കോട്ടയത്ത് ഇത്തവണ വലിയ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് പഞ്ചായത്തില്‍ ഭരണം പിടിച്ചതാണ് ഇവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നത്

കോട്ടയം ജില്ലയില്‍ ഇത്തവണ വലിയ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് പഞ്ചായത്തില്‍ ഭരണം പിടിച്ചതാണ് ഇവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ നേതാക്കള്‍ക്കിടയിലുള്ള ഭിന്നത വലിയ ആശങ്കയും ഉണ്ടാക്കുന്നുണ്ട്. സ്ഥാനാർഥി നിർണ്ണയ ചർച്ചകള്‍ക്ക് ഇന്നലെ തുടക്കമായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായിരുന്നു. ഈ വിജയമാണ് നിയമസഭ തെരഞ്ഞെടുപ്പിലും ഇവർക്ക് ആത്മവിശ്വാസം നല്‍കുന്നത്. കാഞ്ഞിരപ്പള്ളിയാണ് വിജയ പ്രതീക്ഷയില്‍ മുന്നിലുള്ളത്. എന്നാല്‍ ക്രൈസ്തവ സഭകളുടെ നിലപാട് നിർണായകമാകും. ഈ സാഹചര്യത്തില്‍ മത സാമുദായിക താല്പര്യങ്ങള്‍ കൂടി നോക്കിയാകും സ്ഥാനാർഥികളെ നിശ്ചയിക്കുക. ഏറ്റുമാനൂരില്‍ ചേർന്ന ജില്ല ഭാരവാഹികളുടെ യോഗത്തില്‍ സ്ഥാനാർഥി സാധ്യതകള്‍ ചർച്ച ചെയ്തു.
പാല സീറ്റില്‍ ശക്തനായ സ്ഥാനാർഥിയെ കൊണ്ടുവന്ന് മത്സരം കടുപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. പൂഞ്ഞാറില്‍ പിസി ജോർജ്ജിന്‍റെ കാര്യത്തില് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം ജില്ലിയിലെ നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നത സ്ഥാനാർഥി നിർണ്ണയത്തിലും തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്.
Adjust Story Font
16

