Quantcast

പൈറേറ്റഡ് വിൻഡോസിനെതിരെ കണ്ണടച്ച് മൈക്രോസോഫ്റ്റ്; എന്തുകൊണ്ട്?

പൈറേറ്റഡ് വിൻഡോസ് ഉപയോഗിക്കുന്നതിനെ മൈക്രോസോഫ്റ്റ് പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്

MediaOne Logo

abs

  • Published:

    13 Aug 2022 11:32 AM GMT

പൈറേറ്റഡ് വിൻഡോസിനെതിരെ കണ്ണടച്ച് മൈക്രോസോഫ്റ്റ്; എന്തുകൊണ്ട്?
X

ഇന്ത്യയിലെ വ്യക്തിഗത കംപ്യൂട്ടർ ഉപയോക്താക്കളിൽ ബഹുഭൂരിഭാഗവും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പൈറേറ്റഡ് കോപ്പിയാണെന്ന് പഠനം. ഏകദേശം 91 ശതമാനം കംപ്യൂട്ടർ ഉടമകളും ഇത്തരത്തിൽ പൈറേറ്റഡ് (നിയമപരമല്ലാത്ത പകർപ്പവകാശം ലംഘിച്ച് ഉപയോഗിക്കുന്നവ) വിൻഡോസ് ഉപയോഗിക്കുന്നുവെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. ഒരു പുതിയ പേഴ്‌സണൽ കംപ്യൂട്ടർ (പി.സി) അല്ലെങ്കിൽ ലാപ്‌ടോപ്പ് വാങ്ങുമ്പോൾ പോലും 80-85 ശതമാനം ഉപയോക്താക്കൾക്ക്, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പൈറേറ്റഡ് കോപ്പിയാണത്രേ ലഭിക്കുന്നത്. എന്നാൽ ഐടി ഭീമനായ മൈക്രോസോഫ്റ്റിന് ഇതേക്കുറിച്ച് പൂർണ ധാരണയുണ്ട് എന്നതാണ് പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന കൗതുകകരമായ കാര്യം.

ഇത്തരം ഉപയോക്താക്കൾക്കെതിരെ നോട്ടീസ് അയക്കാനും നടപടിയെടുക്കാനും മൈക്രോസോഫ്റ്റിന് സാധിക്കും. പൈറേറ്റഡ് വിൻഡോസ് ഉപയോഗിക്കുന്ന പിസികളുടെയോ ലാപ്ടോപ്പുകളുടെയോ ഉപയോഗം തൽക്ഷണം തടയാനും കമ്പനിക്ക് കഴിയും. എന്നാൽ, ഇത്തരം സംഭവങ്ങളിൽ മൈക്രോസോഫ്റ്റ് കാര്യമായി എടുക്കുന്നില്ല എന്നതാണ് വസ്തുത. ശരിയായ ലൈസൻസില്ലാതെ കമ്പനിയുടെ ഉൽപന്നങ്ങൾ ഒരാൾ ഉപയോഗിക്കുന്നത് കമ്പനിയുടെ വിശ്വസ്യതയെ തന്നെ ചോദ്യംചെയ്യപ്പെടാൻ ഇടയാക്കുമെന്നിരിക്കെ എന്തുകൊണ്ടാണ് മൈക്രോസോഫ്റ്റ് നടപടിയെടുക്കാൻ തയ്യാറാകാത്തത്?

ശരിക്കും പൈറേറ്റഡ് വിൻഡോസ് ഉപയോഗിക്കുന്നതിനെ മൈക്രോസോഫ്റ്റ് പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പഠനറിപ്പോർട്ട് അവകാശപ്പെടുന്നത്. മറ്റേതെങ്കിലും കമ്പനിയുടെ ഉൽപന്നങ്ങൾ ബദലായി ഉപയോഗിക്കുന്നതിന് പകരം മൈക്രോസോഫ്റ്റിന്റെ തന്നെ പൈറേറ്റഡ് കോപ്പി ഉപയോഗിക്കുന്നതാണ് കമ്പനിക്ക് ഉചിതമായി തോന്നുന്നത്.

വിചിത്രമെന്ന് തോന്നുമെങ്കിലും മൈക്രോസോഫ്റ്റിന്റെ സിഇഒയും പ്രസിഡന്റും ചീഫ് ആർക്കിടെക്റ്റും ആയിരിക്കെ ബിൽഗേറ്റ്സ് ഒരു അഭിമുഖത്തിൽ പൈറേറ്റഡ് വിൻഡോസ് ഉപയോഗം സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു. 'ആളുകൾ സോഫ്റ്റ്വെയറുകൾ മോഷ്ടിക്കുകയും പൈറേറ്റഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നിടത്തോളം കാലം അവർ ഞങ്ങളുടെ കമ്പനിയുടെ ഉൽപന്നങ്ങൾ മോഷ്ടിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം' എന്നായിരുന്നു ബിൽ ഗേറ്റ്‌സിന്റെ പ്രസ്താവന.

ബില്‍ ഗേറ്റ്സ്

വിൻഡോസിന്റെ പൈറേറ്റഡ് കോപ്പി ഉപയോഗിക്കാൻ അനുവദിക്കുന്നത്, കമ്പ്യൂട്ടറുകളെ കുറിച്ച് പഠിക്കുന്ന ആളുകൾക്കും കുട്ടികൾക്കും അവരുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ സഹായകമാകുമെന്ന് മൈക്രോസോഫ്റ്റ് കരുതുന്നു. അതുപോലെ, പൈറേറ്റഡ് വിൻഡോസ് ഉപയോഗിക്കുന്ന സ്‌കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെ കണ്ണടക്കുകയാണെകിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇഷ്ടപ്പെടുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും കമ്പനി വിലയിരുത്തുന്നു.

ചുരുക്കത്തിൽ ഏറെ സൗജന്യ ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ നിലവിലുണ്ടെങ്കിലും വിൻഡോസ് തന്നെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് പൈറേറ്റഡ് കോപ്പി പ്രോത്സാഹനത്തിലൂടെ മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. വ്യക്തിഗത ഉപയോഗങ്ങൾക്ക് മാത്രമാണ് മൈക്രോസോഫ്റ്റിന്റെ ഈ സൗകര്യം. എന്നാൽ, പൈറേറ്റഡ് വിൻഡോസ് ഉപയോഗിക്കുന്നത് ബിസിനസ് സ്ഥാപനങ്ങളോ കോർപറേഷനോ ആണെങ്കിൽ കടുത്ത നടപടി തന്നെ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകും. ബിസിനസ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ പൈറേറ്റഡ് വിൻഡോസ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ മൈക്രോസോഫ്റ്റ് അവർക്ക് നോട്ടീസ് നൽകും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

പൈറേറ്റഡ് കോപ്പിക്കെതിരെ മൈക്രോസോഫ്റ്റ് നോട്ടീസ് ലഭിക്കുകയാണെങ്കിൽ ബിസിനസ് സ്ഥാപനങ്ങളോ അല്ലെങ്കിൽ കമ്പനികളോ നിയമാനുസൃത വിൻഡോസ് ലൈസൻസിനായി പണം നൽകണം. ഇതിന് ശേഷം ഇഷ്ടാനുസരണം വിൻഡോസ് കസ്റ്റമൈസ് ചെയ്യാനുള്ള അനുവാദവും കമ്പനി നൽകുന്നുണ്ട്. സോഫ്റ്റ്വെയർ വിൽപനയിൽ മൈക്രോസോഫ്റ്റ് ഏറ്റവും കൂടുതൽ വരുമാനം നേടുന്നത് പോലും ഇങ്ങനെയാണെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.

TAGS :
Next Story