Quantcast

വിസ്‍മയകാഴ്ചകളുമായി ലെനോവോയുടെ ടാംഗോ ഫോണ്‍ എത്തി

MediaOne Logo

Alwyn

  • Published:

    21 May 2018 6:07 AM GMT

വിസ്‍മയകാഴ്ചകളുമായി ലെനോവോയുടെ ടാംഗോ ഫോണ്‍ എത്തി
X

വിസ്‍മയകാഴ്ചകളുമായി ലെനോവോയുടെ ടാംഗോ ഫോണ്‍ എത്തി

ചൈനീസ് കമ്പനിയായ ലെനോവോ പുറത്തിറക്കിയ ഫാബ്‌ലറ്റ് ഫോണിന് 29,990 രൂപയാണ് വില. ഫ്ലിപ്പ് കാര്‍ട്ട് വഴിയാണ് ഫാബ് 2 ഇന്ത്യയില്‍ വില്‍പന ആരംഭിച്ചത്.

ലോകത്തെ ആദ്യ ടാംഗോ ഫോണെന്ന വിശേഷണത്തോടെ ലെനോവോയുടെ ഫാബ് 2 പ്രോ വില്‍പ്പനയ്ക്ക്. ചൈനീസ് കമ്പനിയായ ലെനോവോ പുറത്തിറക്കിയ ഫാബ്‌ലറ്റ് ഫോണിന് 29,990 രൂപയാണ് വില. ഫ്ലിപ്പ് കാര്‍ട്ട് വഴിയാണ് ഫാബ് 2 ഇന്ത്യയില്‍ വില്‍പന ആരംഭിച്ചത്.

മൊബൈല്‍ ഫോണുകള്‍ക്ക് മെഷിന്‍ വിഷന്‍ നല്‍കുന്നതിന് ഗൂഗിളിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ടെക്‌നോളജിയുടെ പേരാണ് ടാംഗോ. ഇന്‍ഡോര്‍ നാവിഗേഷന്‍, 3ഡി മാപ്പിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകള്‍ സ്മാര്‍ട്ട്‌ഫോണിലും ഉപയോഗപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. സ്മാര്‍ട്ട്‌ഫോണ്‍ ജിപിഎസിനെ ആശ്രയിക്കുമ്പോള്‍, ടാംഗോ ഫോണുകള്‍ കമ്പ്യൂട്ടര്‍ വിഷന്റെ സഹായത്തോടെ കാണാന്‍ സാധിക്കും. 6.4 ഇഞ്ച് വലിപ്പമുളള ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ലെനോവയുടെ ഫാബ് 2 പ്രോയിലുള്ളത്. റസല്യൂഷന്‍ 1440X2560 പിക്‌സലാണ്. സൂര്യപ്രകാശമോ നേരിട്ടുള്ള വെളിച്ചമോ സ്‌ക്രീനില്‍ പതിഞ്ഞാല്‍ പോലും ഡിസ്‌പ്ലേയില്‍ ഒരു മാറ്റവും സംഭവിക്കാത്ത തരത്തിലുള്ള സ്‌ക്രീനാണ് ഉള്ളത്. 1.8 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രൊസസര്‍, നാല് ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. 16 മെഗാപിക്‌സല്‍ പിന്‍കാമറയ്ക്കും എട്ട് മെഗാപിക്‌സല്‍ മുന്‍കാമറയ്ക്കും പുറമെ ദൂരവും ആഴവുമളക്കുന്ന ഇന്‍ഫ്രാറെഡ് കാമറയും ഫോണിലുണ്ട്. ഷാംപയ്‍ന്‍ ഗോള്‍ഡ് നിറത്തില്‍ മാത്രം ലഭ്യമായ ഫാബ് 2 പ്രോയില്‍ അതിവേഗ ചാര്‍ജിങ് സംവിധാനത്തോടുകൂടിയ 4050 എംഎഎച്ച് ബാറ്ററിയാണുള്ളത്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ഭാരം 259 ഗ്രാമാണ്.

Next Story