ഈ വര്‍ഷം അപ്രത്യക്ഷമായ പ്രമുഖ ടെക്ക് സേവനങ്ങള്‍
പുതിയ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴും കടുത്ത മത്സരങ്ങള്‍ അതിജീവിക്കാനാവാതെ ഇ-ലോകത്ത് നിന്നും അപ്രത്യക്ഷമാവുന്നത് സാധാരണമാണ്

നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് ടെക്ക് ലോകം. അനുദിനം പുതിയ ഫീച്ചറുകളാണ് ഓരോ തരത്തിലായി ഇ-ലോകത്ത് വന്നുകൊണ്ടിരിക്കുന്നത്. പുതിയ പരീക്ഷണങ്ങള്‍ നടന്നു കൊണടിരിക്കുമ്പോഴും കടുത്ത മത്സരങ്ങള്‍ അതിജീവിക്കാനാവാതെ പിന്തള്ളപ്പെട്ട്, തീര്‍ത്തും അപ്രത്യക്ഷമാവുന്നതും സാധാരണമാണ്. ഇത്തരത്തില്‍ 2018ല്‍ ഇതുവരെയായി ഇല്ലാതായ പ്രമുഖ ടെക്ക് സേവന-ഉത്പന്നങ്ങളാണ് ഇവ:
യാഹു മെസഞ്ചര്‍

മെസേജിംഗ് രംഗത്ത് പുതിയ അധ്യായം കുറിച്ച യാഹു മെസഞ്ചര്‍ ഇത്തരത്തില്‍ ഇറങ്ങിയതില്‍ ആദ്യത്തേതായിരുന്നു. പ്രൈവറ്റ് ചാറ്റിംഗിനും, പബ്ലിക്ക് ചാറ്റിംഗിനുമുള്ള ഓപ്ഷന്‍ ഉണ്ടായിരുന്ന യാഹു മെസഞ്ചറിന് മികച്ച പ്രതികരണമാണ് തുടക്കകാലത്ത് ലഭിച്ചത്. ഡെസ്‌ക്കടോപ്പ് ആപ്പ് 2016ല്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു എങ്കിലും, ഈ വര്‍ഷം ജൂലൈയോടെ മെസേജിംഗ് ആപ്പ് തന്നെ നിര്‍ത്തിവെക്കുകയായിരുന്നു.
ഗൂഗിള്‍+

സമൂഹ മാധ്യമങ്ങളുടെ ഇടയിലേക്കുള്ള ഗൂഗിളിന്റെ പ്രവേശനമായിരുന്നു ഗൂഗിള്‍ പ്ലസിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഫെയ്‌സ്ബുക്കിന് ബദലാവാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സൈറ്റ് എന്ന നിലയിലാണ് പ്ലസ് വന്നതെങ്കിലും, വേണ്ടത്ര ജനപ്രിയത് നേടാന്‍ കഴിഞ്ഞില്ല. അതിനിടെ യൂസേഴ്‌സിന്റെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ഉയര്‍ന്നു വന്ന പിഴവുകളും സോഷ്യല്‍ മീഡിയ സൈറ്റ് നിര്‍ത്തുന്നതിലേക്ക് വഴിവെക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കകം സേവനം നിര്‍ത്തി വെക്കുമന്ന് ഗൂഗിള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.
ഗൂഗിള്‍ Allo

അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വലിയ പ്ലാനുകളുമായി ഇറക്കിയ ഗൂഗിള്‍ അല്ലോ പക്ഷെ ഐമെസേജിനോ വാട്‌സ്ആപ്പിനോ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായി മാറിയില്ല. 2016ല്‍ പുറത്തിറക്കി രണ്ടു വര്‍ഷം കൊണ്ടു തന്നെ Allo പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗൂഗിള്‍.
ഗൂഗിള്‍ ഇന്‍ബോക്‌സ്

ഗൂഗിളിന്റെ തന്നെ ഈമെയില്‍ സേവന സൈറ്റായ ജീമെയിലില്‍ നിന്നുള്ളതാണ് ‘ഗൂഗിള്‍ ഇന്‍ബോക്‌സ്’. ജീമെയില്‍ ഉപയോഗം ലളിതമാക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയതാണ് ഇന്‍ബോക്‌സ്. ദിനംപ്രതി ധാരാളം മെയിലുകള്‍ ലഭിക്കുന്നവര്‍ക്ക് ആയാസകരമായി മെയില്‍ പരിശോധിക്കാനും കൈകാര്യം ചെയ്യാനും സഹായകമായതായിരുന്നു ഗൂഗിള്‍ ഇന്‍ബോക്‌സ്. എന്നാല്‍ ജീമെയിലേക്ക് തന്നെ എല്ലാ ഉപയോക്താക്കളുടെ ശ്രദ്ധയും നീങ്ങിയപ്പോള്‍ ഇന്‍ബോക്‌സ് നിര്‍ത്തിവെക്കാന്‍ ഗൂഗിള്‍ തീരുമാനിക്കുകയായിരുന്നു.
ഗൂഗിള്‍ URL ഷോര്‍ട്ടണര്‍

വെബ്‌സൈറ്റ് URLകള്‍ വളരെ എളുപ്പത്തില്‍ ചുരുക്കിയെടുക്കാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ സേവനമായിരുന്നു ഗൂഗിള്‍ യു.ആര്‍.എല്‍ ഷോര്‍ട്ടണര്‍ (Goo.gl). എന്നാല്‍ ഈ ജനപ്രിയ സേവനം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഗൂഗിള്‍ തീരുമാനിക്കുകയായിരുന്നു. പകരം ഫയര്‍ബെയ്‌സ് ഡൈനാമിക്ക് ലിംഗ്‌സ് (FDL) എന്ന പുതിയ പരിഷ്‌കരിച്ച സേവനവുമായി വരാനിരിക്കുകയാണ് ഗൂഗിള്‍.
പാത്ത്

മൊബൈല്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടിറങ്ങിയ സമൂഹ മാധ്യമമായിരുന്നു പാത്ത്. തുടക്കത്തില്‍ അന്‍പത് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി തുടങ്ങിയ പാത്ത് പിന്നീടത് 150ഉം, 500മായി ഉയര്‍ത്തി. തുടക്ക കാലത്ത് വലിയ ജനപ്രീതി നേടിയ പാത്ത് പക്ഷെ ഫെയ്‌സ്ബുക്കിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാകാതെ പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷത്തോടെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് പാത്ത് അറിയിച്ചിട്ടുള്ളത്.
Adjust Story Font
16

