കുറിച്ച് പറഞ്ഞത്. ശാരിരികമായി തളർന്ന രോഗികളുടെ ജീവിതം സുഖമമാക്കാൻ ടെലിപതിക്ക് സാധിക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു.

ഇതാദ്യമായല്ല ചിന്ത ഉപയോഗിച്ച് കമ്പ്യൂട്ടറുകളും മറ്റും പ്രവർത്തിപ്പിക്കുക എന് ശാസ്ത്രരീതി മനുഷ്യനിൽ പരീക്ഷിക്കുന്നത്. പല കമ്പനികളും ഈ പ്രയത്‌നത്തിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ന്യൂറാലിങ്കാണ് ശാസ്ത്രവിദ്യ ഒരു ഉത്പന്നമായി പുറത്തിറക്കുന്നത്.

ടെലിപതിക്ക് പുറമേ കാഴ്ചാ പരിമിതി നേരിടുന്നവർക്ക് കാഴ്ചശക്തി നൽകുന്ന ബ്ലൈൻഡ്‌സൈറ്റാണ് ന്യൂറാലിങ്കിന്റെ അടുത്ത ഉത്പന്നമെന്ന് മസ്‌ക് തന്റെ എക്‌സിൽ കുറിച്ചു.

TAGS :
Next Story