Quantcast

'ഇനി ടൈറ്റാനിക്കിലേക്കില്ല': എല്ലാ പര്യവേഷണങ്ങളും അവസാനിപ്പിച്ചതായി ഓഷ്യൻഗേറ്റ്

2024 ജൂണിലേക്കായി രണ്ട് യാത്രകൾക്കാണ് കമ്പനി തയ്യാറെടുത്തിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-07 13:25:51.0

Published:

7 July 2023 1:07 PM GMT

Oceangate suspends exploration to Titanic
X

ടൈറ്റൻ ദുരന്തത്തിന് പിന്നാലെ ടൈറ്റാനിക്ക് കാണാനുള്ള എല്ലാ യാത്രകളും നിർത്തി വച്ചതായി ഓഷ്യൻഗേറ്റ് കമ്പനി. എല്ലാ പര്യവേഷണങ്ങളും വാണിജ്യപ്രവർത്തനങ്ങളും നിർത്തി വയ്ക്കുന്നു എന്ന് കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചു. അടുത്ത വർഷം ജൂണിലേക്കായി രണ്ട് യാത്രകൾക്കാണ് കമ്പനി തയ്യാറെടുത്തിരുന്നത്. ഈ യാത്രകളുടെ വിവരങ്ങൾ ടൈറ്റൻ ദുരന്തത്തിന് ശേഷവും കമ്പനി പിൻവലിക്കാതിരുന്നത് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഒറ്റവരി കുറിപ്പിലൂടെയാണ് യാത്രകൾ അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.

ജൂൺ 16ന് നടന്ന ടൈറ്റൻ ദുരന്തത്തിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. കഴിഞ്ഞയാഴ്ച യുഎസ് കോസ്റ്റ് ഗാർഡ് പേടകത്തിലെ യാത്രക്കാരുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഈ അവശിഷ്ടങ്ങളും സൂഷ്മമായി പരിശോധിച്ചു വരികയാണ്. ഓഷ്യൻഗേറ്റ് സി.ഇ.ഒ അടക്കം അഞ്ചു പേരാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാനുള്ള യാത്രയ്ക്കിടെ അന്തർവാഹിനി പൊട്ടിത്തെറിച്ച് മരിച്ചത്.

ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയാണ് ടൈറ്റൻ സബ്മെർസിബിൾ. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെ വെച്ചാണ് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായത്. ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിൻറെ ഉടമസ്ഥരായ സ്റ്റോക് ടൺ റഷ് എന്നിവരായിരുന്നു എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാർ.

17 ബോൾട്ടുകൾ ഉപയോഗിച്ച് പുറത്തു നിന്ന് പൂട്ടിയാണ് ടൈറ്റനെ സമുദ്രത്തിലേക്ക് അയച്ചത്. അതുകൊണ്ടു തന്നെ കാണാതായതിന് നാലാം ദിവസം ടൈറ്റാനിക്കിന് സമീപത്ത് നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയത് അശുഭകരമായ സൂചനയായി വിദഗ്ധർ വിലയിരുത്തിയിരുന്നു.

അഞ്ച് മുതിർന്നവർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന ഒരു മിനിവാനിന്റെ വലുപ്പം മാത്രമായിരുന്നു ടൈറ്റൻ പേടകത്തിനുണ്ടായിരുന്നത്. സമുദ്രത്തിന്റെ അടിയിലേക്ക് പോകാനും തിരിച്ചുവരാനും മാതൃകപ്പലിന്‍റെ പിന്തുണ ഇതിന് ആവശ്യമാണ്. പരമാവധി 10 മുതൽ 11 മണിക്കൂർവരെ മാത്രമേ ഈ അന്തർവാഹിനിക്ക് കടലിനടയിൽ ചെലവിടാൻ സാധിക്കൂ..അതേസമയം, മറ്റ് അന്തർവാഹിനികൾക്ക് മാസങ്ങളോളം വെള്ളത്തിനടിയിൽ കഴിയാൻ സാധിക്കും.

പേടകത്തിനുള്ളിലിരുന്ന് കാഴ്ച കാണുന്നതും ഏറെ കഷ്ടപ്പാടാണ്.. അഞ്ചുപേർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന അന്തർവാഹിനിയിൽ ഒരു സീറ്റുപോലുമില്ല. സഞ്ചാരികൾ നിലത്ത് കാലുമടക്കി ഇരിക്കണം. ഷൂ പോലും ധരിക്കാൻ പറ്റില്ല.

കാഴ്ചകൾ കാണുന്നതിനായി ചെറിയൊരു ജനൽ മാത്രമായിരുന്നു പേടകത്തിലുണ്ടായിരുന്നത്. മോണിറ്റർ വഴിയാണ് കൂടുതൽ കാഴ്ചകൾ യാത്രക്കാർക്ക് കാണാൻ സാധിക്കുക. ഫോട്ടോകളും 4k വീഡിയോകളും ഷൂട്ട് ചെയ്യാൻ കഴിവുള്ള ഇമേജിംഗ് ഉപകരണങ്ങളും പേടകത്തിന് പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്.

വെറും 96 മണിക്കൂർ നേരത്ത് മാത്രമുള്ള ഓക്‌സിജനായിരുന്നു പേടകത്തിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മാതൃപേടകവുമായി ബന്ധം വിച്ഛേദിച്ച നിമിഷം മുതൽ ഓക്‌സിജൻ അളവ് തീരുന്നതിന് വരെയുള്ള സമയത്തിനുള്ളിൽ ഇവരെ കണ്ടെത്തുക എന്നതായിരുന്നു രക്ഷാപ്രവർത്തകരുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി.

അതിന് പുറമെ ആഴക്കടലിലേക്ക് പോകും തോറും കൊടും തണുപ്പാണ് അനുഭവപ്പെടുക. ഈ തണുപ്പിനെ അതിജീവിക്കാനായി ഒരു ഹീറ്റർ ടൈറ്റനിലുണ്ട്. എന്നാൽ അത് ശ്വാശതമല്ലെന്ന് പേടകത്തിന്റെ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യാത്ര തീരും വരെ ഇത് പ്രവർത്തിക്കുമോ എന്ന് ഒരുറപ്പും കമ്പനി നൽകുന്നില്ല. മാത്രവുമല്ല, കനത്ത ഇരുട്ടായിരിക്കും പേടകത്തിനുള്ളിലുണ്ടാകുക. അടിത്തട്ടിലെ കൂടിയ മർദവും കനത്ത തണുപ്പും ഇരുട്ടും പരിമിതമായ ഓക്‌സിജനുമെല്ലാം യാത്രികരെ സാരമായി ബാധിക്കും.

ഓഷ്യൻഗേറ്റ് പറയുന്നതിനനുസരിച്ച് 23,000 പൗണ്ട് ഭാരവും കാർബൺ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിർമ്മിച്ച പേടകമാണ് ടൈറ്റൻ. ടൈറ്റന്റെ ഭാഗങ്ങൾ തീർത്തും കുറഞ്ഞ സാങ്കേതിക വിദ്യകൊണ്ടാണ് നിർമിച്ചതെന്ന വിമർശനം മുൻപ് തന്നെ ഉയർന്നിട്ടുണ്ട്. ഇത് പ്രവർത്തിപ്പിക്കുന്നത് ഒരു ഗെയിമിംഗ് കൺട്രോളർ മോഡലിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മാതൃകപ്പലായ പോളാർ പ്രിൻസ് കപ്പലുമായി ടെക്സ്റ്റ് സന്ദേശത്തിലൂടെയാണ് ആശയവിനിമയം നടത്തുക.ഓരോ 15 മിനിറ്റിലും ഈ സന്ദേശം അയക്കുന്നത് വളരെ പ്രധാനമാണ്.

TAGS :
Next Story