Quantcast

സിപിഎമ്മിന്‍റെ അന്തിമ സ്ഥാനാർഥി പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത

യുവാക്കൾക്കും പുതുമുഖങ്ങൾക്കും വലിയ പരിഗണന നൽകുന്നതാണ് പട്ടികയെങ്കിലും ആശങ്കകളുമുണ്ട്

MediaOne Logo

  • Published:

    6 March 2021 6:11 AM IST

സിപിഎമ്മിന്‍റെ അന്തിമ സ്ഥാനാർഥി പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത
X

സിപിഎമ്മിന്‍റെ അന്തിമ സ്ഥാനാർഥി പട്ടികയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും. യുവാക്കൾക്കും പുതുമുഖങ്ങൾക്കും വലിയ പരിഗണന നൽകുന്നതാണ് പട്ടികയെങ്കിലും ആശങ്കകളും കുറവല്ല. ഉറപ്പായും വിജയിക്കാവുന്ന പല മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാർ മാറിയാല്‍ വിജയ സാധ്യത ഇല്ലാതാക്കുമെന്നാണ് ആശങ്ക. കീഴ്ഘടകങ്ങളുടെ വികാരം കൂടി പരിഗണിച്ചാകും അന്തിമ പട്ടിക.

രണ്ട് ടേമിൽ കൂടുതൽ തുടർച്ചയായി വിജയിച്ചവരെ മുഖം നോക്കാതെ ഒഴിവാക്കിയാണ് സിപിഎമ്മിന്‍റെ സ്ഥാനാർഥിപ്പട്ടിക. എന്നാൽ ജില്ലാ ഘടകങ്ങളും സാധാരണ പ്രവർത്തകരും ആശങ്കയോടെയാണ് പട്ടികയെ കാണുന്നത്. അമ്പലപ്പുഴ, ആലപ്പുഴ, പൊന്നാനി, അരൂർ, അരുവിക്കര, ഷൊർണൂർ തുടങ്ങി പല മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയത്തിൽ അസ്വാരസ്യങ്ങൾ ഉണ്ട്. ഇന്നാരംഭിക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഇതു സംബന്ധിച്ച പ്രതികരണങ്ങൾ ഉണ്ടാകും. കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള ഘടക കക്ഷികൾക്ക് സിപിഎം കൈമാറിയ സീറ്റുകൾ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്.

രണ്ട് ടേം എന്ന നിബന്ധന മാത്രമാകരുത് സ്ഥാനാർഥിത്വത്തിന് അടിസ്ഥാനമെന്ന് സംസ്ഥാന സമിതിയിൽ തന്നെ വിമർശനമുയർന്നിരുന്നു. എങ്കിലും കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ച നിബന്ധന കർശനമായി പാലിക്കാൻ ആയിരുന്നു സംസ്ഥാന സമിതി തീരുമാനം. പ്രാദേശിക ഘടകങ്ങളിൽ വലിയ എതിർപ്പ് ഉണ്ടായാൽ ഇപ്പോഴത്തെ തീരുമാനം പുനപരിശോധിക്കാനാണ് സാധ്യത. തുടർ ഭരണം ലക്ഷ്യമിടുന്ന സിപിഎം പ്രാദേശിക നേതൃത്വങ്ങളെ അവഗണിച്ച് സ്ഥാനാർഥികളെ തീരുമാനിക്കാൻ ഇടയില്ല. ജില്ലാ - മണ്ഡലം കമ്മിറ്റികളിലെ ചർച്ചയ്ക്കുശേഷം സ്ഥാനാർഥിപ്പട്ടിക സംസ്ഥാന നേതൃത്വം വീണ്ടും പരിശോധിക്കും. എട്ടാം തീയതി സംസ്ഥാന സെക്രട്ടറിയേറ്റും ഒമ്പതിന് സംസ്ഥാന സമിതിയും വീണ്ടും ചേരും. അതിനുശേഷമാകും സ്ഥാനാർഥി പ്രഖ്യാപനം.

TAGS :

Next Story