Quantcast

'ഇസ്ഹാന്‍ എന്നാണ് അവന്റെ പിതാവിനെ കാണുകയെന്ന് അറിയില്ല' സാനിയ മിര്‍സ

കഴിഞ്ഞ ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇനിയെന്ത് എന്ന ആശങ്ക വന്നു മൂടി. കുഞ്ഞിനെ വളര്‍ത്തണം പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കണം. ഇതിനിടെ ടെന്നീസിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും...

MediaOne Logo

  • Published:

    16 May 2020 7:41 AM GMT

ഇസ്ഹാന്‍ എന്നാണ് അവന്റെ പിതാവിനെ കാണുകയെന്ന് അറിയില്ല സാനിയ മിര്‍സ
X

കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ എണ്ണമറ്റ ജീവിതങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്. ജീവിതപങ്കാളികളെ പോലും നേരിട്ടു കാണാനാവാതെ വ്യത്യസ്ഥ ജില്ലകളിലും സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കുടുങ്ങിയവര്‍ നിരവധി. അത്തരത്തില്‍ ഇന്ത്യയിലും പാകിസ്താനിലുമായി കുടുങ്ങിയിരിക്കുകയാണ് സാനിയ മിര്‍സയും ജീവിതപങ്കാളിയായ ഷൊഹൈബ് മാലിക്കും. മകന്‍ ഇസ്ഹാന്‍ ഇനിയെന്ന് അവന്റെ പിതാവിനെ കാണുമെന്ന് അറിയില്ലെന്നാണ് സാനിയ മിര്‍സ പങ്കുവെക്കുന്ന ആശങ്ക.

ഇന്ത്യന്‍ എക്‌സ്പ്രസുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിനിടെയാണ് സാനിയ മിര്‍സ ആശങ്കകള്‍ പങ്കുവെച്ചത്. കഴിഞ്ഞ ജനുവരിയിലാണ് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സാനിയ മിര്‍സ ടെന്നീസില്‍ സജീവമായത്. ടൂര്‍ണ്ണമെന്റുകളുടെ തിരക്കില്‍ തുര്‍ച്ചയായ യാത്രയില്‍ സാനിയക്കൊപ്പം മകന്‍ ഇസ്ഹാനുമുണ്ടായിരുന്നു. ലോക്ഡൗണിന് തൊട്ടുമുമ്പാണ് സാനിയ ടെന്നീസ് ടൂര്‍ണ്ണമെന്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയത്.

ഷുഹൈബ് മാലിക്കാകട്ടെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ക്രിക്കറ്റ് കളിക്കുന്നുമുണ്ട്. അതുകൊണ്ട് പാകിസ്താനിലും കുടുങ്ങി. മാത്രമല്ല 65 വയസ് പ്രായമുള്ള മാതാവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഷുഹൈബ് മാലിക്കിനുണ്ടെന്ന് സാനിയ ഓര്‍മ്മിപ്പിക്കുന്നു. തങ്ങള്‍ ഇരുവരും പ്രായോഗികമായി ചിന്തിക്കുന്നവരാണെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം പ്രത്യേകിച്ച് കാരണമില്ലാത്ത ആശങ്ക തന്നെ വന്ന് മൂടിയെന്നും സാനിയ മിര്‍സ സൂചിപ്പിക്കുന്നുണ്ട്.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇനിയെന്ത് എന്ന ചിന്തയാണ് തന്റെ ആശങ്ക കൂട്ടിയതെന്നാണ് സാനിയ പറയുന്നത്. എന്താണ് മുന്നിലെന്ന് ഒരു പിടിയുമില്ല. കുഞ്ഞിനെ നോക്കണം. പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന്റെ ഉത്തരാവദിത്വവുമുണ്ട്. ഇതിനിടെ ടെന്നീസിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നതാണ് സത്യമെന്നും സാനിയ തുറന്നു പറയുന്നു.

സാനിയ മിര്‍സയുടെ നേതൃത്വത്തില്‍ കോവിഡ് ദുരിതനുഭവിക്കുന്നവര്‍ക്കുവേണ്ടി 3.5 കോടി രൂപയോളം ശേഖരിച്ചിരുന്നു. ഇതൊന്നും ഒന്നുമാവില്ലെന്ന് അറിയാമെങ്കിലും തന്നാലാവും വിധം സഹായം ചെയ്യുന്നുവെന്നാണ് സാനിയ പറയുന്നത്. കഴിഞ്ഞ ദിവസം ഒരുകുഞ്ഞിനെ ഒക്കത്തും മറ്റൊരു കുഞ്ഞിനെ സ്യൂട്ട് കേസിലുംവെച്ച് തള്ളിക്കൊണ്ട് നടന്നുപോകുന്ന ഒരു അമ്മയുടെ ചിത്രം കണ്ടു. ഇത്തരം കാഴ്ച്ചകള്‍ ഹൃദയം തകര്‍ക്കുന്നതാണ്. ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ ജീവിതം വേദനിപ്പിക്കുന്നതാണെന്നും ഇന്ത്യയുടെ അഭിമാനമായ ടെന്നീസ് താരം പറയുന്നു.

TAGS :

Next Story