Quantcast

ജിയോ അവതരിപ്പിക്കുന്നു, അഞ്ച് അത്ഭുതങ്ങള്‍ കൂടി...

MediaOne Logo

Alwyn

  • Published:

    24 May 2018 11:00 AM GMT

ജിയോ അവതരിപ്പിക്കുന്നു, അഞ്ച് അത്ഭുതങ്ങള്‍ കൂടി...
X

ജിയോ അവതരിപ്പിക്കുന്നു, അഞ്ച് അത്ഭുതങ്ങള്‍ കൂടി...

ടെലികോം കമ്പനികളുടെ കൊള്ളക്ക് കടിഞ്ഞാണിട്ടുകൊണ്ടായിരുന്നു കോര്‍പ്പറേറ്റുകളുടെ തലതൊട്ടപ്പനായ റിലയന്‍സ് ജിയോ അവതരിപ്പിച്ചത്.

ടെലികോം കമ്പനികളുടെ കൊള്ളക്ക് കടിഞ്ഞാണിട്ടുകൊണ്ടായിരുന്നു കോര്‍പ്പറേറ്റുകളുടെ തലതൊട്ടപ്പനായ റിലയന്‍സ് ജിയോ 4ജി അവതരിപ്പിച്ചത്. അതിവേഗതയില്‍ പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് എന്ന ജിയോയുടെ വാഗ്ദാനം മറ്റു ടെലികോം കമ്പനികളുടെ അടിത്തറയിളക്കി. അതുവരെ ഒരു ജിബി ഡാറ്റക്കുള്ള 4ജി ഇന്റര്‍നെറ്റിന് 300 രൂപയും അതിനു മുകളിലും ഈടാക്കി കൊണ്ടിരുന്ന എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങിയ വമ്പന്‍മാരെ നിരക്ക് കുത്തനെ താഴ്ത്താന്‍ നിര്‍ബന്ധിതരാക്കി.

നിരക്ക് കുറക്കുന്നതിനൊപ്പം ഡാറ്റ കൂടുതല്‍ നല്‍കാനും അവര്‍ തയാറായി. എന്നാല്‍ ജിയോയുടെ ഓഫറുകളെ വെല്ലാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ ബിഎസ്എന്‍എല്ലിന് മാത്രമാണ് കഴിഞ്ഞത്. ജിയോയേക്കാള്‍ താഴ്‍ന്ന നിരക്കില്‍ വിപണി പിടിക്കാന്‍ വമ്പന്‍മാര്‍ക്ക് കഴിയാതായതോടെ അവര്‍ ട്രായിയുടെ പക്കല്‍ പരാതിയുമായെത്തി. ട്രായി ജിയോയ്ക്ക് കടിഞ്ഞാണിടാന്‍ തീരുമാനിച്ചു. സൌജന്യ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ജിയോയ്ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ 303 ഉം 309 രൂപയുമുള്ള ഓഫര്‍ പ്രഖ്യാപിച്ച ജിയോ അതിന്റെ സേവന കാലാവധി മൂന്നു മാസമാക്കി നിശ്ചയിച്ചു. അതോടെ വീണ്ടും ജിയോ ഉപഭോക്താക്കള്‍ ഹാപ്പി. ഏതായാലും ജിയോ വെറും 4ജി ഇന്റര്‍നെറ്റില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചു ഉറപ്പിച്ചതാണ്. പുതിയ അ‍ഞ്ച് അത്ഭുതങ്ങളാണ് ജിയോ ഉപഭോക്താക്കള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്.

ജിയോ ഡിടിഎച്ച് സേവനമാണ് അതില്‍ മുന്നില്‍. മറ്റു കമ്പനികളുടെ നട്ടെല്ല് ഇളക്കുന്ന തരത്തിലാകും ജിയോ ഡിടിഎച്ച് എത്തുക. നിലവിലെ വിപണി നിരക്കിനേക്കാള്‍ വന്‍ കുറവില്‍ 50 എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടെ 350 ചാനലുകളാണ് ജിയോ ഡിടിഎച്ചില്‍ ലഭ്യമാകുക. ജിയോ ടിവി ആപ്പും നിങ്ങളുടെ ഫോണില്‍ ജിയോ സിമ്മുമുണ്ടെങ്കില്‍ ഡിടിഎച്ച് സേവനം ലഭ്യമാകും. സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ചും സേവനം ആസ്വദിക്കാം. ജിയോയുടെ ക്ലൌഡ് സ്റ്റോറേജ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ഒരാഴ്ച മുമ്പത്തെ പരിപാടികള്‍ വരെ കാണാനും കഴിയും. ഇതിനോടകം തന്നെ ജിയോ ഡിടിഎച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ജൂണ്‍ - ജൂലൈ മാസത്തോടെ ഔദ്യോഗികമായി ജിയോ ഡിടിഎച്ച് അവതരിപ്പിക്കുമെന്നാണ് സൂചന.

ജിയോ ബ്രോഡ്ബാന്‍ഡ് സേവനമാണ് മറ്റൊരു അത്ഭുതം. ഒരു സെക്കന്റില്‍ ഒരു ജിബി വേഗതയാണ് ജിയോ ബ്രോഡ്ബാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ പരീക്ഷണവും തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഇത് എന്നു മുതല്‍ ഉപഭോക്താവിന് ലഭ്യമാകുമെന്നും ഇതിന്റെ നിരക്ക് എത്രയായിരിക്കുമെന്നതു സംബന്ധിച്ചും വ്യക്തമായ വിവരങ്ങളില്ല. പ്രഥമഘട്ടത്തില്‍ ഹൈദരാബാദിലായിരിക്കും ജിയോ ബ്രോഡ്ബാന്‍ഡ് പൂര്‍ണാര്‍ഥത്തില്‍ ലഭ്യമാകുക.

നിലവില്‍ ലഭ്യമായിട്ടുള്ള ജിയോ മണി വിപുലീകരിക്കാനാണ് റിലയന്‍സിന്റെ പദ്ധതി. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൊബൈല്‍ ഇ വാലറ്റായി ജിയോ മണിയെ വളര്‍ത്താനാണ് പദ്ധതി. ഇതിനൊപ്പം 4G VoLTE ഫീച്ചര്‍ ഫോണ്‍ സംവിധാനമാണ് വരാനിരിക്കുന്ന വലിയൊരു ജിയോ സമ്മാനം. മൈജിയോ, ജിയോടിവി, ജിയോ സിനിമ, ജിയോ മ്യൂസിക് തുടങ്ങിയവക്ക് ഹോമില്‍ തന്നെ പ്രത്യേക ഐക്കണുകളുണ്ടാകും. ക്വാല്‍കോം മീഡിയടെക് പ്രൊസസറോടു കൂടിയ ഫോണിന് 999 നും 1500 രൂപക്കും ഇടയിലാകും വില. ഇതിനൊപ്പം ഹോം ഓട്ടോമേഷന്‍ ഉള്‍പ്പെടെയുള്ള സ്‍മാര്‍ട്ട് ഉല്‍പന്നങ്ങളും ജിയോയില്‍ നിന്നെത്തും. ക്രോംകാസ്റ്റ് പോലുള്ള ഉപകരണം ഇതിനോടകം ജിയോ വികസിപ്പിച്ചു കഴിഞ്ഞു.

Next Story