Quantcast

ആസ്‌ട്രേലിയന്‍ ഓപണില്‍ ജോകോവിച്ച് ഫെഡറര്‍ സ്വപ്ന സെമി

കഴിഞ്ഞ 14 ആസ്‌ട്രേലിയന്‍ ഓപണുകളില്‍ 12ഉം നേടിയത് റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചുമായിരുന്നു...

MediaOne Logo

Web Desk

  • Published:

    29 Jan 2020 4:17 AM GMT

ആസ്‌ട്രേലിയന്‍ ഓപണില്‍ ജോകോവിച്ച് ഫെഡറര്‍ സ്വപ്ന സെമി
X

ആസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷവിഭാഗം സെമി ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചും സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡററും ഏറ്റുമുട്ടും. കടുത്ത പോരാട്ടത്തിനൊടുവില്‍ ഏഴ് മാച്ച് പോയിന്റുകളെ അതിജീവിച്ചാണ് സാന്റ്ഗ്രനെ തോല്‍പിച്ച് ഫെഡറര്‍ സെമിയിലെത്തിയത്. ജോകോവിച്ചാകട്ടെ മിലോസ് റോനിക്കിനെ ആധികാരിമായി തോല്‍പിച്ചാണ് അവസാന നാലിലെത്തിയത്.

മൂന്നാം റൗണ്ടിലേയും ക്വാര്‍ട്ടറിലേയും മാരത്തണ്‍ പോരാട്ടങ്ങള്‍ റോജര്‍ ഫെഡററെ ക്ഷീണിതനാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. മാത്രമല്ല പരിക്കും ഫെഡററെ അലട്ടുന്നുണ്ട്. മൂന്നാം റൗണ്ടില്‍ നാല് മണിക്കൂറിലേറെയും ക്വാര്‍ട്ടറില്‍ മൂന്നര മണിക്കൂറിലേറെയുമാണ് ഫെഡറര്‍ക്ക് കളിക്കേണ്ടി വന്നത്.

കരുത്തുറ്റ സെര്‍വുകളുടെ പെരുമയുമായാണ് കനേഡിയന്‍ താരം റോനിക് ജോകോവിച്ചിനെ ക്വാര്‍ട്ടറില്‍ നേരിടാനെത്തിയത്. ക്വാര്‍ട്ടറിലെത്തുമ്പോള്‍ ഇക്കുറി ആസ്‌ട്രേലിയന്‍ ഓപണില്‍ ഏറ്റവും കൂടുതല്‍ എയ്‌സുകള്‍ തൊടുത്തവരില്‍ നാലാമതായിരുന്നു റോനിക്. എന്നാല്‍ റോനികിന്റെ മികച്ച സെര്‍വുകളെ നിരായുധമാക്കുന്നതായിരുന്നു ടെന്നീസിലെ ഏറ്റവും മികച്ച റിട്ടേണുകള്‍ സ്വന്തമായുള്ള ജോകോവിച്ചിന്റെ പ്രകടനം. ഒടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജോകോവിച്ച് 6-4, 6-3, 7-6(1)ന് കളി ജയിക്കുകയും ചെയ്തു.

ഫെഡററുടെ പരിക്ക് ജോകോവിച്ചിന് കാര്യങ്ങളെ കൂടുതല്‍ എളുപ്പമാക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും മുടന്തിക്കൊണ്ടാണ് ഫെഡറര്‍ കളം വിട്ടത്. പക്ഷേ ഇതുകൊണ്ടോന്നും ഫെഡററെന്ന പോരാളിയെ വില കുറച്ചു കാണാനാകില്ല. മൂന്നാം റൗണ്ടില്‍ സൂപ്പര്‍ ടൈ ബ്രേക്കറില്‍ 4-6ന് പിന്നില്‍ നിന്ന ശേഷം തുടര്‍ച്ചയായി ആറ് പോയിന്റ് നേടിയാണ് ഫെഡറര്‍ കളി ജയിച്ചത്. ക്വാര്‍ട്ടറിലാകട്ടെ ഏഴ് മാച്ച് പോയിന്റുകളെയാണ് ഫെഡറര്‍ അതിജീവിച്ചത്.

1500ലേറെ പ്രൊഫഷണല്‍ ടെന്നീസ് മത്സരങ്ങളില്‍ കളിക്കാനിറങ്ങി വിജയകരമായി പൂര്‍ത്തിയാക്കി കളിക്കാരനാണ് ഫെഡറര്‍. ഇതില്‍ ഒരുതവണ പോലും ഫെഡറര്‍ പാതി വഴിയില്‍ മത്സരം ഉപേക്ഷിച്ചിട്ടില്ല. തോല്‍കാനിഷ്ടമില്ലാത്ത രണ്ട് താരങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ മറ്റൊരു അഞ്ച് സെറ്റ് പോരാട്ടം പ്രതീക്ഷിക്കാം.

TAGS :

Next Story