Quantcast

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ മുന്നേറ്റം

ചൈനീസ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരങ്ങള്‍ക്കിടയിലും സാംസങ് രണ്ടാം സ്ഥാനം നിലനിര്‍ത്തി

MediaOne Logo

Web Desk 5

  • Published:

    14 Aug 2019 9:11 AM GMT

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ മുന്നേറ്റം
X

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഈവര്‍ഷം രണ്ടാം പാദത്തില്‍(ഏപ്രില്‍-ജൂണ്‍) 9.9 ശതമാനത്തിന്റെ വര്‍ധന. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനീസ് കമ്പനികളാണ്. അതില്‍ തന്നെ ഷവോമിയാണ് മുന്നിലുള്ളത്.

തുടര്‍ച്ചയായ പാദങ്ങളില്‍ 4.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയിലെത്തുന്ന വിദേശ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാംസ്ഥാനം ഷവോമി നിലനിര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട് വിപണിയുടെ 28.3 ശതമാനമാണ് ചൈനീസ് കമ്പനി ഫോണുകള്‍ക്കുള്ളത്. ചൈനീസ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരങ്ങള്‍ക്കിടയിലും സാംസങ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള സാംസങ് വിപണിയുടെ 25.3 ശതമാനമാണ്്സ്വന്തമാക്കിയത്.

റെഡ്മി 6എ, റെഡ്മി നോട്ട് 7 പ്രൊ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് ഷവോമിയെ ഒന്നാമതെത്തിച്ചത്. ഗാലക്‌സി എ സീരീസ് ഫോണുകള്‍ സാംസങിനെ തുണച്ചു. ഗാലക്‌സി എ 10, എ2 കോര്‍ എന്നിവക്കൊപ്പം ഗാലക്‌സി എം സീരീസിനും ലഭിച്ച പിന്തുണ സാംസങിന് 20000രൂപക്കുള്ളിലെ സ്മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തില്‍ വലിയ സ്ഥാനമാണ് നേടിക്കൊടുത്തത്.

അതേസമയം, രണ്ടാം പാദത്തില്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളില്‍ മൂന്നാം സ്ഥാനത്തേക്ക് വിവോ കുതിച്ചെത്തുകയും ചെയ്തു. മുന്‍ പാദത്തേക്കാള്‍ 31.6 ശതമാനമെന്ന വന്‍ വളര്‍ച്ചയാണ് വിവോ നേടിയത്. വിവോയുടെ Y91 കഴിഞ്ഞ പാദത്തില്‍ വിറ്റ ആദ്യ അഞ്ച് ഫോണുകളില്‍ ഇടം നേടുകയും ചെയ്തു. 41.0 ശതമാനം വളര്‍ച്ച നേടിയ ഒപ്പോയാണ് നാലാം സ്ഥാനത്ത്. ചൈനീസ് ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ ബി.ബി.കെയുടെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളാണ് ഒപ്പോ, വിവോ, റിയല്‍മി, വണ്‍പ്ലസ് തുടങ്ങിയവയെല്ലാം എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9.9 ശതമാനവും മുന്‍ പാദത്തെ അപേക്ഷിച്ച് 14.8 ശതമാനവും വളര്‍ച്ച നേടിയതായും IDC റിപ്പോര്‍ട്ടിലുണ്ട്. 14000ത്തിനും 20000ത്തിനും ഇടക്ക് വിലയിലുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നവയില്‍ ഭൂരിഭാഗവും. ഈ വില വിഭാഗത്തില്‍ ശ്രദ്ധിച്ച കമ്പനികള്‍ 105.2 ശതമാനമെന്ന വന്‍ കുതിച്ചുചാട്ടവും വില്‍പനയില്‍ നേടി. അതേസമയം, ആഢംബര ഫോണുകളില്‍ ആപ്പില്‍ തന്നെയാണ് മുന്നില്‍. 41.2 ശതമാനമാണ് ആപ്പിളിന്റെ വിപണി വിഹിതം.

TAGS :
Next Story