വാട്‌സ്ആപ്പിനും ടെലഗ്രാമിനും കടുത്ത നിയന്ത്രണം; ഇനി രജിസ്റ്റര്‍ ചെയ്ത സിം കാർഡ് നിർബന്ധം, ലോഗ് ഔട്ട് സമയത്തിലും മാറ്റം
വാട്സ്ആപ്പിന് പുറമെ ടെലഗ്രാം, സ്നാപ്ചാറ്റ്, ഷെയർചാറ്റ് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നതിലും കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പുകളായ വാട്‌സ്ആപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ ആപ്പുകള്‍ക്ക് മേല്‍ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. വാട്‌സ്ആപ്പ് അടക്കമുള്ള ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫോണില്‍ ഇനി രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും. ഫോണിന് പുറമേ മറ്റ് സംവിധാനങ്ങളില്‍ ലോഗിന്‍ ചെയ്യുന്ന വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ആറ് മണിക്കൂറിന് ശേഷം തനിയെ ലോഗ് ഔട്ടാകുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് നീക്കം. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി മാര്‍ച്ച് ഒന്ന് മുതല്‍ 90 ദിവസത്തേക്കാണ് സമയം അനുവദിച്ചിരിക്കുന്നത്. നിശ്ചയിച്ച സമയത്തില്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു. വാട്‌സ്ആപ്പ് അടക്കമുള്ള ആപ്പുകള്‍ക്ക് സിം ബൈന്‍ഡിങ് നടപ്പിലാക്കുന്ന ആദ്യരാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.
ഇന്ത്യയുടെ പുതിയ ടെലികമ്യൂണിക്കേഷന്‍ സൈബര്‍ സുരക്ഷാ ഭേദഗതി നിയമപ്രകാരമാണ് പുതിയ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്യൂണിക്കേഷന്‍ ഐഡന്റിഫയര്‍ യൂസര്‍ എന്റിറ്റികള്‍ എന്ന് തരംതിരിച്ചിരിക്കുന്ന ആപ്പുകള്‍ 90 ദിവസത്തിനുള്ളില്‍ സിം കാര്‍ഡുകള്‍ അവരുടെ സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മറ്റൊരു വലിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ഓരോ ആറ് മണിക്കൂറിലും ഉപഭോക്താക്കളെ ലോഗ് ഔട്ട് ആക്കി QR കോഡ് വഴി വീണ്ടും ലോഗിന്‍ ചെയ്യേണ്ടിവരും. ഓരോ ഘട്ടത്തിലും ആക്ടീവായ സിം കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതിനാല്‍ കുറ്റവാളികള്‍ക്ക് ആപ്പുകള്‍ വിദൂരമായി ചൂഷണം ചെയ്യുന്നത് ഇത് ബുദ്ധിമുട്ടാക്കുമെന്നാണ് സര്‍ക്കാര്‍ വാദം.
ഒന്നിലധികം സിസ്റ്റങ്ങളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരും പതിവായി യാത്ര ചെയ്യുന്നവരുമായ ഉപഭോക്താക്കള്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധി കമ്പനികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും, വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനുമായി മാറ്റം അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ വാദം.
എന്താണ് സിം ബൈന്‍ഡിങ്?
ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ അത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലെ സിം കാര്‍ഡുമായി (SIM Card) നേരിട്ട് ബന്ധിപ്പിക്കുന്ന സുരക്ഷാ സംവിധാനമാണ് സിം ബൈന്‍ഡിങ് (SIM Binding).
ലളിതമായി പറഞ്ഞാല്‍, ഏത് നമ്പറിലാണോ നിങ്ങള്‍ ഒരു ആപ്പ് (ഉദാഹരണത്തിന് വാട്സ്ആപ്പ് അല്ലെങ്കില്‍ ഒരു ബാങ്കിംഗ് ആപ്പ്) ഉപയോഗിക്കുന്നത്, ആ സിം കാര്‍ഡ് ആ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിക്കുകയുള്ളൂ.
Adjust Story Font
16

