Quantcast

ഫേസ് ബുക്കിന് ഇന്നലെ എന്താണ് സംഭവിച്ചത്? സാങ്കേതിക വിദഗ്ധർ പറയുന്നു

ഫേസ് ബുക്കിന്റെ ബിജിപി സംവിധാനം പിൻവലിച്ചതാകാം കാരണമെന്ന് വിദഗ്ധർ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-05 04:36:05.0

Published:

5 Oct 2021 3:57 AM GMT

ഫേസ് ബുക്കിന് ഇന്നലെ എന്താണ് സംഭവിച്ചത്? സാങ്കേതിക വിദഗ്ധർ പറയുന്നു
X

ഇന്നലെ രാത്രിയോടെയാണ് ഫേസ് ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനം നിശ്ചലമായത്. ഇന്നലെ സംഭവിച്ച പ്രശ്‌നത്തിനു കാരണം തേടി കൊണ്ടിരിക്കുകയാണ് ടെക് ലോകം. എന്നാൽ ചില സാങ്കേതിക വിദഗ്ധർ ഫേസ് ബുക്ക് സെർവ്വർ ഡൗണായതിന്റെ കാരണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അവ എന്താണെന്ന് നോക്കാം.

ഫേസ് ബുക്കിന്റെ ഡോമെയിൻ നെയിം സിസ്റ്റം (Domain name system, DNS ) ലഭ്യമാവാതിരുന്നതാണ് ഇന്നലെയുണ്ടായ പ്രശ്‌നത്തിനു കാരണമെന്ന് സൈബർത്രേറ്റ് ഇന്റലിജൻസ് കമ്പനിയായ ബാഡ് പാക്കറ്റ് ചീഫ് റിസർച്ച് ഓഫീസർ ട്രോയ് മുർഷ് പറയുന്നു. ഫോൺ നമ്പറുകൾ പേരുകളായി സൂക്ഷിക്കാൻ കഴിയുന്ന സാധാരണ ഫോൺ ബുക്ക് പോലെയുള്ള സംവിധാനമാണ് ഡിഎൻഎസ്. ഇന്റർനെറ്റിന്റെ ഫോൺ ബുക്കെന്നാണ് പൊതുവെ ഡിഎൻഎസിനെ വിശേഷിപ്പിക്കുന്നത്. നമ്മൾ ടൈപ്പ് ചെയ്യുന്ന ഹോസ്റ്റ് പേരുകൾ ഒരു URL ടാബിലേക്കു വിവർത്തനം ചെയ്യുന്ന സംവിധാനമാണ് ഡിഎൻഎസ്. ഉദാഹരണമായി facebook.com പോലെയുള്ള IP വിലാസങ്ങളിലേക്കു ഡിഎൻഎസ് ഹോസ്റ്റ് പേരുകളെ വിവർത്തനം ചെയ്യുന്നു. ഇതിനു സംഭവിച്ച തകരാറാണ് ഇന്നലെ ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം നിശ്ചലമാകാൻ കാരണമെന്ന് ട്രോയ് മുർഷ് പറയുന്നു.

പക്ഷേ ഡിഎൻഎസിനു തകരാർ സംഭവിക്കുന്നത് സ്വഭാവികമാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ പൊതുവെ എളുപ്പവുമാണ്. എന്നിട്ടും ഫേസ് ബുക്കിന് അതു സാധിക്കാതിരുന്നത് മറ്റൊരു കാരണത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. ഡിഎൻഎസ് നെയിം സെർവറുകളുടെ ഐപി വിലാസങ്ങൾ അടങ്ങുന്ന ബോർഡർ ഗേറ്റ് വേ പ്രോട്ടോക്കോൾ(ബിജിപി) റൂട്ട് ഫേസ്ബുക്ക് പിൻവലിച്ചതും ഇന്നലെ നേരിട്ട പ്രശ്‌നത്തിനു കാരണമാകാം എന്നും ടെക് ലോകം വിലയിരുത്തുന്നു. ഡിഎൻഎസ് ഇന്റർനെറ്റിന്റെ ഫോൺ ബുക്കാണെങ്കിൽ ബിജിപി അതിന്റെ നാവിഗേഷൻ സംവിധാനമാണ്. ഇന്റർനെറ്റിലുണ്ടാകുന്ന വിവരങ്ങൾ ഏതു വഴിയിലൂടെ സഞ്ചരിക്കണമെന്ന് തീരുമാനിക്കുന്ന സംവിധാനമാണിത്. അപ്രതീക്ഷിതമായി ഫേസ് ബുക്ക് അത് പിൻവലിച്ചതാകാം കാരണമെന്നും സാങ്കേതിക വിദഗ്ധർ പറയുന്നു. ഡിഎൻഎസ് തകരാറിലാകുന്നത് സാധാരണയാണെങ്കിലും ബിജിപിക്ക് സംഭവിക്കുന്ന തകരാറുകൾ വിരളമാണ്. കൂടാതെ മണിക്കൂറോളം പ്രശ്‌നം നേരിടേണ്ടി വന്നതു മൂലം ഫേസ് ബുക്ക് നേരിടാൻ പോകുന്നത് വലിയ പ്രശ്‌നമാണെന്നും വിദഗ്ധർ പറയുന്നു.

അതേസമയം ഫേസ് ബുക്ക് ഉൾപ്പെടെയുള്ള ആപ്പുകളുടെ പ്രവർത്തനം പുന:സ്ഥാപിച്ചെങ്കിലും ഇന്നലെയുണ്ടായ പ്രശ്‌നത്തിന്റെ കാരണം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.സാങ്കേതിക വിദഗ്ധര്ർ ചൂണ്ടി കാണിക്കുന്ന കാര്യങ്ങൾ കമ്പനി ശരിവെച്ചിട്ടുമില്ല. ഇന്നലെ രാത്രി ഒമ്പതു മണിക്കു ശേഷമാണ് ആപ്പുകൾ നിശ്ചലമായത്. ഇന്ന് രാവിലയോടെ അവ വീണ്ടും ഉപയോക്താക്കളിലേക്കു തിരിച്ചെത്തി. എന്നാൽ ഫേസ്ബുക്കിന്റെ ഓഹരി വിപണി 5.5 ശതമാനം ഇടിയുകയും കമ്പനി ഉടമസ്ഥൻ സക്കർ ബർഗിനു 52000 കോടി രൂപ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.

TAGS :
Next Story