ഇതാണ് ഐഫോണിനെ 'സ്ലിം ബ്യൂട്ടിയാക്കിയ' ആപ്പിള്‍ ഡിസൈനർ; ആരാണ് അബിദുർ ചൗധരി?
സ്മാർട്ട്‌ഫോണുകളിലെ ഏറ്റവും കനംകുറഞ്ഞ മോഡൽ എന്നാണ് ഐഫോൺ 17 എയറിനെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്

വാഷിങ്ടണ്‍:ആപ്പിൾ ഐഫോണിന്റെ ചരിത്രത്തിൽ ഏറ്റവും കനംകുറഞ്ഞ ഐഫോൺ 17 എയർ ഇന്നലെയാണ് പുറത്തിറങ്ങിയത്.മുൻ മോഡലുകളേക്കാൾ മൂന്നിലൊന്ന് കനം കുറഞ്ഞതാണ് പുതിയ മോഡല്‍. 256 ജിബി മോഡലിന് 1,19,900 രൂപയാണ് വില. സ്മാർട്ട്‌ഫോണുകളിലെ ഏറ്റവും കനംകുറഞ്ഞ മോഡൽ എന്ന് ആപ്പിള്‍ വിശേഷിപ്പിക്കുന്ന ഈ മോഡലിന്‍റെ ഡിസൈനര്‍ അബിദുർ ചൗധരിയാണ്.
'ഭാവിയുടെ ഒരു ഭാഗം പോലെ തോന്നിക്കുന്ന ഒരു ഐഫോൺ നിർമ്മിക്കാൻ" ആപ്പിൾ ആഗ്രഹിച്ചിരുന്നുവെന്ന് അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്റെ ഇൻഡസ്ട്രിയൽ ഡിസൈനർ അബിദുർ ചൗധരി പറയുന്നു.നിങ്ങള്‍ വിശ്വാസത്തിലെടുക്കേണ്ട വിരോധാഭാസമാണിതെന്നാണ് ഐഫോൺ 17 എയറിനെക്കുറിച്ച് അബിദുർ ലോഞ്ചിങ് പരിപാടിക്കിടെ വിശേഷിപ്പിച്ചത്.
ആരാണ് അബിദുർ ചൗധരി?
ഇംഗ്ലണ്ടിലെ ലണ്ടനിൽ ജനിച്ചു വളർന്ന അബിദുർ ചൗധരി ഇപ്പോൾ സാൻ ഫ്രാൻസിസ്കോയിലെ ഡിസൈനറാണ്. "പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ഇഷ്ടപ്പെടുന്ന" ഒരാളാണ് താനെന്നാണ് അബിദുര്‍ സ്വയം വിശേഷിപ്പിക്കുന്നത്.കൂടാതെ ആളുകള്‍ക്ക് ഇതില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു.
ലൗബറോ സർവകലാശാലയിൽ നിന്നാണ് അബിദുർ ചൗധരി ബിരുദം പൂര്‍ത്തിയാക്കിയത്. പ്രൊഡക്ട് ഡിസൈനിങ് ആന്‍റ് ടെക്നോളജിയില്‍ ബാച്ചിലേഴ്സ് ബിരുദം നേടി. വിദ്യാർഥിയായിരുന്ന സമയത്ത് പ്രൊഡക്ട് ഡിസൈനിങ്ങിനുള്ള 3D ഹബ്സ് സ്റ്റുഡന്റ് ഗ്രാന്റ്, ജെയിംസ് ഡൈസൺ ഫൗണ്ടേഷൻ ബർസറി, ന്യൂ ഡിസൈനേഴ്‌സ് കെൻവുഡ് അപ്ലയൻസസ് അവാർഡ്, സെയ്‌മൂർ പവൽ ഡിസൈൻ വീക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, "പ്ലഗ് ആൻഡ് പ്ലേ" ഡിസൈനിന് 2016 ൽ റെഡ് ഡോട്ട് ഡിസൈൻ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
യുകെയിലെ കേംബ്രിഡ്ജ് കൺസൾട്ടന്റ്സിലും കുർവെന്റയിലും അദ്ദേഹം ഇന്റേൺഷിപ്പ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ലണ്ടനിലെ ലെയർ ഡിസൈനിൽ ഇൻഡസ്ട്രിയൽ ഡിസൈനറായി ജോലി ആരംഭിച്ചു.
2018 മുതൽ 2019 വരെ, അബിദുർ ചൗധരി ഡിസൈൻ എന്ന സ്വന്തം കൺസൾട്ടൻസി നടത്തി. ഡിസൈൻ ഏജൻസികൾ, നൂതന കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി സഹകരിച്ച് പ്രൊഡക്ടുകളും അവയുടെ ഡിസൈനിങ്ങിലുമാണ് കൺസൾട്ടൻസി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
2019 ജനുവരിയിൽ, കാലിഫോർണിയയിലെ കുപെർട്ടിനോയിൽ ആപ്പിളിൽ ഇൻഡസ്ട്രിയൽ ഡിസൈനറായി ജോലി ആരംഭിക്കുന്നത്. അവിടെന്നിങ്ങോട്ട് പുതുതായി പുറത്തിറക്കിയ ഐഫോൺ എയർ ഉൾപ്പെടെ കമ്പനിയുടെ ഏറ്റവും പുതിയ പ്രൊഡക്ടുകളുടെ ഡിസൈനിങ്ങുകളിലും ചെയ്യുന്നതിൽ അബിദുർ ചൗധരി പങ്കാളിയായി.
ഐഫോൺ എയറും ഐഫോൺ 17 സീരീസും
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണാണ് ഐഫോൺ എയർ . ഐഫോൺ എയറിനൊപ്പം, അപ്‌ഗ്രേഡ് ചെയ്ത ക്യാമറകൾ, പുതിയ ആപ്പിൾ എ 19 പ്രോ ചിപ്പ്, വലിയ ഡിസ്‌പ്ലേകൾ എന്നിവ ഉൾക്കൊള്ളുന്ന ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. . ഇന്ത്യൻ വിപണിയിൽ ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളും പുതിയ കളർ വേരിയന്റുകളും പുതിയ മോഡലുകള്‍ ലഭ്യമാണ്.
Adjust Story Font
16

