ശരിക്കും ഈ ഫാദര്‍ ബെനഡിക്റ്റ് ആരാണ്? നിഗൂഢതകള്‍ ഒളിപ്പിച്ച് മമ്മൂട്ടിയുടെ പ്രീസ്റ്റിന്‍റെ രണ്ടാം ടീസര്‍
മിസ്റ്ററി, ഹൊറര്‍, ത്രില്ലര്‍ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രം മാര്‍ച്ച് നാലിന് തിയേറ്ററിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ആദ്യത്തെ ടീസര്‍ പോലെത്തന്നെ വളരെയധികം നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചുകൊണ്ടുതന്നെയാണ് രണ്ടാം ടീസറും പുറത്തുവന്നിരിക്കുന്നത്. മിസ്റ്ററി, ഹൊറര്‍, ത്രില്ലര്‍ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രം മാര്‍ച്ച് നാലിന് തിയേറ്ററിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിയേറ്റര്‍ ഓണേഴ്സിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പുതിയ റിലീസുകള്‍ എടുക്കില്ലെന്ന പ്രഖ്യാപനം പ്രീസ്റ്റിന്‍റെ റിലീസും അനിശ്ചിതത്വത്തിലാക്കുകയാണ്.
അതീന്ദ്രീയ ശക്തികളെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദി പ്രീസ്റ്റ് എന്നാണ് കരുതപ്പെടുന്നത്. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നത് അതാണ്. ''നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും,ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഒരു ഡാർക്ക് സോണുണ്ടെന്ന് പറയാറുണ്ട്.'' എന്ന മമ്മൂട്ടിയുടെ ഡയലോഗോടെയാണ് ഒന്നാമത്തെ ടീസർ തുടങ്ങുന്നത്.
മഞ്‍ജു വാര്യര്‍ ആണ് പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്. കരുത്തുറ്റ കഥാപാത്രം തന്നെയാകും ചിത്രത്തില്‍ മഞ്‍ജു വാര്യരുടേത്. മഞ്ജുവിനെക്കൂടാതെ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയയായി ബേബി മോണിക്ക ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.
Adjust Story Font
16

