Quantcast

ആപ്പിള്‍ ചതിച്ചു; സ്വകാര്യ വിവരങ്ങള്‍ കമ്പനി വിറ്റുവെന്ന് പരാതി

മൂന്ന് ഐ ട്യൂണ്‍സ് ഉപഭോക്താക്കളാണ് ആദ്യം സാന്‍ഫ്രാന്‍സിസ്കോയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചത്. 

MediaOne Logo

Web Desk

  • Published:

    27 May 2019 11:00 AM GMT

ആപ്പിള്‍ ചതിച്ചു; സ്വകാര്യ വിവരങ്ങള്‍ കമ്പനി വിറ്റുവെന്ന് പരാതി
X

സ്വകാര്യത ഉറപ്പ് നല്‍കിയാണ് ആപ്പിള്‍ ഇതുവരെ ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ അമേരിക്കയില്‍ പതിനായിരക്കണക്കിന് ആളുകളാണ് തങ്ങളുടെ ഡാറ്റ നിയമവിരുദ്ധമായി ആപ്പിള്‍ വിറ്റു എന്നാരോപിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. ആപ്പിളിന്‍റെ മീഡിയാ പ്ലെയറും ഇന്‍റര്‍നെറ്റ് റേഡിയോ ബ്രോഡ്കാസ്റ്ററുമായിട്ടുള്ള ഐ ട്യൂണ്‍സിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ആരോപണം.

തങ്ങള്‍ കേട്ടതും വാങ്ങിയതുമായ പാട്ടുകളുടെയും പോഡ്കാസ്റ്റുകളുടെയും ഡാറ്റയടക്കം കമ്പനി വിറ്റുവെന്നാണ് പരാതി. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പ് നല്‍കുമെന്ന വാഗ്ദാനം നല്‍കി പരസ്യങ്ങള്‍ വരെ ആപ്പിള്‍ ഇറക്കിയിരുന്നു. ആപ്പിള്‍ ഡേറ്റ വിറ്റു എന്ന വാര്‍ത്ത അറിഞ്ഞു ഞെട്ടിയിരിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍.

മൂന്ന് ഐ ട്യൂണ്‍സ് ഉപഭോക്താക്കളാണ് ആദ്യം സാന്‍ഫ്രാന്‍സിസ്കോയി ലെ ഫെഡറല്‍ കോടതിയെ സമീപിച്ചത്. വഞ്ചിക്കപ്പെട്ട പതിനായിരക്കണക്കിന് ഐട്യൂണ്‍സ് ഉപഭോക്താക്കളെ തങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നാണ് പരാതിക്കാര്‍ കോടതിയോട് പറഞ്ഞത്. കേള്‍ക്കുന്നത് എന്തെന്ന് തങ്ങളുടെ അനുമതിയില്ലാതെ കമ്പനി വെളിപ്പെടുത്തി എന്ന ആരോപണമാണ് പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.

ഡാറ്റ വെളിപ്പെടുത്തുകയെന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല അത് വന്‍ ഭീഷണിയുമാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. 136 ഡോളര്‍ നല്‍കിയാല്‍ ആയിരം പേരുടെ വിവരങ്ങള്‍ ആപ്പിളില്‍ നിന്നും ലഭിക്കുമെന്ന് പരാതിക്കാര്‍ പറയുന്നു. ഇതുവഴി ഉയര്‍ന്ന പ്രായമുള്ളവരുടെയും ഉയര്‍ന്ന വരുമാനമുള്ളവരുടെയും കണക്ക് ലഭിക്കുമെന്നാണ് ആരോപണം.

ഈ വിവരങ്ങള്‍ മോഷണങ്ങളും ആക്രമണങ്ങളും നടത്തുന്നവര്‍‌ക്ക് സഹായകമാകുമെന്നാണ് ആക്ഷേപം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് ആപ്പിള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പരാതിക്കാരുടെ ആരോപണം ശരിയെന്ന് തെളി‍ഞ്ഞാല്‍ സ്വകാര്യത ലക്ഷ്യം വെച്ച് മാത്രം ആപ്പിള്‍ വാങ്ങുന്നവര്‍ മാറി ചിന്തിക്കേണ്ടതായി വരും.

TAGS :
Next Story