പത്ത് ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ വ്യോമസേന പരിശീലിപ്പിക്കുമെന്ന് ഐ.എസ്.ആര്‍.ഒ
പരിശീലനത്തിന്‍റെ രീതികളും മാനദണ്ഡങ്ങളുമെല്ലാം തയ്യാറാക്കി ഐ.എസ്.ആര്‍.ഒ വ്യോമസേനക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അംഗങ്ങളെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനുമുള്ള പൂര്‍ണ്ണ ചുമതല വ്യോമസേനക്കായിരിക്കും

ഇന്ത്യയുടെ ബഹിരാകാശ സ്വപ്ന പദ്ധതിയായ ഗഗന്‍യാനിലേക്കുള്ള പത്ത് ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാനുള്ള ദൌത്യം ഐ.എസ്.ആര്‍.ഒ വ്യോമസേനയെ ഏല്‍പ്പിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയാണ് ഗഗന്‍യാന്‍. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനാണ് ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാനുള്ള ചുമതല വ്യോമസേനക്കായിരിക്കുമെന്ന് വ്യക്തമാക്കിയത്.

വ്യോമസേനയിലെ അംഗങ്ങള്‍ തന്നെയായിരിക്കും ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തെത്തുക. പരിശീലനത്തിന്‍റെ രീതികളും മാനദണ്ഡങ്ങളുമെല്ലാം തയ്യാറാക്കി ഐ.എസ്.ആര്‍.ഒ വ്യോമസേനക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അംഗങ്ങളെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനുമുള്ള പൂര്‍ണ്ണ ചുമതല വ്യോമസേനക്കായിരിക്കും. പരിശീലനത്തിന്‍റെ ഭാഗമായി ആദ്യ രണ്ട് ഘട്ടങ്ങള്‍ ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിനിലായിരിക്കും നടക്കുക. അന്തിമ ഘട്ടം ഇന്ത്യക്ക് പുറത്തായിരിക്കുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചു.

വ്യോമസേന പരിശീലിപ്പിക്കുന്ന 10 പേരില്‍ നിന്ന് യാത്രക്കായി മൂന്നു പേരെയാണ് ഐ.എസ്.ആര്‍.ഒ തെരഞ്ഞെടുക്കുക. റഷ്യയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളിലായിരിക്കും ഇവരുടെ അന്തിമഘട്ട പരിശീലനം നടക്കുക. ബഹിരാകാശ ദൌത്യത്തിന്‍റെ അപകടങ്ങളെ കുറിച്ച് വ്യക്തമായറിയുന്നതിന് രണ്ട് മനുഷ്യരില്ലാത്ത ബഹിരാകാശ യാത്രകളും ഐ.എസ്.ആര്‍.ഒ നടത്തും.
ആദ്യ ആളില്ലാ ബഹിരാകാശ യാത്ര 2020 ഡിസംബറിലായിരിക്കും. 2021 ജൂലൈയില്‍ നടക്കുന്ന രണ്ടാമത്തെ യാത്രയില്‍ റോബോട്ടിനേയും ഉള്‍പ്പെടുത്തും. 2021 ഡിസംബറിലാണ് മനുഷ്യനേയും വഹിച്ചുള്ള ബഹിരാകാശ യാത്ര നടക്കുകയെന്നാണ് ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ. കഴിഞ്ഞ ഡിസംബറില്‍ യൂണിയന്‍ ക്യാബിനറ്റ് 10000 കോടിയുടെ അനുമതി നല്‍കിയതോടെയാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചത്.
Adjust Story Font
16

