Quantcast

മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖശോഗിയും ആപ്പിള്‍ വാച്ചും തമ്മിലെന്ത്? വസ്തുതകള്‍ ഇങ്ങനെയാണ്

MediaOne Logo

Web Desk

  • Published:

    22 Oct 2018 2:11 PM GMT

മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖശോഗിയും ആപ്പിള്‍ വാച്ചും തമ്മിലെന്ത്?  വസ്തുതകള്‍ ഇങ്ങനെയാണ്
X

മാധ്യമ പ്രവർത്തകനായ ജമാൽ ഖശോഗി കൊല്ലപ്പെടുന്നതിന് മുൻപ് സൗദിയുടെ ഇസ്താൻബുൾ കോണ്സുലേറ്റിനകത്ത് നടന്ന കാര്യങ്ങളെല്ലാം റെക്കോർഡ് ചെയ്തിരുന്നു എന്നാദ്യം റിപ്പോർട്ട് ചെയ്തത് തുർക്കിഷ് പത്രമായ സബാഹ് ആയിരുന്നു. ഇത് പിന്നീട് നിരവധി പത്ര മാധ്യമങ്ങൾ ഏറ്റെടുക്കുകയുണ്ടായി.

ഖശോഗി അദ്ദേഹത്തിന്റെ ആപ്പിൾ വാച്ചിലെ റെക്കോർഡിങ്ങ് സാധ്യത ഉപയോഗപ്പെടുത്തി സൗദി കോൺസുലേറ്റിനകത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലും തുടർന്നുള്ള സംഭവങ്ങളും റെക്കോർഡ് ചെയ്യുകയും ഇത് പുറത്ത് കാത്ത് നിന്ന പ്രതിശുത വധുവിന് അയച്ചു കൊടുത്തുവെന്നും തുടർന്ന് ആപ്പിൾ ഐ ക്ലൗഡിൽ സൂക്ഷിക്കുകയും ചെയ്തുവെന്നാണ് സബാഹ് പത്രം റിപ്പോർട്ട് ചെയ്തത്. ഖശോഗിയെ ആക്രമിച്ചവർ പിന്നീട് ആപ്പിൾ വാച്ച് കാണുകയും ഖശോഗിയുടെ വിരലടയാളമുപയോഗിച്ച് ലോക്ക് തുറന്ന് ചില റെക്കോർഡിങ്ങുകൾ കളയുകയും ചെയ്തതായി സബാഹ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നിലെ സത്യമെന്ത്? ആപ്പിൾ വാച്ച് ഉപയോഗിച്ച് ശരിക്കും ഇങ്ങനെയെല്ലാം സാധിക്കുമോ?

വസ്തുതയെന്ത് ?

ആപ്പിൾ വാച്ചുകൾക്ക് വിരലടയാളമുപയോഗിച്ച് തുറക്കാനുള്ള സാങ്കേതിക വിദ്യയില്ല, അത് കൊണ്ട് തന്നെ അത് വഴി റെക്കോർഡിങ്ങുകൾ കളയാനും സാധ്യമല്ല. പിന്നെയുള്ള വഴി വാച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ ലോക്ക് തുറന്ന് ഫയൽ കളയുക എന്നതാണ്. ഫോൺ പുറത്തെ ഖശോഗിയുടെ ഭാര്യയുടെ കൈയിലായതിനാൽ ആ ഒരു നീക്കവും സാധ്യമല്ല.

ഇനി റിപ്പോർട്ടിലെ പ്രധാന കാര്യത്തിലേക്ക് വരാം; ആപ്പിൾ വാച്ചിലെ റെക്കോർഡിങ്ങ് വിദ്യയാണല്ലോ ഇതിലെ പ്രധാന വാദം. ആപ്പിൾ വാച്ചിൽ ഒരിക്കലും തന്നെ ഇൻ ബിൽട്ടായി റെക്കോർഡിങ്ങ് ഓപ്‌ഷൻ ലഭ്യമല്ല. നിരവധി തേർഡ് പാർട്ടി ആപ്ലിക്കേഷനുകള്‍ വഴി വേണമെങ്കിൽ റെക്കോർഡിങ്ങ് ലഭ്യമാണ്. ഇനിയഥവാ തന്നെ ഖശോഗി തന്റെ വാച്ചിൽ ഇത് പോലെ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് കോൺസുലേറ്റിനകത്ത് വെച്ച് റെക്കോർഡിങ്ങ് സാധ്യമാക്കിയെന്ന് തന്നെ വെക്കുക. ഇത് ഫോണിലേക്ക് അപ് ലോഡ് ചെയ്യണമെങ്കിൽ അദ്ദേഹം റെക്കോർഡിങ്ങ് ഓഫ് ചെയ്ത് ബ്ലൂടൂത്ത് വഴി ഫോണിലേക്ക് അയക്കണം. പുറത്ത് കാത്ത് നിൽക്കുന്ന പ്രതിശുത വധുവിന്റെ കൈയിലുള്ള ഫോണിലേക്ക് റെക്കോർഡിങ് സാധ്യമാക്കണമെങ്കിൽ തടസ്സങ്ങളില്ലാത്ത ബ്ലൂടൂത്തും ലഭ്യമാകണം. ബ്ലൂ ടൂത്തിന് ഒരു നിശ്ചിത പരിധിയുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ, കോൺസുലേറ്റിന് പുറത്ത് നിൽക്കുന്ന ഖശോഗിയുടെ പ്രതിശുത വധുവിന്റെ കൈയിലുള്ള ഫോണിലേക്ക് ബ്ലൂ ടൂത്ത് വഴി ഫയൽ അയക്കണമെങ്കിൽ അത് കൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ അവർ കാത്ത് നിൽക്കുന്നത് ഖശോഗിയെ ചോദ്യം ചെയ്ത മുറിക്ക് പുറത്താവണം. അങ്ങനെയല്ലായെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഖശോഗിയുടേത് ആപ്പിൾ വാച്ച് 3 ആണെന്നും അത് വഴി എളുപ്പത്തിൽ ഐ ക്ലൗഡിലേക്ക് എത്താമെന്നുമാണ് വേറൊരു ഭാഷ്യം. ഖശോഗിയുടേത് ആപ്പിൾ വാച്ച് 3 യാണെന്ന് അദ്ദേഹത്തിന്റെ തന്നെ ചില ടി വി അഭിമുഖങ്ങൾ ശ്രദ്ധിച്ചാലും വ്യക്തമാണ്. ഇവിടെ പ്രശ്നമെന്തെന്ന് വെച്ചാൽ ഈ രൂപത്തിലുള്ള ആപ്പിൾ വാച്ചുമായി അദ്ദേഹത്തിന് എല്ലായിടത്തും സഞ്ചരിക്കുക അസാധ്യമാണ്. ഫോൺ കൂടി ലഭ്യമായ ഖശോഗിയുടെ ആപ്പിൾ വാച്ച് അദ്ദേഹം ജോലി ചെയ്യുന്ന അമേരിക്കയിലെ മൊബൈൽ കോൺട്രാക്ടുമായിട്ടാണ് ബന്ധിപ്പിച്ചിട്ടുള്ളത്. തുർക്കിയിൽ എത്തിയ ഖശോഗിക്ക് അദ്ദേഹത്തിന്റെ ആപ്പിൾ വാച്ച് ഉപയോഗിക്കണമെങ്കിൽ അവിടുത്തെ എൽ.ടി.ഇ അല്ലെങ്കിൽ യു.എം.ടി.എസ് ബാൻഡുകളുമായി ബന്ധിപ്പിക്കണം. നിലവിൽ തുർക്കിയിൽ അതിനെ പിന്തുണക്കുന്ന മൊബൈൽ കണക്ടിവിറ്റി ലഭ്യമല്ല. അതിനാൽ തന്നെ ആപ്പിൾ ഐ ഫോൺ ഉപയോഗിച്ചല്ലാതെ ആപ്പിൾ വാച്ചിന് ഐ ക്ലൗഡുമായി തുർക്കിയിൽ ബന്ധപ്പെടാൻ സാധ്യമല്ല.

കാര്യങ്ങൾ ഇങ്ങനൊയൊക്കെ യാണെങ്കിലും ഈ ആപ്പിൾ വാച്ച് ഉപയോഗിച്ചുള്ള കഥകൾ വേറെ ഏതോ കഥകളെ മറക്കാനാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

TAGS :
Next Story