Quantcast

ബിറ്റ്‌കോയിനുണ്ടോ, ഒരു ചായ കുടിക്കാം; പുതിയ സംരംഭവുമായി 22കാരൻ

ക്രിപ്റ്റോ ട്രേഡിങിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി കോളേജ് പഠനം പോലും ഉപേക്ഷിച്ചു. ബിസിഎ അവസാന സെമസ്റ്റർ ആയപ്പോഴാണ് പഠനം നിർത്തിയത്

MediaOne Logo

Web Desk

  • Published:

    20 Sep 2022 12:49 PM GMT

ബിറ്റ്‌കോയിനുണ്ടോ, ഒരു ചായ കുടിക്കാം; പുതിയ സംരംഭവുമായി 22കാരൻ
X

റിസ്ക്ക് എടുക്കുന്നവർക്കേ ലൈഫുള്ളൂ, ചില റിസ്‌ക്കുകൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കും. അത്തരമൊരു റിസ്ക് എടുക്കാൻ നിങ്ങൾ തയ്യാറാണോ? ബംഗളൂരിൽ നിന്നുള്ള ശുഭം സൈനി എന്ന 22കാരൻ കോളേജ് പഠനം ഉപേക്ഷിച്ച് ഏറ്റെടുത്തതും ഒരു റിസ്ക് ബിസിനസാണ്. ഒരു ചായക്കട, അതിലെന്താണ് ഇത്ര പ്രത്യേകത എന്നാണോ?

ഈ ചായക്കടയിൽ പണമടക്കാൻ ബിറ്റ്‌കോയിനും സ്വീകരിക്കും. 30,000 രൂപ മുതൽമുടക്കിലാണ് ശുഭം സൈനി 'ഫ്രസ്ട്രേറ്റഡ് ഡ്രോപ്പ് ഔട്ട്'എന്ന പേരിൽ ഒരു ടീ സ്റ്റാൾ തുടങ്ങിയത്. ഇപ്പോൾ ക്രിപ്റ്റോ പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഈ ചായക്കട. ഇന്ദിരാഗാന്ധി സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയായ സൈനി, ജോലി സാധ്യതകൾ തേടിയാണ് ബംഗളൂരുവിലേക്ക് എത്തിയത്.

പതിയെ ക്രിപ്റ്റോ മാർക്കറ്റ് ട്രേഡിംഗിനെ കുറിച്ച് പഠിക്കുകയും അതിലേക്ക് ഇറങ്ങുകയുമായിരുന്നു. 2020ൽ, വിപണി 60 ശതമാനം ഇടിഞ്ഞതിന് ശേഷം പ്രതീക്ഷിക്കുന്ന ലാഭമില്ലെന്ന് കണ്ട് നിക്ഷേപകരിൽ ഭൂരിഭാഗവും പിന്തിരിഞ്ഞു. പോക്കറ്റ് മണിയായും മറ്റും ലഭിച്ച ഒന്നര ലക്ഷം രൂപ സൈനിയും നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്റെ പോർട്ട്‌ഫോളിയോയിൽ 1000 ശതമാനം വർധനവുണ്ടായതായി സൈനി പറയുന്നു. അധികം വൈകാതെ തന്നെ സൈനിയുടെ ക്രിപ്‌റ്റോ വാലറ്റ് 30 ലക്ഷം രൂപയായി ഉയർന്നു. ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഇത് വലിയൊരു കാര്യം തന്നെയായിരുന്നു എന്ന് സൈനി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

'ഈ നേട്ടം വലിയ പ്രചോദനമാണ് നൽകിയത്. വീട്ടിൽ നിന്ന് പണം ചോദിക്കുന്നത് ഞാൻ നിർത്തി. കോളേജ് ഫീസ് സ്വയം അടച്ചു. ആഡംബര ജീവിതമാണ് നയിച്ചത്. ക്രിപ്റ്റോ ട്രേഡിങിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി കോളേജ് പഠനം പോലും ഉപേക്ഷിച്ചു. ബിസിഎ അവസാന സെമസ്റ്റർ ആയപ്പോഴാണ് പഠനം നിർത്തിയത്. ക്രിപ്റ്റോ ലോകത്തെ അടുത്ത 'രാകേഷ് ജുൻജുൻവാല' ഞാനാണെന്നാണ് കരുതിയത്. പക്ഷേ, ജീവിതം അത്ര എളുപ്പം ആയിരുന്നില്ല'.

2021 ഏപ്രിലിൽ ക്രിപ്‌റ്റോ മാർക്കറ്റ് തകരുകയും മുപ്പത് ലക്ഷത്തിൽ നിന്ന് പഴയ ഒരു ലക്ഷ്യത്തിലേക്ക് സൈനി തിരികെയെത്തുകയും ചെയ്തു. തൊണ്ണൂറ് ശതമാനത്തോളം ഇടിവാണ് ക്രിപ്റ്റോ മാർക്കറ്റിൽ ഉണ്ടായത്. മാതാപിതാക്കളോട് പണം ചോദിക്കാൻ കഴിയാത്തതിനാൽ ഐ ഫോൺ വരെ വിൽക്കേണ്ടി വന്നു സൈനിക്ക്. എന്നാൽ, തോറ്റുപിന്മാറാൻ സൈനി തയ്യാറായിരുന്നില്ല. അങ്ങനയാണ് 'ഫ്രസ്ട്രേറ്റഡ് ഡ്രോപ്പ് ഔട്ടിന്റെ' ജനനം.

ബാംഗ്ലൂരിലെ മാറത്തഹള്ളിയിൽ നിന്നാണ് പി2പി പേയ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന ആശയം സൈനിക്ക് ലഭിക്കുന്നത്. അവിടെ ഉപഭോക്താക്കൾ ഭക്ഷണം കഴിച്ചിട്ട് ബിറ്റ്‌കോയിൻ നല്കാൻ ശ്രമിച്ചപ്പോൾ സൈനി ആശ്ചര്യപ്പെട്ടു. ചായ പോലെ ലളിതമായ എന്തെങ്കിലും വാങ്ങാൻ ക്രിപ്‌റ്റോ ഉപയോഗിക്കുന്നതിന്റെ ജനപ്രീതി അവിടെ നിന്നാണ് തനിക്ക് മനസിലായതെന്ന് സൈനി പറയുന്നു. ഇപ്പോൾ ആഴ്ചയിൽ ശരാശരി 20 പുതിയ ഉപഭോക്താക്കൾ പേയ്‌മെന്റിനായി ക്രിപ്റ്റോ കറൻസിയാണ് നൽകുന്നതെന്ന് സൈനി അവകാശപ്പെടുന്നു.

TAGS :
Next Story