Quantcast

അറിയാമോ, ട്വിറ്റർ സിഇഒ പരാഗും ഗായിക ശ്രേയാ ഘോഷാലും തമ്മിലൊരു ബന്ധമുണ്ട്!

പുതിയ നിയോഗത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് പരാഗിനെ തേടി ആശംസകളെത്തുന്നത്

MediaOne Logo

Web Desk

  • Published:

    30 Nov 2021 10:43 AM GMT

അറിയാമോ, ട്വിറ്റർ സിഇഒ പരാഗും ഗായിക ശ്രേയാ ഘോഷാലും തമ്മിലൊരു ബന്ധമുണ്ട്!
X

മുംബൈ: സമൂഹമാധ്യമ ഭീമനായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യക്കാരനായ പരാഗ് അഗ്രവാൾ ചുമതലയേറ്റിരിക്കുകയാണ്. സഹസ്ഥാപകൻ ജാക് ഡോർസിയിൽ നിന്നാണ് മുപ്പത്തിയേഴുകാരനായ പരാഗ് സ്ഥാനം ഏറ്റെടുക്കുന്നത്. പുതിയ നിയോഗത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് പരാഗിനെ തേടി ആശംസകളെത്തുന്നത്.

അതിൽ ഏറ്റവും ശ്രദ്ധേയമായത് മലയാളികൾക്കു കൂടി പരിചിതയായ ഗായിക ശ്രേയാ ഘോഷാലിന്റേതാണ്. പരാഗിനെ ടാഗ് ചെയ്ത് ശ്രേയ ട്വീറ്റ് ചെയ്തതിങ്ങനെ; 'അഭിനന്ദനങ്ങൾ പരാഗ, നിന്നെക്കുറിച്ച് അങ്ങേയറ്റം അഭിമാനം. ഞങ്ങൾക്കിത് വലിയ ദിവസം. ഈ വാർത്ത ആഘോഷിക്കുന്നു'.



ഇതിന് പിന്നാലെ, ശ്രേയയും പരാഗും തമ്മിലുള്ള ബന്ധമെന്നെന്ന അന്വേഷണങ്ങൾ ഇന്റർനെറ്റിൽ നിറഞ്ഞു. ബാല്യകാലം തൊട്ടുള്ള സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. നിരവധി ചിത്രങ്ങളാണ് ഇവർ പങ്കുവച്ചിട്ടുള്ളത്. ഭക്ഷണപ്രിയൻ, സഞ്ചാരി, സ്റ്റാൻഫോർഡ് ഗവേഷകൻ എന്നൊക്കെയാണ് ഗായിക പരാഗിനെ വിശേഷിപ്പിക്കുന്നത്. ടെക്‌നോളജി എക്‌സിക്യൂട്ടീവായ, ശ്രേയയുടെ ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായയുടെ സുഹൃത്തുമാണ് പരാഗ്.


സിലിക്കൺ വാലി കമ്പനികളിലെ ആറാമത്തെ ഇന്ത്യൻ മേധാവിയാണ് പരാഗ് അഗ്രവാൾ. സത്യ നദെല്ല (മൈക്രോസോഫ്റ്റ്), ആൽഫാബെറ്റ് ആൻഡ് ഗൂഗ്ൾ (സുന്ദർ പിച്ചൈ) ശന്തനു നാരായൻ (അഡോബ്), അരവിന്ദ് കൃഷ്ണ (ഐബിഎം ഗ്രൂപ്പ്) എന്നിവരാണ് മറ്റുള്ളവർ. ഐഐടി മുംബൈയിൽ നിന്നുള്ള എഞ്ചിനീയറാണ് മുപ്പത്തിയേഴുകാരനായ പരാഗ്. ട്വിറ്ററിന് മുമ്പ് മൈക്രോസോഫ്റ്റ്, എടി ആൻഡ് ടി, യാഹൂ എന്നീ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2011ലാണ് ട്വിറ്ററിലെത്തിയത്.


നവംബർ 29 നാണ് ജാക് ഡോർസി സോഷ്യൽ മീഡിയ ഭീമനുമായുള്ള തന്റെ 16 വർഷത്തെ ബന്ധം അവസാനിപ്പിച്ചത്. 2015 മുതൽ ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവായി തുടരുന്ന ഡോർസിയുടെ രാജി ബോർഡ് അംഗങ്ങൾ അംഗീകരിച്ചു. എന്നിരുന്നാലും 2022 മെയ് വരെ അദ്ദേഹം ട്വിറ്ററിന്റെ ബോർഡിൽ അംഗമായി തുടരും. സ്ഥാപകരിൽ നിന്ന് സ്വയമേ മുമ്പോട്ടു പോകാൻ കമ്പനി തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നതായി ഡോർസി പറയുന്നു.

TAGS :
Next Story