Quantcast

ചൊവ്വയുടെ 360 വീഡിയോയുമായി നാസ, ക്യൂരിയോസിറ്റിക്ക് ചൊവ്വയില്‍ സ്ഥലം മാറ്റം

വേര റൂബിന്‍ കുന്നിന് മുകളില്‍ നിന്നുള്ള 360 വീഡിയോ നാസ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 Feb 2019 2:24 PM GMT

ചൊവ്വയുടെ 360 വീഡിയോയുമായി നാസ, ക്യൂരിയോസിറ്റിക്ക് ചൊവ്വയില്‍ സ്ഥലം മാറ്റം
X

ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങളുപയോഗിച്ച് നാസ 360 ഡിഗ്രി വീഡിയോ നിര്‍മ്മിച്ചു. ചൊവ്വയുടെ പ്രതലത്തെക്കുറിച്ച് വിശദമായ കാഴ്ച്ച സമ്മാനിക്കുന്നതാണ് ഈ വീഡിയോ. വേര റൂബിന്‍(Vera Rubin) കുന്ന് എന്നറിയപ്പെടുന്ന മേഖലയുടെ ഏറ്റവും ഉയരത്തില്‍ നിന്നാണ് ക്യൂരിയോസിറ്റി ഈ ചിത്രങ്ങളെടുത്തത്. ഇതിനുശേഷം പുതിയ സ്ഥലത്തേക്ക് ക്യൂരിയോസിറ്റി സഞ്ചാരം ആരംഭിക്കുകയും ചെയ്തു.

വേര റൂബിന്‍ കുന്നിന് മുകളില്‍ നിന്നുള്ള 360 വീഡിയോ നാസ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 19നാണ് ഈ ചിത്രങ്ങള്‍ ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്നും അയച്ചത്. ക്യൂരിയോസിറ്റി ഇറങ്ങിയ ഗാലെ ക്രാറ്റര്‍ എന്ന താഴ്ന്ന ഭാഗത്തേക്കാണ് ഇപ്പോള്‍ പേടകം സഞ്ചരിച്ചിരിക്കുന്നത്.

ഇവിടെയും ക്യൂരിയോസിറ്റി ചൊവ്വയുടെ പ്രതലം കുഴിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. നേരത്തെ ക്യൂരിയോസിറ്റി ശേഖരിച്ച സാമ്പിളുകളില്‍ ഹെമറ്റൈറ്റ് കണ്ടെത്തിയിരുന്നു. ഇരുമ്പില്‍ വലിയ തോതിലുള്ള ഈ അയിര് വെള്ളമുള്ള പ്രദേശത്താണ് കാണപ്പെടുന്നത്. കളിമണ്ണിന് സമാനമായ മണ്ണും ഈ പ്രദേശത്തുണ്ടാകുമെന്നാണ് നിഗമനം.

കഴിഞ്ഞ വര്‍ഷവും നാസ സമാനമായ രീതിയില്‍ ചൊവ്വയുടെ പ്രതലത്തിന്റെ വിശാലമായ ചിത്രം പുറത്തുവിട്ടിരുന്നു. ക്യൂരിയോസിറ്റി വേര റൂബിന്‍ കുന്നിന്‍ മുകളില്‍ നിന്നെടുത്ത 16 വ്യത്യസ്ഥ ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചായിരുന്നു നാസ ഈ കൂറ്റന്‍ ചിത്രം നിര്‍മ്മിച്ചത്. ക്യൂരിയോസിറ്റി ചൊവ്വയില്‍ സഞ്ചരിച്ച വഴികളും കുഴിച്ച സ്ഥലങ്ങളുമെല്ലാം ചിത്രങ്ങളില്‍ നാസ അടയാളപ്പെടുത്തിയിട്ടുണ്ട്. ചൊവ്വയിലെ വേര റൂബിന്‍ കുന്നിന് ഏകദേശം 3.5 ബില്യണ്‍ മുതല്‍ 3.8 ബില്യണ്‍ വരെ വര്‍ഷം പഴക്കമാണ് കണക്കാക്കുന്നത്. ഏകദേശം 154 കിലോമീറ്റര്‍ വിസ്തൃതിയില്‍ ചൊവ്വയെ ചിത്രീകരിക്കാന്‍ ഈ ചിത്രങ്ങളിലൂടെ ക്യൂരിയോസിറ്റിക്കായി.

ക്യൂരിയോസിറ്റി എടുത്ത 16 വ്യത്യസ്ഥ ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ച് നാസ തയ്യാറാക്കിയ ചിത്രം

അമേരിക്കയിലെ ഫ്‌ളോറിഡയിലെ കേപ് കനവരില്‍ നിന്നും 2011 നവംബര്‍ 11നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. 56 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് 2012 ആഗസ്ത് ആറിനാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. ഇതുവരെ ചൊവ്വയില്‍ 18 കിലോമീറ്റര്‍ ക്യൂരിയോസിറ്റി സഞ്ചരിച്ചുകഴിഞ്ഞു. ഇപ്പോഴും ചൊവ്വയുടെ ചിത്രങ്ങളെടുക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ഭൂമിയിലേക്കയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് നാസയുടെ ഈ ബഹിരാകാശ പേടകം.

TAGS :
Next Story