Quantcast

മൊബൈൽ ഫോൺ യുഗത്തിന് അന്ത്യം? ഓപണ്‍ എഐയും ആപ്പിള്‍ ഡിസൈനറും ചേർന്ന് ഒരുക്കുന്നു, ' സീക്രട്ട് ഡിവൈസ്'

യൂസര്‍മാരുടെ ജീവിതവും ചുറ്റുപാടുകളും സമ്പൂര്‍ണമായി മനസിലാക്കാന്‍ ശേഷിയുള്ള ഉപകരണമായിരിക്കും വരാന്‍ പോകുന്നതെന്നാണ് സാം ആള്‍ട്ട്മാന്‍ വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-05-28 09:44:07.0

Published:

28 May 2025 3:13 PM IST

OpenAIs Sam Altman teams up with iPhone designer Jony Ive, here’s what we know all about the secret device
X

വാഷിങ്ടണ്‍: കംപ്യൂട്ടറിനും സ്മാര്‍ട്ട്‌ഫോണിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവത്തിനും ശേഷം മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റിമറിക്കാനിരിക്കുന്ന പുതിയൊരു കണ്ടെത്തലിനെ കുറിച്ചാണ് ടെക് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ചാറ്റ്ജിപിടി വിപ്ലവം കൊണ്ടുവന്ന ഓപണ്‍ എഐയുടെ സാം ആള്‍ട്ട്മാനും ഐഫോണിന്റെയും മാക്ബുക്കിന്റെയും ഡിസൈനര്‍ ജോണി ഐവും ചേര്‍ന്ന് പുതിയ വിവരസാങ്കേതിക വിപ്ലവത്തിന്‍റെ പണിപ്പുരയിലാണ്. ആള്‍ട്ട്മാന്റെ ഓപണ്‍ എഐയും ജോണിയുടെ നേതൃത്വത്തിലുള്ള 'ഐഒ'യും ചേര്‍ന്നാണു സുപ്രധാനമായ ഗവേഷണം നടക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 21നാണ് സാം ആള്‍ട്ട്മാന്‍ ഓപണ്‍ എഐ സ്റ്റാഫിന്റെ ഒരു യോഗം വിളിച്ചുചേര്‍ക്കുന്നത്. കമ്പനിയുടെ സുപ്രധാനമായ ചുവടുവയ്പ്പ് വിശദീകരിക്കാന്‍ വേണ്ടിയായിരുന്നു ആ യോഗം. ജോണി ഐവുമായി ചേര്‍ന്ന് കമ്പനി വികസിപ്പിക്കുന്ന ആ രഹസ്യ എഐ പ്രൊഡക്ടുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം. 2024ല്‍ ഐവി ആരംഭിച്ച 'ഐഒ' എന്ന എന്‍ജിനീയറിങ് ആന്‍ഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ് കമ്പനിയെ കഴിഞ്ഞ വര്‍ഷമാണ് ഇതേ ലക്ഷ്യത്തോടെ 6.5 ബില്യന്‍ ഡോളര്‍ നല്‍കി ഓപണ്‍ എഐ ഏറ്റെടുത്തിരിക്കുന്നത്. ഐവിയുടെ തന്നെ നേതൃത്വത്തിലുള്ള 'ലവ് ഫ്രം' എന്ന ക്രിയേറ്റീവ് കലക്ടീവും പ്രോജക്ടില്‍ സജീവമായുണ്ട്.

ലോഞ്ചിങ്ങിനു മുന്‍പ് തന്നെ എതിരാളികള്‍ സമാനമായ ഫീച്ചറുകള്‍ കോപ്പിയടിച്ച് നേരത്തെ വിപണിയിലിറക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഡിവൈസിനെ കുറിച്ച് ഓപണ്‍ എഐ ഒരു സൂചനയും നല്‍കാത്തതെന്നാണു വിവരം. എന്നാല്‍, ഓപണ്‍ എഐ യോഗത്തില്‍ പങ്കെടുത്ത സ്റ്റാഫ് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ 'ദി വെര്‍ജ്', 'ഫ്യൂച്ചറിസം' തുടങ്ങിയ അന്താരാഷ്ട്ര ടെക് പോര്‍ട്ടലുകള്‍ ചില വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഭാരം കുറഞ്ഞ, പോക്കറ്റ് സൈസുള്ള കൊച്ചു ഡിവൈസാണ് അണിയറയില്‍ ഒരുങ്ങുന്നത്. മൊബൈലും കംപ്യൂട്ടറും പോലെ കാണാന്‍ സ്‌ക്രീനുണ്ടാകില്ല. ഉപയോക്താക്കളുടെ ചിന്തയും മനസും വായിച്ചെടുക്കാനാകും. ഇതൊക്കെയാണ് പുറത്തുവന്ന സൂചനകള്‍. കണ്ണട, ഹെഡ് ബാന്‍ഡ്, ഇയര്‍ഫോണ്‍ പോലെയൊരു ഡിവൈസാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതു പുതിയൊരു മോഡലാകുമെന്നാണ് ഏറ്റവും പുതിയ വിവരം. അടുത്ത വര്‍ഷം തന്നെ പ്രൊഡക്ടിന്റെ ആദ്യ മോഡല്‍ വെളിച്ചം കാണുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാം ആള്‍ട്ട്മാനും ചില ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യൂസര്‍മാരുടെ ജീവിതവും ചുറ്റുപാടുകളും സമ്പൂര്‍ണമായി മനസിലാക്കാന്‍ ശേഷിയുള്ള ഉപകരണമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവില്‍ ചാറ്റ്ജിപിടിയാണ് അതിവേഗത്തില്‍ 100 മില്യന്‍ യൂസര്‍മാരെ സ്വന്തമാക്കിയ ടെക് പ്രൊഡക്ട്. പുതിയ ഡിവൈസ് ഈ റെക്കോര്‍ഡും മറികടക്കുമെന്നാണ് ഓപണ്‍ എഐ സിഇഒയുടെ പ്രവചനം. ഫോണിനു സമാനമായ എന്തോ ആണ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അക്കാര്യം ആള്‍ട്ട്മാന്‍ നിഷേധിച്ചിട്ടുണ്ട്. കണ്ണടയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് 'ദി വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

Summary: OpenAI's Sam Altman teams up with iPhone designer Jony Ive, here’s what we know all about the secret device

TAGS :
Next Story