Quantcast

ഐഫോണ്‍ എസ്‍ഇ കൊതിപ്പിക്കുന്ന വിലയില്‍ ഇന്ത്യയിലെത്തും

MediaOne Logo

Alwyn

  • Published:

    14 May 2018 9:12 AM GMT

ഐഫോണ്‍ എസ്‍ഇ കൊതിപ്പിക്കുന്ന വിലയില്‍ ഇന്ത്യയിലെത്തും
X

ഐഫോണ്‍ എസ്‍ഇ കൊതിപ്പിക്കുന്ന വിലയില്‍ ഇന്ത്യയിലെത്തും

ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയ ഐഫോണുകള്‍ വില്‍പ്പനക്ക് തയാറായതായി റിപ്പോര്‍ട്ട്.

ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയ ഐഫോണുകള്‍ വില്‍പ്പനക്ക് തയാറായതായി റിപ്പോര്‍ട്ട്. ഐഫോണിന്റെ എസ്‍ഇ എന്ന മോഡലാണ് ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മിക്കുന്നത്. സാധാരണക്കാര്‍ക്കെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ എസ്‍ഇയുടെ വില പക്ഷേ 32 ജിബി വേരിയന്റിന് 39,000 രൂപയായിരുന്നു. എന്നാല്‍ മറ്റു കമ്പനികള്‍ ഇതേ സവിശേഷതകളുള്ള സ്‍മാര്‍ട്ട്ഫോണുകള്‍ക്ക് 20000 രൂപയില്‍ താഴെ വിലയിട്ടതോടെ പിന്നെ എങ്ങനെ സാധാരണക്കാര്‍ 39000 രൂപ മുടക്കി ഐഫോണ്‍ എസ്ഇ വാങ്ങും എന്ന ചോദ്യവും ഉയര്‍ന്നു.

ഒടുവില്‍ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഐഫോണ്‍ എസ്ഇയുടെ വില കുറച്ച് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിവിധ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ ഫാക്ടറിയില്‍ കൂട്ടിയിണക്കുന്ന ഐഫോണ്‍ എസ്ഇ വിപണിയിലേക്ക് എത്തുമ്പോള്‍ ആകര്‍ഷകമായ രീതിയില്‍ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്ഇയുടെ 32 ജിബി വേരിയന്റ് 27,200 രൂപക്ക് ഇന്ത്യന്‍ വിപണിയില്‍ കിട്ടുമെന്നാണ് സൂചന. അതായത് പതിനായിരം രൂപയിലേറെ വിലക്കുറവാണ് മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണ്‍ നല്‍കുക. 128 ജിബി വേരിയന്റാണെങ്കില്‍ 37,200 രൂപക്കും ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. “Designed in California, Assembled in India.” എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഐഫോണ്‍ എസ്ഇ മോഡലുകള്‍ ഇതോടെ കൊതിപ്പിക്കുന്ന വിലക്കുറവില്‍ ആപ്പിള്‍ പ്രേമികളിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ വില സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. ഇതേസമയം, തദ്ദേശീയമായി കൂട്ടിയിണക്കപ്പെടുന്ന ഐഫോണുകള്‍ക്ക് വിപണിക്കനുസരിച്ച് ആപ്പിള്‍ വില വ്യത്യാസം വരുത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐഫോണ്‍ 5sനെ പോലെ നാലിഞ്ചു വലിപ്പമാണ് എസ്ഇയിലും. 3D ടച്ച് ഫീച്ചര്‍ ഐഫോണ്‍ 6s ല്‍ അവതരിപ്പിച്ച ശേഷം ഇറങ്ങിയതാണെങ്കിലും SEയ്ക്ക് ആ ഫീച്ചര്‍ ഇല്ല. 12 മെഗാപിക്സൽ പിന്‍ കാമറയ്ക്ക് 4K വിഡിയോ റെക്കോഡു ചെയ്യാനുള്ള ശേഷിയുണ്ട്. 240 fps സ്ലോമോഷന്‍ വീഡിയോ റെക്കോര്‍ഡു ചെയ്യാം എന്നതു കൂടാതെ 'ലൈവ് ഫോട്ടോസും' എടുക്കാം. 1.2 മെഗാപിക്സല്‍ മുന്‍ കാമറയും ഉണ്ട്.

Next Story