Quantcast

പരിക്ക്, ഫെഡറര്‍ ഫ്രഞ്ച് ഓപണില്‍ നിന്നും പിന്മാറി

ഇരുപത് വര്‍ഷത്തിലേറെയായി ടെന്നീസ് കളിക്കുന്ന ഫെഡററുടെ രണ്ടാമത്തെ മാത്രം ശത്രക്രിയയാണിത്. കളിക്കളത്തിലേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നില്ല ആദ്യ ശസ്ത്രക്രിയ...

MediaOne Logo

Web Desk

  • Published:

    21 Feb 2020 3:35 AM GMT

പരിക്ക്, ഫെഡറര്‍ ഫ്രഞ്ച് ഓപണില്‍ നിന്നും പിന്മാറി
X

ടെന്നീസ് താരം റോജര്‍ ഫെഡറര്‍ പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ഓപണില്‍ നിന്നും പിന്മാറി കാല്‍മുട്ടിനേറ്റ പരിക്ക് മാറാന്‍ ശസ്ത്രക്രിയ നടത്തിയ സാഹചര്യത്തിലാണ് പിന്മാറ്റം. ട്വിറ്ററിലൂടെയാണ് ഫെഡറര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മെയ് മാസത്തില്‍ നടക്കുന്ന ഫ്രഞ്ച് ഓപണ്‍ അടക്കമുള്ള ടൂര്‍ണ്ണമെന്റുകള്‍ നഷ്ടമാകുമെന്നാണ് ഫെഡറര്‍ കരുതുന്നത്. മൂന്നാം റാങ്കുകാരനായ ഫെഡറര്‍ 20 ഗ്രാന്റ സ്ലാമുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച ശസ്ത്രക്രിയ കഴിഞ്ഞെന്നും വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ഫെഡറര്‍ അറിയിച്ചു. അതേസമയം ഈ വര്‍ഷത്തെ വിംബിള്‍ഡണില്‍ കളിക്കുമെന്ന പ്രത്യാശയും 38കാരനായ ഫെഡറര്‍ പ്രകടിപ്പിച്ചു.

ജൂണ്‍ 29 മുതലാണ് വിംബിള്‍ഡണ്‍ ആരംഭിക്കുക. എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് ഫെഡറര്‍. ഇവിടെ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ രണ്ട് തവണ ചാമ്പ്യന്‍ഷിപ്പ് പോയിന്റിലെത്തിയ ശേഷമാണ് ഫെഡറര്‍ ജോക്കോവിച്ചിനോട് അടിയറവ് പറഞ്ഞത്. പ്രായം കൂടുന്നതോടെ തിരിച്ചുവരവിനുള്ള വെല്ലുവിളികള്‍ ഏറുമെങ്കിലും ഫെഡററുടെ കാര്യത്തില്‍ അത്തരം കണക്കുകൂട്ടലുകള്‍ക്ക് പ്രസക്തിയില്ല.

കരിയറില്‍ നേരത്തെ ഒരു തവണ മാത്രമാണ് ഫെഡറര്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ളത്. 2016ല്‍ ഇടത്തേകാല്‍ മുട്ടിന് പരിക്കേറ്റത് കളിക്കളത്തില്‍ നിന്നായിരുന്നുമില്ല. തന്റെ ഇരട്ടപെണ്‍കുട്ടികളെ കുളിപ്പിക്കുന്നതിനിടെ പെട്ടെന്ന് നീങ്ങിയപ്പോള്‍ സംഭവിച്ചതായിരുന്നു അത്. ആറ് മാസത്തിന് ശേഷം ടെന്നീസിലേക്ക് തിരിച്ചെത്തിയ ഫെഡറര്‍ അന്ന് വന്‍ ഫോമിലുമായിരുന്നു. 2017ല്‍ ആസ്‌ട്രേലിയന്‍ ഓപണും വിംബിള്‍ഡണും നേടിയ ഫെഡറര്‍ 2018ല്‍ ആസ്‌ട്രേലിയന്‍ ഓപണും നേടി ഒന്നാം റാങ്കിലുമെത്തി. അത്തരമൊരു തിരിച്ചുവരവാണ് ഫെഡററും ആരാധകരും ഇനിയും പ്രതീക്ഷിക്കുന്നത്.

TAGS :

Next Story