‘ഫേസ്ബുക്ക് പ്രണയം അരുത്’ ആറ് കൊല്ലം പാക് ജയിലില്‍ കിടന്ന യുവാവ് പറയുന്നു
അഫ്ഗാനിസ്ഥാനിലെത്തുകയും പിന്നീട് പാകിസ്താനിലേക്ക് കടക്കുകയും ചെയ്ത അന്‍സാരി നേരെ ചെന്നെത്തുന്നത് പാക് സൈന്യത്തിന്റെ മുന്നില്‍.

ആറ് കൊല്ലം പാകിസ്താനിലെ ജയിലില്‍ കിടന്ന ശേഷം നാട്ടില്‍ തിരിച്ചെത്തിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഹമീദി നിഹാല്‍ അന്‍സാരിക്ക് യുവജനങ്ങളോട് ഒന്നേ പറയാനുള്ളൂ. 'ഒരിക്കലും ഫേസ്ബുക്ക് വഴി പ്രണയിക്കരുത്'! പാകിസ്താന്‍കാരിയായ കാമുകിയെ കാണാനായി അതിസാഹസം കാണിച്ചതാണ് അന്‍സാരിയെ ആറ് വര്‍ഷം തടവിലാക്കിയത്.

പാകിസ്താന്‍ കാരിയായ ഒരു യുവതിയുമായി ഫേസ്ബുക്കിലൂടെ പ്രണയത്തിലായതോടെയാണ് ഹാമിദ് നിഹാല്‍ അന്‍സാരിയുടെ ജീവിതം മാറി മറിയുന്നത്. യുവതിയുടെ വിവാഹം അവരുടെ കുടുംബം നിശ്ചയിച്ചതോടെ എങ്ങനെയെങ്കിലും പാകിസ്ഥാനിലെത്താനുള്ള ശ്രമം ആരംഭിച്ചു. പാകിസ്താനിലേക്കുള്ള വിസയുടെ അപേക്ഷ അധികൃതര്‍ തള്ളിയതോടെ വളഞ്ഞ വഴിയിലൂടെ എങ്ങനെ പാകിസ്താനിലെത്താമെന്നായി.

അതാണ് അഫ്ഗാനിസ്ഥാന്‍ വഴി പാകിസ്താനിലെത്താനുള്ള ശ്രമത്തിന് തുടക്കമിടുന്നത്. അഫ്ഗാനിസ്ഥാനിലെത്തുകയും പിന്നീട് പാകിസ്താനിലേക്ക് കടക്കുകയും ചെയ്ത അന്‍സാരി നേരെ ചെന്നെത്തുന്നത് പാക് സൈന്യത്തിന്റെ മുന്നില്‍. കൈവശം യാതൊരു യാത്രാരേഖകളും ഇല്ലാതിരുന്ന അന്‍സാരിയെ അവര്‍ അറസ്റ്റു ചെയ്ത് ജയിലിലാക്കി. 2012ലാണ് ഇത് സംഭവിക്കുന്നത്. വിചാരണക്കൊടുവില്‍ പാക് സൈനിക കോടതി അന്‍സാരിയെ 2014 ഡിസംബറില്‍ രാജ്യത്ത് അതിക്രമിച്ചു കയറിയ കുറ്റത്തിന് മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചു.
അന്‍സാരിക്ക് അപ്പോഴും ഫേസ്ബുക്ക് കാമുകിയെ നേരില്‍ കാണാന്‍ പോലും സാധിച്ചിരുന്നില്ല. എങ്കിലും അവര്‍ കോടതിയിലെത്തി അന്‍സാരിയുമായി ഫേസ്ബുക്ക് വഴി പരിചയമുണ്ടെന്നും തന്നെ കാണാനാണ് പാകിസ്താനിലെത്തിയതെന്നും ബോധിപ്പിച്ചിരുന്നു. എന്നിട്ടും പാക് കോടതി അന്‍സാരിയെ ശിക്ഷിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നെത്തിയ ചാരനാണെന്ന സംശയത്തിലായിരുന്നു അന്‍സാരിയെ ശിക്ഷിച്ചത്. ഒടുവില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വാഗ അട്ടാരി അതിര്‍ത്തി വഴി അന്‍സാരിയെ ഇന്ത്യക്ക് കൈമാറുന്നത്.

കുടുംബത്തോടൊപ്പം ചേര്‍ന്ന ശേഷം ആറുവര്‍ഷത്തെ ജയില്‍ജീവിതം പഠിപ്പിച്ച കാര്യങ്ങള്‍ അന്‍സാരി പറഞ്ഞതിങ്ങനെ 'ഞാന്‍ ചെയ്തതുപോലൊരു സാഹസം ഇനിയാരും ചെയ്യരുത്. ഫേസ്ബുക്കിലെ വിവരങ്ങള്‍ മാത്രം വിശ്വസിച്ച് ഒരിക്കലും പ്രണയിക്കരുത്. മാതാപിതാക്കളില്‍ നിന്നും ഇത്തരംകാര്യങ്ങളൊന്നും മറച്ചുവെക്കരുത്. വിദേശത്ത് പോകുമ്പോള്‍ ആവശ്യമായ രേഖകള്‍ ഉണ്ടായിരിക്കണം'
Adjust Story Font
16

