'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' തമിഴിലേക്കും തെലുഗിലേക്കും റീമേക്ക് ചെയ്യുന്നു
'ബൂമറാംഗ്' 'ബിസ്‍കോത്ത്' എന്നീ ചിത്രങ്ങളൊരുക്കിയ ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്

ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി നിരവധി പ്രേക്ഷക-നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' രണ്ട് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ്, തെലുഗു എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. തമിഴില്‍ 'ബൂമറാംഗ്' 'ബിസ്‍കോത്ത്' എന്നീ ചിത്രങ്ങളൊരുക്കിയ ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, തെലുഗ് റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതും കണ്ണന്‍ തന്നെയാണ്.
തമിഴിലും തെലുഗിലും പ്രശസ്തയായ ഒരു നടിയാവും മലയാളത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും തെന്നിന്ത്യയില്‍ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടന്‍ നായക താരമാവുമെന്നും സംവിധായകന്‍ പറഞ്ഞു. താരനിര്‍ണ്ണയം പൂര്‍ത്തിയായെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും കണ്ണന്‍ പറഞ്ഞു. പി.ജി മുത്തയ്യയാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകര്‍ ആണ് സംഭാഷണം.
ടോവിനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീസ്ട്രീം ഒ.ടി.ടി വഴിയാണ് ചിത്രം പുറത്തിറങ്ങിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും ഒരുമിച്ച ചിത്രം വലിയ രീതിയിലാണ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്. ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്തത്.
Adjust Story Font
16

