Quantcast

ആപ്പിള്‍ പ്രേമികള്‍ അറിഞ്ഞിരിക്കണം, ഐഫോണ്‍ 7, 7 പ്ലസിന്റെ അഞ്ച് തകരാറുകള്‍

MediaOne Logo

Alwyn K Jose

  • Published:

    13 May 2018 2:25 AM GMT

ആപ്പിള്‍ പ്രേമികള്‍ അറിഞ്ഞിരിക്കണം, ഐഫോണ്‍ 7, 7 പ്ലസിന്റെ അഞ്ച് തകരാറുകള്‍
X

ആപ്പിള്‍ പ്രേമികള്‍ അറിഞ്ഞിരിക്കണം, ഐഫോണ്‍ 7, 7 പ്ലസിന്റെ അഞ്ച് തകരാറുകള്‍

ആപ്പിള്‍ ഏറെ ആവേശത്തോടെ പുറത്തിറക്കിയ പുതിയ ഐഫോണ്‍ മോഡലുകള്‍ അതിലേറെ ആവേശത്തോടെയായിരുന്നു ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.

ആപ്പിള്‍ ഏറെ ആവേശത്തോടെ പുറത്തിറക്കിയ പുതിയ ഐഫോണ്‍ മോഡലുകള്‍ അതിലേറെ ആവേശത്തോടെയായിരുന്നു ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. എന്നാല്‍ പുതിയ ഐഫോണ്‍ മോഡലുകളെ പറ്റി ഉയരുന്ന പരാതികള്‍ തുടക്കത്തില്‍ തന്നെ കല്ലുകടിയാകുകയാണ്.

ഐഫോണ്‍ 7, 7 പ്ലസ് മോഡലുകള്‍ക്കായി മുന്‍കൂട്ടി ബുക്കു ചെയ്തവര്‍ ആപ്പിള്‍ സ്റ്റോര്‍ തുറക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ക്യൂവില്‍ ഇടംപിടിച്ചത് വാര്‍ത്തയായിരുന്നു. മറ്റു മോഡലുകളെക്കാള്‍ കൂടുതല്‍ സുന്ദരന്‍മാരായാണ് ഇവരെത്തിയതും. അതുകൊണ്ടു തന്നെ ഐഫോണ്‍ പ്രേമികള്‍ പുതുമുഖള്‍ക്കായി തിരക്കുകൂട്ടി. എന്നാല്‍ വാങ്ങിയവരില്‍ ചിലര്‍ക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. പരാതിക്കാര്‍ക്ക് ഫോണ്‍ മാറ്റി നല്‍കി ബഗ്ഗുകള്‍ പരിഹരിക്കാനാണ് ആപ്പിളിന്റെ ശ്രമം. ഏതായാലും ഐഫോണ്‍ 7, 7 പ്ലസ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമ്പോഴേക്കും പൂര്‍ണമായും ബഗ്ഗുകള്‍ ഒഴിക്കിയിരിക്കുമെന്നാണ് ആപ്പിള്‍ നല്‍കുന്ന ഉറപ്പ്.

വലിയ വില കൊടുത്ത് വാങ്ങിയ ഐഫോണ്‍ പുതിയ മോഡലുകളില്‍ നിന്ന് ചീറ്റല്‍ ശബ്ദം കേട്ടത് പല ഉപഭോക്താക്കളെയും പരിഭ്രാന്തരാക്കി. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതിയും ഇതു തന്നെയായിരുന്നു. ഈ തകരാറിന് ഹിസ്ഗേറ്റ് എന്ന് പേരിടുകയും ചെയ്തു കഴിഞ്ഞു. പരാതിപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്ക് ആപ്പിള്‍ ഫോണ്‍ മാറ്റിനല്‍കി. ഐഫോണിന്റെ ചില ഇലക്ട്രോണിക് ഭാഗങ്ങളില്‍ നിന്നാണ് ഈ വിചിത്രശബ്ദത്തിന്റെ ഉത്ഭവം. ഐഫോണില്‍ ഉപയോഗിച്ചിരിക്കുന്ന എ10 ഫ്യൂഷന്‍ പ്രൊസസറാണ് ഈ വിചിത്ര ശബ്ദമുണ്ടാക്കുന്നതെന്നും സൂചനയുണ്ട്.

ഐഫോണ്‍ 7, 7 പ്ലസിന്റെ ഹോം ബട്ടനുകള്‍ക്കാണ് മറ്റൊരു തകരാറുള്ളത്. ടച്ച് സെന്‍സര്‍ ബട്ടനായ ഇത് പ്രവര്‍ത്തക്ഷമമാകണമെങ്കില്‍ ഉപഭോക്താവിന്റെ ത്വക്കുമായി സമ്പര്‍ക്കമുണ്ടാകണം. ഡിസ്‍പ്ലേയിലും ടച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ ത്വക്കിന്റെ സമ്പര്‍ക്കം വേണം. തണുപ്പുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ടച്ച് സ്ക്രീന്‍ ഗ്ലൌസ് പുതിയ ഐഫോണുകളില്‍ പ്രവര്‍ത്തിക്കില്ലെന്നാണ് പരാതി. ഇത് ഇന്ത്യ പോലുള്ള ചൂട് കാലാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രശ്നമാകില്ല. തണുപ്പേറിയ രാജ്യങ്ങളിലുള്ളവരാണ് കൂടുതലും ഗ്ലൌസ് ധരിക്കുക. വീടിനും ഓഫീസിനും പുറത്തിറങ്ങുമ്പോള്‍ ഓരോ തവണയും ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും ടച്ച് സ്ക്രീന്‍ പ്രവര്‍ത്തിപ്പിക്കാനും ഗ്ലൌസ് ഊരിവെക്കേണ്ടി വരുമെന്നതാണ് പരാതിക്ക് അടിസ്ഥാനം.

പുതിയ ഐഫോണുകളെ കൂടുതല്‍ സുന്ദരന്‍മാരാക്കിയത് നിറങ്ങളില്‍ വരുത്തിയ പുതുമ തന്നെയായിരുന്നു. ഇതില്‍ കണ്ണാടി പോലെ തിളക്കമുള്ള ജെറ്റ് ബ്ലാക്ക് നിറത്തിലിറങ്ങുന്ന ഐഫോണുകളായിരുന്നു കൂടുതല്‍ ജനപ്രിയം. ആപ്പിള്‍ നേരത്തെ തന്നെ ഇതിന്റെയൊരു ന്യൂനത മുന്നറിയിപ്പായി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും അപ്പോള്‍ ചെവിക്കൊള്ളാന്‍ ഉപഭോക്താക്കള്‍ തയാറായില്ല. ജെറ്റ് ബ്ലാക്ക് നിറത്തിലിറങ്ങിയ ഐഫോണ്‍ 7 ഫോണുകള്‍ ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കില്‍ വേഗത്തില്‍ പോറല്‍ വീഴാന്‍ സാധ്യതയുണ്ട്. ഈ മുന്നറിയിപ്പ് അവഗണിച്ചവര്‍ക്ക് പണി കിട്ടിയപ്പോഴാണ് പഠിച്ചത്.

ഐഫോണ്‍ 6 എസ്, 6 പ്ലസുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 7ലും 7 പ്ലസിനും വെവ്വേറെ മോഡം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചില ഉപഭോക്താക്കള്‍ക്ക് മാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു തവണ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലേക്ക് മാറ്റിയാല്‍ ഇത് പിന്നീട് ജനറല്‍ മോഡിലേക്ക് മാറ്റാന്‍ കഴിയുന്നില്ലെന്നാണ് പരാതി. ഇത് പുറത്തിറക്കിയ മുഴുവന്‍ ഐഫോണ്‍ 7, 7 പ്ലസ് മോഡലുകളിലുമില്ല. ചിലര്‍ക്ക് മാത്രമാണ് ഈ പ്രശ്നമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയ ഐഫോണുകളുടെ സ്ക്രീനില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന മഞ്ഞ നിറത്തേക്കുറിച്ചാണ് മറ്റൊരു പരാതി. ഇതിന്റെ കാരണം വ്യക്തമല്ലെങ്കിലും മുഴുവന്‍ ബഗ്ഗുകളും ഉടന്‍ പരിഹരിക്കുമെന്നാണ് ആപ്പിള്‍ ഉറപ്പ് നല്‍കുന്നത്.

TAGS :
Next Story