Quantcast

ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കിയപ്പോള്‍ ടെലഗ്രാമിലേക്ക് ചേക്കേറിയത് 70 മില്യണ്‍ ഉപയോക്താക്കള്‍

കുറച്ചു നേരത്തെക്കാണെങ്കിലും ഫേസ്ബുക്കിന്‍റെ കോട്ടം ടെലഗ്രാം നേട്ടമാക്കി മാറ്റിയെന്നാണ് സി.ഇ.ഒ പാവേല്‍ ദുരോവ് അവകാശപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    6 Oct 2021 8:20 AM GMT

ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കിയപ്പോള്‍ ടെലഗ്രാമിലേക്ക് ചേക്കേറിയത് 70 മില്യണ്‍ ഉപയോക്താക്കള്‍
X

ഒന്നു ചീഞ്ഞേ മറ്റുള്ളതിന് വളമാകൂ എന്നു കേട്ടിട്ടില്ലേ..അതുപോലായിരുന്നു കഴിഞ്ഞ ദിവസം മെസേജിങ് ആപ്പായ ടെലഗ്രാമിന്‍റെ കാര്യം. മണിക്കൂറുകളോളം ഫേസ്ബുക്കും വാട്ട്സാപ്പും ഇന്‍സ്റ്റഗ്രാമും തകരാറിലായപ്പോള്‍ ടെലഗ്രാമിലെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കളാണ്. കുറച്ചു നേരത്തെക്കാണെങ്കിലും ഫേസ്ബുക്കിന്‍റെ കോട്ടം ടെലഗ്രാം നേട്ടമാക്കി മാറ്റിയെന്നാണ് സി.ഇ.ഒ പാവേല്‍ ദുരോവ് അവകാശപ്പെട്ടത്.

''പെട്ടെന്ന് ഇത്രയും പേര്‍ ഞങ്ങളുടെ പ്ലാറ്റ്ഫോമിലെക്കെത്തിയത് ടെലഗ്രാം ടീം സമര്‍ത്ഥമായി കൈകാര്യം ചെയ്തു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഒരേ സമയം ടെലഗ്രാമിൽ സൈൻ അപ്പ് ചെയ്യാൻ തിരക്കുകൂട്ടുന്നതിനാൽ അമേരിക്കയിലെ ചില ഉപയോക്താക്കൾക്ക് പ്രവര്‍ത്തനത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ടുവെന്ന്'' പാവേല്‍ പറഞ്ഞു. ടെലഗ്രാം അടുത്തിടെ 1 ബില്യണിലധികം ഡൗൺലോഡുകൾ നേടുകയും 500 ദശലക്ഷം സജീവ ഉപയോക്താക്കളെ കൂടെക്കൂട്ടുകയും ചെയ്തിട്ടുണ്ട്. വാട്സാപ്പ് പ്രവര്‍ത്തനരഹിതമായപ്പോള്‍ മറ്റൊരു മെസേജിങ് ആപ്പായ സിഗ്നലും ഉപയോക്താക്കളുടെ കൂട്ടമായ ആക്രമണത്തിന് ഇരയായി. വാട്സാപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ടെലഗ്രാമും സിഗ്നലും കുറച്ചുകൂടി സുരക്ഷിതമാണെന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം.

തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ഫേസ്ബുക്കും അതിന് കീഴിലുള്ള വാട്സാപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയത്. ഏഴ് മണിക്കൂറോളമാണ് ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം നിശ്ചലമായത്.ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ തടസം നേരിടുകയായിരുന്നു. ഇന്റർനെറ്റ് തന്നെ അടിച്ചുപോയോയെന്ന സംശയത്തിലായിരുന്നു പലരും. സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന ഫേസ്ബുക്കിന്റെ തന്നെ ട്വീറ്റ് വന്നതോടെയാണ് ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും പണിമുടക്കിയതാണെന്ന് വ്യക്തമായത്. ഇന്ത്യന്‍ സമയം പുലർച്ചെ നാലു മണിയോടെ തടസം നീങ്ങിയതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.

ഈ മൂന്നു പ്ലാറ്റ്ഫോമുകളും തകരാറിലായപ്പോള്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഫേസ്ബുക്കിന്‍റെ ഓഹരിമൂല്യം 5.5 ശതമാനം ഇടിയുകയും ചെയ്തു. കോണ്‍ഫിഗറേഷന്‍ മാറ്റുന്നതിലുണ്ടായ പിഴവാണ് തടസം നേരിടുന്നതിന് ഇടയാക്കിയത് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായതെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയത്.

TAGS :
Next Story